രോഹിത്തിനെ പുറത്തിരുത്തിയത് ഗൗതം ഗംഭീറിന്റെ തീരുമാനം, ‘പ്രമുഖൻ’ പറഞ്ഞതും കേട്ടില്ല!
Mail This Article
സിഡ്നി∙ ഓസ്ട്രേലിയയ്ക്കെതിരായ നിർണായക ടെസ്റ്റിൽ രോഹിത് ശർമ കളിക്കാതിരിക്കുന്നത് പരിശീലകൻ ഗൗതം ഗംഭീറിന്റെ തീരുമാന പ്രകാരം. മോശം ഫോമിലുള്ള രോഹിത് ശർമയെ സിഡ്നി ടെസ്റ്റ് കളിപ്പിക്കണമെന്ന് ‘ക്രിക്കറ്റ് ഭരണ രംഗത്തുള്ള ഒരു പ്രമുഖൻ’ ഗൗതം ഗംഭീറിനോട് ആവശ്യപ്പെട്ടിരുന്നതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. സിഡ്നി ടെസ്റ്റ് കളിച്ചുകൊണ്ട് കരിയർ അവസാനിപ്പിക്കാൻ രോഹിത്തിനെ അനുവദിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ ഗംഭീർ അതിനു തയാറായില്ല.
സിഡ്നി ടെസ്റ്റ് ജയിച്ച് പരമ്പര സമനിലയിലാക്കി ബോർഡർ– ഗാവസ്കർ ട്രോഫി നിലനിർത്താനാണ് ഗൗതം ഗംഭീറിന്റെ ശ്രമം. പരമ്പര സമനിലയിലായാൽ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിലെത്താനുള്ള സാധ്യതകള്‍ നിലനിർത്താനും ഇന്ത്യയ്ക്കു സാധിക്കും. ഈ സാഹചര്യത്തിൽ രോഹിത് പുറത്തിരിക്കട്ടെ എന്നതായിരുന്നു ഗംഭീറിന്റെ നിലപാട്.
വ്യാഴാഴ്ച ഗൗതം ഗംഭീർ നടത്തിയ വാർത്താ സമ്മേളനത്തിൽ രോഹിത് ശർമ കളിക്കുമോ, ഇല്ലയോ എന്ന കാര്യത്തിൽ പ്രതികരിക്കാന്‍ ഇന്ത്യന്‍ പരിശീലകൻ തയാറായിരുന്നില്ല. ടോസിന്റെ സമയത്ത് ടീം പ്രഖ്യാപിക്കുമെന്നായിരുന്നു ഗംഭീറിന്റെ നിലപാട്. എന്നാൽ രോഹിത് വിശ്രമിക്കാൻ സ്വയം തീരുമാനിക്കുകയായിരുന്നെന്നു സിഡ്നി ടെസ്റ്റിന്റെ ടോസിനെത്തിയ ജസ്പ്രീത് ബുമ്ര പ്രതികരിച്ചു. കഴിഞ്ഞ മൂന്നു ടെസ്റ്റ് മത്സരങ്ങളിലായി 31 റൺസ് മാത്രമാണ് രോഹിത് ശര്‍മ നേടിയത്.