ഗാവസ്കർ പേരിൽ മാത്രം, ട്രോഫി സമ്മാനിച്ചത് ബോർഡർ; ഇന്ത്യക്കാരനായതുകൊണ്ട് അവഗണിച്ചെന്ന് ഗാവസ്കർ– വിഡിയോ
Mail This Article
സിഡ്നി∙ ഗ്രൗണ്ടിലുണ്ടായിരുന്നിട്ടും ബോർഡർ – ഗാവസ്കർ ട്രോഫി നേടിയ ഓസീസ് ടീമിന് കിരീടം സമ്മാനിക്കുന്ന ചടങ്ങിലേക്ക് തന്നെ വിളിക്കാതിരുന്നതിനെ വിമർശിച്ച് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സുനിൽ ഗാവസ്കർ രംഗത്ത്. ഇത് തന്റേകൂടി പേരിലുള്ള ട്രോഫിയാണെന്ന് സംഘാടകർ ഓർമിക്കേണ്ടതായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യക്കാരനായതുകൊണ്ടാണ് ഓസ്ട്രേലിയൻ ടീമിന് കിരീടം സമ്മാനിക്കുന്നതിന് തന്നെ വിളിക്കാതിരുന്നതെന്നും ഗാവസ്കർ കുറ്റപ്പെടുത്തി.
‘‘ട്രോഫി സമ്മാനിക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ വിളിച്ചിരുന്നെങ്കിൽ നന്നായിരുന്നു. ഇത് ഇന്ത്യ–ഓസ്ട്രേലിയ പരമ്പരയാണല്ലോ. മാത്രമല്ല, ട്രോഫിയുടെ പേര് ബോർഡർ – ഗാവസ്കർ എന്നും. ട്രോഫി കൊടുക്കുന്ന സമയത്ത് ഞാൻ ഗ്രൗണ്ടിലുണ്ടായിരുന്നു.
‘‘ട്രോഫി കൊടുക്കുന്ന ചടങ്ങിൽ പങ്കെടുക്കുന്നതിന്, പരമ്പരയിൽ ജയിച്ചത് ഓസ്ട്രേലിയയാണോ ഇന്ത്യയാണോ എന്നു നോക്കേണ്ട കാര്യം എനിക്കില്ല. അവർ കൂടുതൽ മികച്ച പ്രകടനം കാഴ്ചവച്ചു, അതുകൊണ്ട് ജയിച്ചു എന്ന രീതിയിൽ മാത്രമേ അതിനെ കാണേണ്ടതുള്ളൂ. ഞാൻ ഇന്ത്യക്കാരനായതുകൊണ്ടായിരിക്കാം ട്രോഫി സമ്മാനിക്കാൻ വിളിക്കാത്തത്. വിളിച്ചിരുന്നെങ്കിൽ പ്രിയ സുഹൃത്ത് അലൻ ബോർഡറിനൊപ്പം കിരീടം സമ്മാനിക്കുന്നതിൽ സന്തോഷം മാത്രം’ – ഗാവസ്കർ പറഞ്ഞു.
1996–97 സീസൺ മുതലാണ് ഇന്ത്യ – ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരകൾ ബോർഡർ – ഗാവസ്കർ ട്രോഫിക്കു വേണ്ടിയാക്കിയത്. അതിനുശേഷം ടെസ്റ്റ് ക്രിക്കറ്റിൽ ആഷസിനൊപ്പം നിൽക്കുന്ന പരമ്പരയായി ഇതു മാറി. ഇത്തവണ മത്സരങ്ങൾ നടന്ന മിക്ക വേദികളിലും റെക്കോർഡ് കാണികളാണ് കളി കാണാനെത്തിയത്.