മുന്നിൽ തോൽവി, കയ്യിൽ ഒന്നുമില്ലെന്ന് കോലി, ‘പന്തു ചുരണ്ടൽ’ അഭിനയിച്ച് പരിഹാസം– വിഡിയോ
Mail This Article
സിഡ്നി∙ ബോർഡർ– ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിനിടെ ഓസ്ട്രേലിയൻ താരങ്ങളെയും ആരാധകരെയും പന്തു ചുരണ്ടൽ വിവാദം ഓർമിപ്പിച്ച് ഇന്ത്യൻ താരം വിരാട് കോലി. 162 റൺസ് വിജയ ലക്ഷ്യം ഓസ്ട്രേലിയ പിന്തുടരുന്നതിനിടെ, സ്റ്റീവ് സ്മിത്തിന്റെ വിക്കറ്റ് നഷ്ടമായതിനു പിന്നാലെയായിരുന്നു കോലിയുടെ നാടകീയ നീക്കം. പാന്റ്സിന്റെ രണ്ടു പോക്കറ്റുകളിലും കയ്യിട്ട കോലി ഒന്നുമില്ലെന്ന് ആംഗ്യം കാണിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ക്യാപ്റ്റൻ ജസ്പ്രീത് ബുമ്ര പരുക്കു കാരണം കളിക്കാൻ ഇറങ്ങാതിരുന്നതിനാൽ, വിരാട് കോലിക്കായിരുന്നു താൽക്കാലിക ക്യാപ്റ്റന്റെ ചുമതല. 2018ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെയാണ് ഓസ്ട്രേലിയയെ നാണക്കേടിലാക്കിയ സാൻഡ്പേപ്പർ വിവാദം സംഭവിക്കുന്നത്. സാൻഡ് പേപ്പർ ഉപയോഗിച്ച് പന്തു ചുരണ്ടിയതിന് ഓസ്ട്രേലിയയുടെ നായകനായിരുന്ന സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ, കാമറൂൺ ബാൻക്രോഫ്റ്റ് എന്നിവർ പിടിക്കപ്പെടുകയായിരുന്നു.
സ്മിത്തിനെയും വാർണറെയും ഒരു വർഷത്തേക്കു ക്രിക്കറ്റിൽനിന്നു വിലക്കുകയും, ക്യാപ്റ്റൻസി സ്ഥാനത്ത് വാർണർക്ക് ആജീവനാന്ത വിലക്കു ലഭിക്കുകയും ചെയ്തു. അഞ്ചാം ടെസ്റ്റിൽ 162 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ 27 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി. പരമ്പര വിജയത്തോടെ ബോർഡർ– ഗാവസ്കർ ട്രോഫി ഓസ്ട്രേലിയ സ്വന്തമാക്കി. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും.