എന്താണു പ്രശ്നം, പന്തു കാണുന്നില്ലേ?: കോൺസ്റ്റാസിനെ പരിഹസിച്ച് യശസ്വി ജയ്സ്വാൾ- വിഡിയോ
Mail This Article
സിഡ്നി∙ ബോർഡർ– ഗാവസ്കർ ട്രോഫി മത്സരങ്ങൾക്കിടെ ഇന്ത്യൻ താരങ്ങളെ പലവട്ടം സ്ലെഡ്ജ് ചെയ്ത് വിവാദത്തിലായ സാം കോൺസ്റ്റാസിന് അതേ നാണയത്തിൽ മറുപടി നൽകി ഇന്ത്യയുടെ യശസ്വി ജയ്സ്വാൾ. മത്സരത്തിന്റെ രണ്ടാം ദിവസം ബാറ്റിങ്ങിനിടെയാണ് താളം കണ്ടെത്താൻ ബുദ്ധിമുട്ടിയ ഓസീസ് യുവതാരത്തെ യശസ്വി ജയ്സ്വാള്‍ ചൊറിഞ്ഞത്. ഹിന്ദിയിലായിരുന്നു ജയ്സ്വാളിന്റെ പരിഹാസം. പന്തൊന്നും കാണാൻ വയ്യേയെന്ന് ജയ്സ്വാൾ കോൺസ്റ്റാസിനോടു ചോദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ഓസ്ട്രേലിയൻ താരത്തിന്റെ പേരും പരിഹാസ രൂപത്തിൽ ‘കോന്റാസ്’ എന്നാണ് ജയ്സ്വാള്‍ പറഞ്ഞത്. ഇന്ത്യൻ യുവതാരത്തിന്റെ വാക്കുകൾ ഇങ്ങനെ– ‘‘എന്താണു പ്രശ്നം. നിനക്ക് പന്തു കാണുന്നില്ലേ? ഷോട്ടൊന്നും എടുക്കാൻ സാധിക്കുന്നില്ലേ?’’. സിഡ്നിയിൽ ആദ്യ ഇന്നിങ്സിൽ 38 പന്തുകൾ നേരിട്ട കോൺസ്റ്റാസ് 23 റൺസെടുത്തു പുറത്തായിരുന്നു.
മുഹമ്മദ് സിറാജിന്റെ പന്തിൽ യശസ്വി ജയ്സ്വാൾ തന്നെ ക്യാച്ചെടുത്താണു കോൺസ്റ്റാസിനെ പുറത്താക്കിയത്. മെൽബണിൽ നടന്ന ബോക്സിങ് ഡേ ടെസ്റ്റില്‍ അരങ്ങേറിയ താരം ആദ്യ മത്സരത്തിൽ തന്നെ അർധ സെഞ്ചറി നേടിയിരുന്നു. മെൽബണിൽ വിരാട് കോലിയുമായും സിഡ്നിയിൽ ജസ്പ്രീത് ബുമ്രയുമായും തർക്കിച്ചും കോൺസ്റ്റാസ് വിവാദത്തിലായി.
ബാറ്റിങ്ങിനിടെ വിരാട് കോലിയുമായി കൂട്ടിയിടിച്ചത് ചോദ്യം ചെയ്ത കോൺസ്റ്റാസ്, ജസ്പ്രീത് ബുമ്രയെ സ്കൂപ് ഷോട്ട് കളിച്ചും ആരാധകരെ ഞെട്ടിച്ചു. ഫീൽഡിങ്ങിനിടെ കോൺസ്റ്റാസിന്റെ സംസാരം ജയ്സ്വാളിന്റെ ബാറ്റിങ്ങിൽ ബുദ്ധിമുട്ടുണ്ടാക്കിയതായി ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത് നേരത്തേ വെളിപ്പെടുത്തിയിരുന്നു.