സ്റ്റാർക്കിന്റെ ഏറുകൊണ്ട് വലഞ്ഞ് ഋഷഭ് പന്ത്, കയ്യിൽ പരുക്ക്; ഗ്രൗണ്ടിൽ വീണ് വാഷിങ്ടൻ സുന്ദർ– വിഡിയോ
Mail This Article
സിഡ്നി∙ അഞ്ചാം ടെസ്റ്റിൽ ഓസ്ട്രേലിയൻ ബോളർമാരുടെ ഏറു കൊണ്ട് വലഞ്ഞ് ഇന്ത്യൻ താരം ഋഷഭ് പന്ത്. മിച്ചൽ സ്റ്റാർക്കിന്റെ പന്തുകൾ ഋഷഭ് പന്തിന്റെ കയ്യിലും ഹെൽമറ്റിലും ഇടിച്ചതിനെ തുടർന്ന് ഇന്ത്യൻ താരത്തിന്റെ ബാറ്റിങ് തടസ്സപ്പെട്ടു. 35–ാം ഓവറിലാണ് സ്റ്റാർക്കിന്റെ ഏറ് ഋഷഭ് പന്തിന്റെ കയ്യിൽ തട്ടുന്നത്. ഷോർട്ട് ലെങ്ത് ബോള്‍ പതിച്ചതോടെ പന്തിന്റെ കൈ ചുവന്നു തടിച്ച നിലയിലായിരുന്നു.
തുടർന്ന് ടീം ഫിസിയോമാരെത്തി പന്തിന് ചികിത്സ നൽകി. സ്റ്റാർക്കിന്റെ മറ്റൊരു ബോൾ ഋഷഭ് പന്തിന്റെ ഹെൽമറ്റിലാണ് ഇടിച്ചത്. തുടർന്ന് സ്റ്റാർക്ക് അടുത്തെത്തി ഇന്ത്യന്‍ താരത്തിനു കുഴപ്പമൊന്നുമില്ലല്ലോയെന്ന് അന്വേഷിക്കുന്നുണ്ടായിരുന്നു. ഇരുവരും ചേർന്ന് ഋഷഭ് പന്തിന്റെ ഹെൽമറ്റ് പരിശോധിച്ച ശേഷമാണ് ബാറ്റിങ് വീണ്ടും തുടങ്ങിയത്.
മത്സരത്തിനിടെ സ്കോട്ട് ബോളണ്ടിന്റെ ബോൾ കൊണ്ടും ഋഷഭ് പന്തിനു പരുക്കേറ്റിരുന്നു. 98 പന്തിൽ 40 റൺസെടുത്താണ് ഋഷഭ് പന്ത് ആദ്യ ഇന്നിങ്സിൽ പുറത്തായത്. സ്കോട്ട് ബോളണ്ടിന്റെ ഓവറിൽ പാറ്റ് കമിൻസ് ക്യാച്ചെടുത്തായിരുന്നു പന്തിന്റെ പുറത്താകൽ. ബാറ്റിങ്ങിനിടെ ഇന്ത്യൻ താരം വാഷിങ്ടൻ സുന്ദർ പാറ്റ് കമിൻസിന്റെ പന്തു നേരിടാൻ സാധിക്കാതെ ഗ്രൗണ്ടിൽ വീണുപോയിരുന്നു. പന്തിടിച്ച വേദനയിൽ കുറച്ചുനേരം പിച്ചിൽ ഇരുന്ന ശേഷമാണ് വാഷിങ്ടൻ സുന്ദർ വീണ്ടും ബാറ്റിങ് തുടങ്ങിയത്.
ടോസ് വിജയിച്ച് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ആദ്യ ഇന്നിങ്സിൽ 185 റൺസിന് ഓൾഔട്ടായി. ഋഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്കോറർ. രവീന്ദ്ര ജഡേജ (95 പന്തിൽ 26), ജസ്പ്രീത് ബുമ്ര (17 പന്തിൽ 22), ശുഭ്മൻ ഗിൽ (64 പന്തിൽ 20), വിരാട് കോലി (69 പന്തിൽ 17) എന്നിവരാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്കോറർമാർ.