ADVERTISEMENT

മുംബൈ∙ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യൻ ടീമിന്റെ ഭാവി പദ്ധതികളിൽ ഇടമില്ലെന്ന വിവരം അജിത് അഗാർക്കിന്റെ നേതൃത്വത്തിലുള്ള സിലക്ഷൻ കമ്മിറ്റി ടീം ക്യാപ്റ്റൻ രോഹിത് ശർമയെ അറിയിച്ചതായി റിപ്പോർട്ട്. ബോർഡർ – ഗാവസ്കർ ട്രോഫിയിലെ അഞ്ചാം ടെസ്റ്റിൽ പുറത്തിരുത്തിയതിനു പിന്നാലെയാണ്, രോഹിത്തിനെ ഇനി ടെസ്റ്റിലേക്ക് പരിഗണിക്കില്ലെന്ന് സിലക്ടർമാർ അദ്ദേഹത്തെ അറിയിച്ചത്. ഫലത്തിൽ, മെൽബണിൽ നടന്ന നാലാം ക്രിക്കറ്റ് ടെസ്റ്റ് രോഹിത്തിന്റെ കരിയറിന്റെ അവസാന ടെസ്റ്റ് മത്സരമാകാനാണ് സാധ്യത.

സിഡ്നിയിൽ നടക്കുന്ന അഞ്ചാം ടെസ്റ്റിൽ രോഹിത് ശർമ കളിച്ചേക്കില്ലെന്ന റിപ്പോർട്ടുകൾ ശരിവച്ച്, ജസ്പ്രീത് ബുമ്രയാണ് ഇന്ത്യയെ നയിക്കുന്നത്. ദേശീയ മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ ശരിയാണെങ്കിൽ, മുപ്പത്തേഴുകാരനായ രോഹിത് ശർമയെ ഇനി ഇന്ത്യയുടെ ടെസ്റ്റ് ജഴ്സിയിൽ കാണാൻ സാധ്യത തീർത്തും വിരളം.

ഓസ്ട്രേലിയൻ പരമ്പരയ്‌ക്കപ്പുറം, സിലക്ടർമാരുടെ പദ്ധതികളിൽ രോഹിത്തിന് ഇടമില്ലെന്നാണ് റിപ്പോർട്ട്. ഇക്കാര്യം അവർ രോഹിത്തിനെ നേരിട്ട് അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യൻ ടീം ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ കടന്നാലും, രോഹിത്തിന് ഇനി അവസരം നൽകേണ്ടതില്ലെന്നാണ് സിലക്ടർമാരുടെ തീരുമാനം. ഇക്കാര്യത്തിൽ പരിശീലകൻ ഗൗതം ഗംഭീറിന്റെ നിലപാടും നിർണായകമായി. ഓസീസിനെതിരായ പരമ്പരയിൽ മൂന്നു ടെസ്റ്റുകളിലാണ് രോഹിത് ഇന്ത്യയ്‌ക്കായി കളത്തിലിറങ്ങിയത്. ഈ മത്സരങ്ങളിലെ ആറ് ഇന്നിങ്സുകളിൽ 3, 6, 10, 3, 9 എന്നിങ്ങനെയാണ് രോഹിത്തിന്റെ സ്കോറുകൾ. 

അതേസമയം, സിഡ്നി ടെസ്റ്റിൽ കളിക്കാനില്ലെന്ന തീരുമാനം രോഹിത് ശർമ സ്വമേധയാ കൈക്കൊണ്ടതാണെന്നാണ് മത്സരത്തിനു മുൻപ് ജസ്പ്രീത് ബുമ്ര വിശദീകരിച്ചത്. ‘‘ഇവിടെ അദ്ദേഹത്തിന്റെ നേതൃശേഷി കൂടിയാണ് തെളിഞ്ഞുകാണുന്നത്. ഈ മത്സരത്തിൽ വിശ്രമിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. ടീമിനുള്ളിലെ ഐക്യമാണ് ഇതിലൂടെ തെളിയുന്നത്. ഇവിടെ സ്വാർത്ഥയ്ക്ക് ഇടമില്ല. ടീമിന്റെ താൽപര്യത്തിന് അനുസരിച്ചാണ് തീരുമാനങ്ങൾ’ – ബുമ്ര പറഞ്ഞു.

മോശം ഫോമിലുള്ള വിരാട് കോലിയുമായും സിലക്ടർമാർ ഭാവിയെക്കുറിച്ച് സംസാരിക്കുമെന്നാണ് റിപ്പോർട്ട്. ഓഫ് സ്റ്റംപിനു പുറത്തുവരുന്ന പന്തുകളിൽ ബാറ്റുവച്ച് സ്ഥിരമായി പുറത്താകുന്ന കോലി, സിഡ്നിയിലും സമാനമായ രീതിയിലാണ് പുറത്തായത്. പെർത്ത് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ നേടിയ സെഞ്ചറി മാറ്റിനിർത്തിയാൽ, ഓസ്ട്രേലിയയിൽ കോലിയുടെ പ്രകടനം ഒട്ടും ആശാവഹമായിരുന്നില്ല. 

ബോർഡർ – ഗാവസ്കർ ട്രോഫിയിൽ ഇതുവരെ കളിച്ച ഏഴ് ഇന്നിങ്സുകളിലും കോലി പുറത്തായത് ഏറെക്കുറേ ഒരേ രീതിയിലാണ്. ഓഫ് സ്റ്റംപിനു പുറത്തുപോകുന്ന പന്തുകൾ ലീവ് ചെയ്യുന്നതിനു പകരം, അതിലെല്ലാം ബാറ്റുവച്ചായിരുന്നു താരത്തിന്റെ മടക്കം. ഓസ്ട്രേലിയയ്‌ക്കെതിരായ പരമ്പരയ്ക്കു ശേഷം കോലിയുടെ ഭാവിയേക്കുറിച്ചും സിലക്ടർമാർ താരവുമായി ചർച്ച നടത്തുമെന്നാണ് വിവരം. അതേസമയം, ടീമിനുള്ളിൽ നിർണായക മാറ്റങ്ങൾ സംഭവിക്കുന്ന ഈ കാലഘട്ടത്തിൽ രവീന്ദ്ര ജഡേജയുടെ സേവനം തുടർന്നും ഉപയോഗപ്പെടുത്താനാണ് സിലക്ടർമാരുടെ നീക്കം.

English Summary:

Selectors inform Rohit Sharma he is no longer needed in Tests, to meet Virat Kohli

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com