ഇത് വിരമിക്കൽ തീരുമാനമല്ല, ടെസ്റ്റ് ക്രിക്കറ്റ് വിടുന്നുമില്ല; ഫോമിലല്ലാത്തതുകൊണ്ട് മാറിനിൽക്കുന്നു: തുറന്നുപറഞ്ഞ് രോഹിത്- വിഡിയോ
Mail This Article
സിഡ്നി∙ ബോർഡർ – ഗാവസ്കർ ട്രോഫിയിലെ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിനു പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ഇന്ത്യൻ നായകൻ രോഹിത് ശർമ. സിഡ്നി ടെസ്റ്റിൽനിന്ന് വിട്ടുനിൽക്കാനുള്ള തീരുമാനം വിരമിക്കൽ തീരുമാനമല്ലെന്നും, ടെസ്റ്റ് ക്രിക്കറ്റ് നിർത്തുന്ന കാര്യം ഇതുവരെ ചിന്തിച്ചിട്ടുപോലുമില്ലെന്നും രോഹിത് ശർമ വ്യക്തമാക്കി. ഇപ്പോഴത്തെ സാഹചര്യം പരിഗണിച്ച് ഫോമിലല്ലാത്തുകൊണ്ടും, ഇന്ത്യയെ സംബന്ധിച്ച് നിർണായക മത്സരമായതിനാൽ ഫോമിലുള്ള താരം ടീമിന് ആവശ്യമായതിനാലുമാണ് താൻ മാറിനിൽക്കുന്നതെന്ന് രോഹിത് ശർമ വ്യക്തമാക്കി. സിഡ്നി ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം ലഞ്ചിന്റെ ഇടവേളയിൽ സ്റ്റാർ സ്പോർട്സിൽ അവതാരകരായ ഇർഫാൻ പഠാൻ, ജാട്ടിൻ സാപ്രു എന്നിവരുമായി സംസാരിക്കുമ്പോഴാണ് രോഹിത് ഇക്കാര്യം അറിയിച്ചത്.
‘‘ചീഫ് സിലക്ടറും പരിശീലകനുമായി സംസാരിച്ചാണ് ഈ ടെസ്റ്റിൽനിന്ന് വിട്ടുനിൽക്കാൻ ഞാൻ തീരുമാനിച്ചത്. ഞങ്ങളുടെ ചർച്ചാവിഷയം വളരെ ലളിതമായിരുന്നു. ഞാൻ ഫോമിലല്ലാത്തതിനാൽ, ഫോമിലുള്ള ഒരു താരത്തിന്റെ സേവനം ഈ മത്സരത്തിൽ പ്രധാനപ്പെട്ടതായതിനാൽ തൽക്കാലം വിട്ടുനിൽക്കുന്നു. അതിനപ്പുറം ഇതേക്കുറിച്ച് ഒന്നും ചിന്തിച്ചിട്ടില്ല. ടീമിന് എന്താണോ വേണ്ടത്, അതിനാണ് ഇപ്പോൾ പ്രാമുഖ്യം നൽകുന്നത്.’’
‘‘സിഡ്നിയിൽ എത്തിയ ശേഷമാണ് ഇത്തരമൊരു തീരുമാനം ഞാൻ കൈക്കൊണ്ടത്. ബാറ്റിങ്ങിൽ ഒട്ടും ഫോം കണ്ടെത്താൻ സാധിക്കാത്തതിനാൽ, മത്സരത്തിൽനിന്ന് വിട്ടുനിൽക്കുന്ന കാര്യം എന്റെ മനസ്സിലുണ്ടായിരുന്നു. പെർത്ത് ടെസ്റ്റിൽ ഇന്ത്യ ജയിച്ചതിന്റെ കാരണം വളരെ ലളിതമായിരുന്നു. രണ്ടാം ഇന്നിങ്സിൽ ഓപ്പണിങ് വിക്കറ്റിൽ പിറന്ന സെഞ്ചറി കൂട്ടുകെട്ടാണ് മത്സരം നമുക്ക് അനുകൂലമാക്കിയത്. അന്ന് ഇന്ത്യയെ തോൽപ്പിക്കാനാകില്ലെന്ന സാഹചര്യം സൃഷ്ടിച്ച ശേഷമാണ് രാഹുലും ജയ്‌സ്വാളും വേർപിരിഞ്ഞത്.’’
‘‘അടുത്ത ആറു മാസക്കാലമോ നാലു മാസക്കാലമോ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ഞാൻ ചിന്തിക്കുന്നില്ല. ഇപ്പോൾ എന്താണ് ആവശ്യം എന്നു മാത്രമേ ഞാൻ നോക്കുന്നുള്ളൂ. അതുകൊണ്ട് ടെസ്റ്റിൽനിന്ന് വിട്ടുനിൽക്കാനുള്ള തീരുമാനം എന്റെ വിരമിക്കൽ തീരുമാനമല്ല. ഫോമിലല്ലാത്തുകൊണ്ട് മാറിനിൽക്കുന്നു എന്നേയുള്ളൂ. ജീവിതം മാറ്റങ്ങൾക്ക് വിധേയമല്ല. എല്ലാം മാറിവരുമെന്ന് ഞാനും വിശ്വസിക്കുന്നു.’’
‘‘ഞാൻ എന്നോടു തന്നെ സത്യസന്ധത പുലർത്തേണ്ടത് അത്യാവശ്യമാണെന്ന് കരുതുന്നു. മാത്രമല്ല, യാഥാർഥ്യ ബോധത്തോടെ കാര്യങ്ങളെ നോക്കിക്കാണേണ്ടതുമുണ്ട്. ഞാൻ തീരെ ബോധമില്ലാത്ത ആളൊന്നുമല്ലല്ലോ. ആവശ്യത്തിന് പക്വതയും പാകതയുമുണ്ട്. രണ്ട് കുട്ടികളുടെ പിതാവുമാണ്. എന്ത്, എപ്പോൾ ചെയ്യണമെന്ന് എനിക്കറിയാം. ടീമിനെക്കുറിച്ച് നാം ചിന്തിച്ചേ മതിയാകൂ. അല്ലാത്ത കളിക്കാരെ ടീമിന് ആവശ്യമില്ല. ഇത് എന്റെ വ്യക്തിപരമായ കാഴ്ചപ്പാടാണ്. ഞാൻ ക്രിക്കറ്റിനെ കണ്ടിട്ടുള്ളതും ആ വിധത്തിലാണ്. ഞാൻ വളരെ തുറന്ന കാഴ്ചപ്പാടുള്ള വ്യക്തിയാണ്.’’
‘‘പന്തുകൊണ്ട് ബുമ്ര ഓരോ മത്സരത്തിലും കാണിക്കുന്ന മാജിക് അതുല്യമാണ്. 2013ലാണ് ഞാൻ അദ്ദേഹത്തെ ആദ്യമായി കാണുന്നത്. അന്നു മുതൽ കുത്തനെ മുകളിലേക്കാണ് അദ്ദേഹത്തിന്റെ കരിയർ ഗ്രാഫ് സഞ്ചരിച്ചിട്ടുള്ളത്. ഈ ഫോർമാറ്റിൽ നമുക്കൊന്നും കയ്യിൽ വച്ചു തരില്ല. പൊരുതി നേടണം. ക്യാപ്റ്റനെന്ന നിലയിലും, എല്ലാ ദിവസവും നമുക്കു നല്ല ദിവസമായിരിക്കണമെന്നില്ല. ആശയങ്ങളും ചിന്തകളും ഒന്നായിരിക്കാം, പക്ഷേ ഒരേ ഫലം ലഭിക്കണമെന്നില്ല. ഒട്ടേറെ ആളുകൾ ഞങ്ങളെ വിധിക്കുന്നുണ്ടെന്ന് എനിക്കറിയാം. പക്ഷേ, അതൊന്നും എന്നെ ബാധിക്കുന്നില്ല. ജയിക്കണമെന്ന ഉറച്ച ആഗ്രഹത്തോടെയാണ് ഓരോ കളിക്കും ഞങ്ങൾ ഇറങുന്നത്. ഇന്നലെ സംഭവിച്ചതുപോലെ, ബാറ്റിങ്ങിനു പകരം ബോളിങ് എടുത്തിരുന്നെങ്കിൽ കുറച്ചുകൂടി നന്നാകുമായിരുന്നു. ഇതെല്ലാം സ്വാഭാവികമാണ്. എന്തായാലും ഞാൻ ഒരിടത്തും പോകുന്നില്ല’ – രോഹിത് പറഞ്ഞു.