ബാറ്റിങ്ങിനിടെ ഗില്ലിനെ ‘ചൊറിഞ്ഞ്’ സ്മിത്തും ലബുഷെയ്നും; കെണിയിൽ വീണ് യുവതാരം, ശ്രദ്ധ തെറ്റി പുറത്ത്– വിഡിയോ
Mail This Article
സിഡ്നി∙ ഓസ്ട്രേലിയയ്‌ക്കെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യൻ താരം ശുഭ്മൻ ഗിൽ പുറത്തായത് ഓസീസ് താരങ്ങളുടെ ‘സ്ലെജിങ് കെണി’യിൽ വീണ്. ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് വിശ്രമം അനുവദിച്ചതോടെ ടീമിൽ തിരിച്ചെത്തിയ ശുഭ്മൻ ഗിൽ, 64 പന്തിൽ രണ്ടു ഫോറുകൾ സഹിതം 20 റൺസെടുത്താണ് പുറത്തായത്. നേഥൻ ലയണിന്റെ പന്തിൽ സ്ലിപ്പിൽ സ്റ്റീവ് സ്മിത്തിനു ക്യാച്ച് സമ്മാനിച്ചായിരുന്നു ഗില്ലിന്റെ മടക്കം.
വിക്കറ്റ് നഷ്ടമാക്കുന്നതിനു തൊട്ടുമുൻപ്, സ്റ്റീവ് സ്മിത്തും മാർനസ് ലബുഷെയ്നും ഗില്ലിനെ ‘സ്ലെജ്’ ചെയ്യുന്ന വിഡിയോ പുറത്തുവന്നതോടെയാണ്, ഇവരുടെ പ്രകോപനക്കെണിയിൽ വീണാണ് താരം പുറത്തായതെന്ന് വ്യക്തമായത്.
മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ബാറ്റു ചെയ്യുന്നതിനിടെ, 25–ാം ഓവറിലാണ് സംഭവം. നേഥൻ ലയണിന്റെ പന്ത് നേരിട്ടതിനു തൊട്ടുപിന്നാലെ, ഗിൽ ബാറ്റർമാരുടെ പതിവുശൈലിയിൽ ക്രീസ് വിട്ടിറങ്ങി പിച്ച് പരിശോധിക്കുമ്പോൾ ആദ്യ കമന്റ് മാർനസ് ലബുഷെയ്ൻ വക.
പിന്നാലെ സ്ലിപ്പിൽ നിൽക്കുകയായിരുന്ന സ്മിത്തും ലബുഷെയ്നൊപ്പം ‘സ്ലെജിങ്ങി’ന്റെ ഭാഗമായി. ഗിൽ അനാവശ്യമായി സമയം കളയാൻ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സ്മിത്തിന്റെ അശ്ലീല കമന്റ്. തുടർന്ന് കളി തുടരാമെന്ന് സ്മിത്ത് പറഞ്ഞത് ഗില്ലിന് അത്ര രസിച്ചില്ലെന്ന് അദ്ദേഹത്തിന്റെ പ്രതികരണം വ്യക്തമാക്കി.
‘‘താങ്കൾക്ക് ആവശ്യമുള്ളത്ര സമയം താങ്കളും എടുത്തോളൂ. ആരും താങ്കളോട് ഒന്നും പറയില്ല’ എന്നായിരുന്നു ഗില്ലിന്റെ മറുപടി. ഇതോടെ, സമയം കളയാതെ കളി തുടരൂ എന്നായി സ്മിത്ത്. ‘വേണ്ടത്ര സമയമെടുത്തോളൂ’ എന്ന് പറഞ്ഞ് ലബുഷെയ്നും രംഗത്തെത്തി.
സ്മിത്തിന്റെയും ലബുഷെയ്ന്റെയും കമന്റുകൾക്ക് അതേ നാണയത്തിൽ വാക്കുകളിലൂടെ മറുപടി നൽകിയെങ്കിലും, ഇതോടെ ഗില്ലിന്റെ ശ്രദ്ധ തെറ്റിയെന്ന് തൊട്ടടുത്ത പന്തിൽ വ്യക്തമായി. നേഥൻ ലയണിന്റെ പന്ത് പ്രതിരോധിക്കാനുള്ള ശ്രമത്തിൽ സ്ലിപ്പിൽ സ്റ്റീവ് സ്മിത്തിനു തന്നെ ക്യാച്ച് സമ്മാനിച്ച് ഗിൽ പുറത്തായി. ‘സ്ലെജിങ് ട്രാപ്പി’ൽ ഗിൽ കുടുങ്ങിയതിന്റെ ആവേശത്തിൽ സ്മിത്തിന്റെയും ലബുഷെയ്ന്റെയും വിക്കറ്റ് ആഘോഷം കൂടി ചേർന്നതോടെ സംഭവം വൈറൽ.