112*, 44*, 163*, 111*, 112, ആകെ 542 റൺസെടുത്ത് ഒടുവിൽ ഔട്ട്; ലിസ്റ്റ് എ ക്രിക്കറ്റിൽ റെക്കോർഡുകൾ തകർത്ത് കരുൺ നായർ
Mail This Article
വിസിയനഗരം (ആന്ധ്ര)∙ അഞ്ച് മത്സരങ്ങളിലായി ആർക്കും പുറത്താക്കാനാകാതെ അടിച്ചുകൂട്ടിയത് 542 റൺസ്! ലോക റെക്കോർഡും തകർത്തെറിഞ്ഞ ഐതിഹാസിക കുതിപ്പിനൊടുവിൽ വിജയ് ഹസാരെ ട്രോഫിയിൽ കരുൺ നായർ ഔട്ടായി! ഇത്തവണത്തെ വിജയ് ഹസാരെ ട്രോഫിയിൽ അഞ്ചാം മത്സരത്തിൽ ഉത്തർപ്രദേശിനെതിരെയാണ് കരുൺ നായർ ആദ്യമായി പുറത്തായത്. അഞ്ചാം മത്സരത്തിലും തകർത്തടിച്ച് സെഞ്ചറി നേടിയതിനു ശേഷമായിരുന്നു കരുണിന്റെ പുറത്താകൽ എന്നു മാത്രം. ഇത്തവണ 101 പന്തിൽ 11 ഫോറും രണ്ടു സിക്സും സഹിതം 112 റൺസെടുത്ത കരുൺ നായരെ, ഉത്തർപ്രദേശ് താരം അടൽ ബിഹാരി റായിയാണ് പുറത്താക്കിയത്.
മത്സരത്തിൽ ഉത്തർപ്രദേശ് ഉയർത്തിയ 308 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വിദർഭ, 47.2 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിൽ 313 റൺസ് അടിച്ചുകൂട്ടി എട്ടു വിക്കറിന്റെ തകർപ്പൻ വിജയവും സ്വന്തമാക്കി. ടീം ക്യാപ്റ്റൻ കൂടിയായ കരുൺ നായരുടെ ഐതിഹാസിക ഫോമും പ്രകടനവും, ഗ്രൂപ്പ് ഡിയിൽ വിദർഭയെ 20 പോയിന്റുമായി ഒന്നാം സ്ഥാനത്തു നിർത്തുന്നു. കർണാടക സ്വദേശിയായ കരുൺ നായർ കുറച്ചുകാലമായി ആഭ്യന്തര ക്രിക്കറ്റിൽ വിദർയ്‌ക്കായാണ് കളിക്കുന്നത്.
ഈ മത്സരത്തിനു മുൻപ് വിജയ് ഹസാരെ ട്രോഫിയിൽ കരുൺ നായർ കളിച്ചത് നാല് മത്സരങ്ങളിലാണ്. അതിൽ മൂന്നു മത്സരങ്ങളിലും താരം സെഞ്ചറി നേടി. മാത്രമല്ല, മൂന്നു മത്സരങ്ങളിലും താരത്തെ പുറത്താക്കാനും കഴിഞ്ഞില്ല. ഒരു മത്സരത്തിൽ സെഞ്ചറി നേടാനായില്ലെങ്കിലും, 44 റൺസുമായി പുറത്താകാതെ നിന്നു. ഫലത്തിൽ, ഇന്ന് ഉത്തർപ്രദേശിനെതിരെ നടന്ന മത്സരത്തിലാണ് ഈ ടൂർണമെന്റിൽ ആദ്യമായി കരുൺ നായർ പുറത്താകുന്നത്. അപ്പോഴേക്കും അടിച്ചുകൂട്ടിയത് 542 റൺസ്. 2010ൽ പുറത്താകും മുൻപ് 527 റൺസ് നേടിയ ന്യൂസീലൻഡ് താരം ജയിംസ് ഫ്രാങ്ക്ളിന്റെ പേരിലുള്ള റെക്കോർഡാണ് കരുണിനു മുന്നിൽ വഴിമാറിയത്. ലിസ്റ്റ് എ ക്രിക്കറ്റിൽ ഇതുവരെ ഏഴു സെഞ്ചറികൾ നേടിയിട്ടുള്ള കരുണിന്റെ നാലു സെഞ്ചറികളും പിറന്നത് ഈ എട്ടു ദിവസത്തിന്റെ ഇടവേളയിലാണ്.
ലിസ്റ്റ് എ ക്രിക്കറ്റിൽ ഒന്നിലധികം മത്സരങ്ങളിൽ തുടർച്ചയായി പുറത്താകാതെ നിന്ന് കൂടുതൽ റൺസ് നേടുന്ന താരമെന്ന ലോക റെക്കോർഡും ഇതോടെ കരുൺ നായരുടെ പേരിലായി. അഞ്ച് മത്സരങ്ങളിൽനിന്ന് നാലു സെഞ്ചറി സഹിതം 542 റൺസ് അടിച്ചുകൂട്ടിയതിനു ശേഷമാണ് കരുൺ നായർ പുറത്തായത്.
ജമ്മു കശ്മീരിനെതിരായ ആദ്യ മത്സരത്തിൽ വൺഡൗണായി ഇറങ്ങി സെഞ്ചറി നേടിയാണ് കരുൺ നായർ വിജയ് ഹസാരെ ട്രോഫിയിൽ റൺവേട്ടയ്ക്കു തുടക്കമിട്ടത്. 108 പന്തിൽ നേടിയത് 17 ഫോറുകൾ സഹിതം 112 റൺസ്. അടുത്ത മത്സരത്തിൽ ഛത്തീസ്ഗഡിനെതിരെ നേടിയത് പുറത്താകാതെ 44 റൺസ്. ഛത്തീസ്ഗഡ് ആദ്യം ബാറ്റു ചെയ്ത് വെറും 80 റൺസിന് പുറത്തായതിനാൽ, കരുൺ 44 റൺസ് നേടിയപ്പോഴേക്കും ടീം ജയിച്ചു.
മൂന്നാം മത്സരത്തിൽ എതിരാളികളികളായെത്തിയ ചണ്ഡിഗഡ് ആദ്യം ബാറ്റു ചെയ്ത് 316 റൺസ് വിജയലക്ഷ്യം ഉയർത്തിയതോടെ, കരുണിന്റെ അടുത്ത സെഞ്ചറിക്ക് അടിത്തറയായി. ഇത്തവണ 107 പന്തിൽ 20 ഫോറും രണ്ടു സിക്സും സഹിതം കരുൺ പുറത്താകാതെ നേടിയത് 163 റൺസ്. സന്ദീപ് ശർമ ഉൾപ്പെട്ട ചണ്ഡിഗഡിനെതിരെ, 2 ഓവർ ബാക്കിനിൽക്കെ അവർ ലക്ഷ്യത്തിലെത്തി.
നാലാം മത്സരത്തിൽ കരുത്തരായ തമിഴ്നാടിനെതിരെയും കരുൺ സെഞ്ചറിയുമായി തിളങ്ങി. ഇത്തവണ ആദ്യം ബാറ്റു ചെയ്ത തമിഴ്നാട് വിദർഭയ്ക്കു മുന്നിൽ ഉയർത്തിയത് 257 റൺസ് വിജയലക്ഷ്യം. മറുപടി ബാറ്റിങ്ങിൽ കരുൺ 103 പന്തിൽ 14 ഫോറും ഒരു സിക്സും സഹിതം പുറത്താകാതെ 111 റൺസെടുത്തതോടെ, 37 പന്തും ആറു വിക്കറ്റും ബാക്കിയാക്കി വിദർഭ വിജയത്തിലെത്തി.
ഇതിനു പിന്നാലെയാണ് ഇന്ന് ഉത്തർപ്രദേശിനെതിരെ കരുൺ നായർ വീണ്ടും സെഞ്ചറിയുമായി തിളങ്ങിയത്. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഉത്തർപ്രദേശ് നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 307 റൺസ്. 82 പന്തിൽ അഞ്ച് ഫോറും ഏഴു സിക്സും സഹിതം 105 റൺസെടുത്ത സമീർ റിസ്‌വിയുടെ പ്രകടനമായിരുന്നു യുപി ഇന്നിങ്സിലെ ഹൈലൈറ്റ്. മറുപടി ബാറ്റിങ്ങിൽ സെഞ്ചറി കുറിച്ച യഷ് റാത്തോഡിനൊപ്പം (140 പന്തിൽ പുറത്താകാതെ 138), കരുൺ നായർ ഒരിക്കൽക്കൂടി സെഞ്ചറിയുമായി തിളങ്ങി. ഇത്തവണ 101 പന്തിൽ 11 ഫോറും രണ്ടു സിക്സും സഹിതമാണ് കരുൺ 112 റൺസെടുത്തത്. വിജയത്തിലേക്ക് 17 റൺസ് മാത്രം വേണ്ട ഘട്ടത്തിലാണ് കരുൺ പുറത്തായത്.