ADVERTISEMENT

സിഡ്നി∙ ഓസ്ട്രേലിയയിലെ പ്രധാന ആഭ്യന്തര ട്വന്റി20 ലീഗായ ബിഗ് ബാഷ് ലീഗിൽ ഫീൽഡിങ്ങിനിടെ കൂട്ടിയിടിച്ച് ഓസീസ് താരങ്ങളായ ഡാനിയൽ സാംസ്, കാമറോൺ ബാൻക്രോഫ്റ്റ് എന്നിവർക്ക് പരുക്ക്. പെർത്തിലെ ഓപ്റ്റസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനിടെയാണ് അപകടം. ലീഗിൽ സിഡ്നി തണ്ടേഴ്സിന്റെ താരങ്ങളായ ഇരുവരും, പെർത്ത് സ്കോച്ചേഴ്സ് താരം നൽകിയ  ക്യാച്ചെടുക്കാനുള്ള ശ്രമത്തിനിടെയാണ് നേർക്കുനേർ കൂട്ടിയിടിച്ചത്. അപകടത്തെ തുടർന്ന് ബോധരഹിതനായ സാംസിനെ സ്ട്രെച്ചറിലാണ് ആശുപത്രിയിലേക്കു മാറ്റിയത്. മത്സരത്തിൽ സിഡ്നി തണ്ടേഴ്സ് നാലു വിക്കറ്റിന് ജയിച്ചു.

മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത പെർത്ത് സ്കോച്ചേഴ്സ് നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 177 റൺസ്. മറുപടി ബാറ്റിങ്ങിൽ സിഡ്നി തണ്ടേഴ്സ് അവസാന പന്തിൽ നാലു വിക്കറ്റ് ബാക്കിനിർത്തി വിജയത്തിലെത്തി. മത്സരത്തിൽ പെർത്ത് സ്കോച്ചേഴ്സ് ബാറ്റു ചെയ്യുന്നതിനിടെ, 16–ാം ഓവറിലാണ് അപകടം സംഭവിച്ചത്.

ഈ ഓവർ ബോൾ ചെയ്തത് ന്യൂസീലൻഡ് താരം ലോക്കി ഫെർഗൂസൻ. ക്രീസിൽ കൂപ്പർ കൊണോലി. ഓവറിലെ രണ്ടാം പന്തു നേരിട്ട കൊണോലി, അത് സ്ക്വയർ ലെഗിലേക്ക് ഉയർത്തിയടിച്ചു. പന്തിൽ മാത്രം ശ്രദ്ധയൂന്നി ഇരു വശത്തുനിന്നും ഓടിയെത്തിയ സാംസും ബാൻക്രോഫ്റ്റും ക്യാച്ചെടുക്കാനുള്ള ശ്രമത്തിൽ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. ചോരയൊലിക്കുന്ന മുഖവുമായി ഇരുവരും ഗ്രൗണ്ടിൽ വീണയുടൻ മെഡിക്കൽ ടീം കളത്തിലെത്തി. അബോധാവസ്ഥയിലായിപ്പോയ ഡാനിയൽ സാംസിനെ സ്ട്രെച്ചറിലാണ് പുറത്തേക്കു കൊണ്ടുപോയത്. ചോരയൊലിക്കുന്ന മുഖവുമായി ബാൻക്രോഫ്റ്റിനെയും ഉടൻ തന്നെ ആശുപത്രിയിലേക്കു മാറ്റി.

ഇരുവർക്കും മത്സരത്തിൽ തുടർന്ന് കളിക്കാനാകില്ലെന്ന് ആശുപത്രിയിൽനിന്ന് അറിയിച്ചതോടെ, ഒലി ഡേവിസ്, ഹഗ് വെയ്ഗെൻ എന്നിവരെ കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടുകളായി കളത്തിലിറക്കിയാണ് സിഡ്നി തണ്ടേഴ്സ് മത്സരം പൂർത്തിയാക്കിയത്. 

English Summary:

Horrific Collision Rocks Big Bash League; Australia Star Stretchered Off

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com