തകർത്തടിച്ച് 29 പന്തിൽ ഫിഫ്റ്റി, 50 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്ത് പന്ത്, ‘എന്തൊരു ബാറ്റിങ്’ എന്ന് സച്ചിൻ– വിഡിയോ
Mail This Article
സിഡ്നി∙ ഓസ്ട്രേലിയയ്‌ക്കെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ തകർത്തടിച്ച് അർധസെഞ്ചറി നേടിയ ഋഷഭ് പന്ത് തകർത്തത് അര നൂറ്റാണ്ട് പഴക്കമുള്ള റെക്കോർഡ്! ഓസീസ് മണ്ണിൽ ഒരു വിദേശ താരം നേടുന്ന വേഗമേറിയ ടെസ്റ്റ് അർധസെഞ്ചറിയെന്ന നേട്ടമാണ് പന്ത് സ്വന്തം പേരിലാക്കിയത്. 29 പന്തിൽ ആറു ഫോറും മൂന്നു സിക്സും സഹിതമാണ് പന്ത് റെക്കോർഡ് വേഗത്തിൽ അർധസെഞ്ചറി പൂർത്തിയാക്കിയത്.
1895ൽ ഇംഗ്ലണ്ടിന്റെ ജോൺ ബ്രൗണും 1975ൽ വെസ്റ്റിൻഡീസ് താരം റോയ് ഫ്രെഡറിക്സും 33 പന്തിൽ നേടിയ അർധസെഞ്ചറികളുടെ റെക്കോർഡാണ് പന്ത് പുതുക്കിയത്. ടെസ്റ്റിൽ ഒരു ഇന്ത്യൻ താരത്തിന്റെ വേഗമേറിയ രണ്ടാമത്തെ അർധസെഞ്ചറി കൂടിയാണിത്. 2022ൽ ബെംഗളൂരുവിൽ ശ്രീലങ്കയ്‌ക്കെതിരെ 28 പന്തിൽ അർധസെഞ്ചറി നേടിയ പന്തിന്റെ തന്നെ പേരിലാണ് ഏറ്റവും വേഗമേറിയ അർധസെഞ്ചറിയുടെ റെക്കോർഡും.
ഓസീസിന്റെ പ്രധാന ബോളറായ മിച്ചൽ സ്റ്റാർക്കിനെതിരെ ഡീപ് മിഡ്‌വിക്കറ്റിലൂടെ നേടിയ പടുകൂറ്റൻ സിക്സറിലൂടെയാണ് പന്ത് അർധസെഞ്ചറി പൂർത്തിയാക്കിയത്. അർധസെഞ്ചറിക്കു തൊട്ടുപിന്നാലെ അതേ ദിശയിൽ സ്റ്റാർക്കിനെതിരെ ഒരിക്കൽക്കൂടി പടുകൂറ്റൻ സിക്സർ നേടിയാണ് പന്ത് നേട്ടം ആഘോഷിച്ചത്.
എന്നാൽ അടുത്ത ഓവറിൽ കമിൻസിന് വിക്കറ്റ് സമ്മാനിച്ച് പുറത്തായി. 33 പന്തിൽ ആറു ഫോറും നാലു സിക്സും സഹിതം 61 റൺസുമായി ഓസീസ് നായകൻ പാറ്റ് കമിൻസിന് ഇന്നിങ്സിലെ ആദ്യ വിക്കറ്റ് സമ്മാനിച്ചാണ് പന്ത് മടങ്ങിയത്.
അതിനിടെ സിഡ്നിയിൽ പന്തിന്റെ ബാറ്റിങ് പ്രകടനത്തെ പുകഴ്ത്തി സൂപ്പർതാരം സച്ചിൻ തെൻഡുൽക്കർ രംഗത്തെത്തി.
‘മിക്ക ബാറ്റർമാരും 50 ശതമാനത്തിനു താഴെ സ്ട്രൈക്ക് റേറ്റിൽ ബാറ്റു ചെയ്തൊരു പിച്ചിൽ, 184 സട്രൈക്ക് റേറ്റിൽ ബാറ്റു ചെയ്ത് അർധസെഞ്ചറി നേടിയ പ്രകടനം ശ്രദ്ധേയമാണ്. ആദ്യ പന്തു മുതൽത്തന്നെ പന്ത് ഓസീസ് ബോളർമാരെ തകർത്തെറിഞ്ഞു. പന്തിന്റെ ബാറ്റിങ് ഏറ്റവും സുന്ദരമായ കാഴ്ചകളിലൊന്നാണ്. എന്തൊരു ഇന്നിങ്സായിരുന്നു അത്’ – സച്ചിൻ കുറിച്ചു.