ബുമ്രയെ ചൊറിഞ്ഞ് കോൺസ്റ്റാസ്; അടുത്ത പന്തിൽ ഖവാജയെ ഔട്ടാക്കി ‘മാസ്’ മറുപടി, വെട്ടിത്തിരിഞ്ഞ് കോൺസ്റ്റാസിനരികെ– വിഡിയോ
Mail This Article
സിഡ്നി∙ ഇന്ത്യ – ഓസ്ട്രേലിയ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യ ദിനം മത്സരം അവസാനിപ്പിക്കുന്നതിനു തൊട്ടുമുൻപ് സിഡ്നിയിലെ സ്റ്റേഡിയത്തിൽ നാടകീയ നിമിഷങ്ങൾ. ഓസ്ട്രേലിയയുടെ ഓപ്പണിങ് ബാറ്റർ സാം കോൺസ്റ്റാസും ഇന്ത്യൻ ക്യാപ്റ്റൻ ജസ്പ്രീത് ബുമ്രയും തമ്മിൽ ഉടലെടുത്ത തർക്കമാണ് നാടകീയ സംഭവങ്ങൾക്കു കാരണമായത്. ഒന്നാം ദിനത്തിലെ അവസാന പന്തിൽ ഉസ്മാൻ ഖവാജയുടെ വിക്കറ്റെടുത്താണ് ജസ്പ്രീത് ബുമ്ര, സാം കോൺസ്റ്റാസിനു മറുപടി നൽകിയത്. തുടർന്ന് സാം കോൺസ്റ്റാസിന്റെ അടുത്തേക്ക് കുതിച്ചെത്തി പതിവില്ലാത്ത വിധം ആക്രമണോത്സുകതയോടെ ബുമ്ര വിക്കറ്റ് നേട്ടം ആഘോഷിച്ചതും പുതുമയുള്ള കാഴ്ചയായി.
ഒന്നാം ദിനം കളി അവസാനിപ്പിക്കുന്നതിനു തൊട്ടുമുൻപ് അവസാന പന്തെറിയാൻ ബുമ്ര ഒരുങ്ങിയെങ്കിലും, സ്ട്രൈക്കിലുണ്ടായിരുന്ന ഉസ്മാൻ ഖവാജ പന്തു നേരിടാൻ തയാറായിരുന്നില്ല. അംപയർ ബുമ്രയോട് പന്ത് എറിയരുതെന്നു നിർദേശിച്ചതോടെ, ഇന്ത്യൻ ക്യാപ്റ്റൻ കൈകൾ കൊണ്ട് എന്താണു വൈകുന്നത് എന്ന് ആംഗ്യം കാണിച്ചു ചോദിച്ചു.
ഈ സമയത്ത് നോൺ സ്ട്രൈക്കറായിരുന്ന സാം കോൺസ്റ്റാസ് ഉടൻ തന്നെ വിഷയത്തിൽ ഇടപെട്ടു. രോഷത്തോടെ സംസാരിച്ചുകൊണ്ടു ബുമ്രയുടെ നേരെ തിരിഞ്ഞ കോൺസ്റ്റാസിനെ അംപയർ ഇടപെട്ടാണു പിടിച്ചുനിർത്തിയത്. ബുമ്രയും കോൺസ്റ്റാസിനോടു സംസാരിക്കുന്നുണ്ടായിരുന്നു. എന്നാൽ അവിടെയും തീർന്നില്ല. അടുത്ത പന്തിൽ ഖവാജയെ പുറത്താക്കിയാണ് ബുമ്ര കോൺസ്റ്റാസിനു മറുപടി നൽകിയത്.
ഖവാജയുടെ ബാറ്റിൽ തട്ടിയ പന്ത് സ്ലിപ്പിൽ നിൽക്കുകയായിരുന്ന കെ.എൽ. രാഹുൽ കയ്യിലൊതുക്കിയതോടെ ഖവാജ പുറത്ത്. പന്ത് രാഹുലിന്റെ കൈകളിലെത്തുന്നതു കണ്ട് ആവേശത്തോടെ മുന്നോട്ടു കുതിച്ച ബുമ്ര, പെട്ടെന്ന് വെട്ടിത്തിരിഞ്ഞ് സാം കോൺസ്റ്റാസിനു നേരെ തിരിയുകയായിരുന്നു. സ്ലിപ്പിൽ നില്‍ക്കുകയായിരുന്ന വിരാട് കോലിയും അലറിക്കൊണ്ട് കോൺസ്റ്റാസിനു നേരെ ഓടിയെത്തി.
അപ്രതീക്ഷിതമായി സംഭവിച്ച തിരിച്ചടിയിൽ സാം കോൺസ്റ്റാസ് പകച്ചുപോയെന്നു ദൃശ്യങ്ങളിൽനിന്നു വ്യക്തം. ബുമ്ര പിന്നാലെയെത്തി ‘ചൊറിഞ്ഞെങ്കിലും’, ഒന്നും മിണ്ടാതെ ഉസ്മാൻ ഖവാജയ്‌ക്കൊപ്പം പവലിയനിലേക്കു മടങ്ങുകയാണ് കോൺസ്റ്റാസ് ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ആദ്യ ദിവസം കളി അവസാനിപ്പിക്കുമ്പോൾ ഒന്നാം ഇന്നിങ്സിൽ മൂന്ന് ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ഒൻപതു റൺസെന്ന നിലയിലാണ് ഓസ്ട്രേലിയ. ഉസ്മാൻ ഖവാജ 10 പന്തിൽ രണ്ടു റൺസെടുത്തു. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 185 റൺസിന് ഓൾഔട്ടായി. 98 പന്തിൽ 40 റൺസെടുത്തു പുറത്തായ ഋഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്കോറർ. രവീന്ദ്ര ജഡേജ (95 പന്തിൽ 26), ജസ്പ്രീത് ബുമ്ര (17 പന്തിൽ 22), ശുഭ്മൻ ഗിൽ (64 പന്തിൽ 20), വിരാട് കോലി (69 പന്തിൽ 17) എന്നിവരാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്കോറർമാർ.