കോലിയും രോഹിത്തും ഇന്ത്യൻ ക്രിക്കറ്റിന് ഏറ്റവും ഗുണകരമായ തീരുമാനമെടുക്കും: തോൽവിക്കു പിന്നാലെ ഗംഭീർ– വിഡിയോ
Mail This Article
സിഡ്നി∙ ഓസ്ട്രേലിയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ 3–1ന്റെ തോൽവി ഏറ്റുവാങ്ങിയതിനു പിന്നാലെ, സീനിയർ താരങ്ങളായ വിരാട് കോലിയും രോഹിത് ശർമയും ഇന്ത്യൻ ക്രിക്കറ്റിന് ഏറ്റവും അനുയോജ്യമായ തീരുമാനം കൈക്കൊള്ളുമെന്ന് വ്യക്തമാക്കി മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ. സിഡ്നി ടെസ്റ്റിലും തോറ്റ് ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ കാണാതെ പുറത്തായതിനു പിന്നാലെ മാധ്യമങ്ങളെ കാണുമ്പോലാണ്, കോലിയും രോഹിത്തും ഇന്ത്യൻ ക്രിക്കറ്റിന് ഏറ്റവും ഗുണകരമായ തീരുമാനം കൈക്കൊള്ളുമെന്ന ഗംഭീറിന്റെ പ്രഖ്യാപനം.
ടെസ്റ്റ് പരമ്പരയിൽ തീർത്തും മോശം ഫോമിലായിരുന്ന ഇരുവരും ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഗംഭീറിന്റെ പരാമർശമെന്നതും ശ്രദ്ധേയം.
‘‘ഇപ്പോളും ദാഹത്തോടെ കളത്തിൽ നിൽക്കുന്ന കടുപ്പക്കാരായ താരങ്ങളാണ് കോലിയും രോഹിത്തും’ എന്ന് ഗംഭീർ അഭിപ്രായപ്പെട്ടു. മോശം ഫോമിലാണെന്ന് മനസ്സിലാക്കി സിഡ്നി ടെസ്റ്റിൽനിന്ന് വിട്ടുനിന്ന രോഹിത് ശർമയുടെ മാതൃക, ഇന്ത്യൻ ക്രിക്കറ്റിനോടുള്ള അദ്ദേഹത്തിന്റെ ഉത്തരവാദിത്ത ബോധത്തിന്റെ ലക്ഷണമാണെന്നും ഗംഭീർ പറഞ്ഞു.
‘‘രോഹിത്തും കോലിയും ഇപ്പോഴും ദാഹത്തോടെ കളിക്കുന്ന രണ്ട് കടുപ്പക്കാരായ ക്രിക്കറ്റ് താരങ്ങളാണ്. അവർ ഇന്ത്യൻ ക്രിക്കറ്റിന് ഏറ്റവും ഗുണകരമായ തീരുമാനം കൈക്കൊള്ളും. സിഡ്നിയിൽ രോഹിത് ശർമ തന്നെ സ്വയം മാറിനിന്ന് മാതൃക കാട്ടി. ഡ്രസിങ് റൂമിൽ സന്തോഷകരമായ അന്തരീക്ഷം നിലനിർത്തുന്നതിന് എല്ലാവരോടും സത്യസന്ധമായും ന്യായമായും പെരുമാറേണ്ടത് എന്റെ ചുമതലയാണ്. ദേശീയ ടീമിൽ കളിക്കുന്ന താരങ്ങളാണെങ്കിലും, അവസരം കിട്ടുമ്പോഴെല്ലാം ആഭ്യന്തര ക്രിക്കറ്റിൽ കളിക്കണം എന്നാണ് എന്റെ നിലപാട്.’ – ഗംഭീർ പറഞ്ഞു.
‘‘ഒരു കളിക്കാരന്റെയും ഭാവിയെക്കുറിച്ച് പറയാൻ ഞാൻ ആളല്ല. അത് അവരുടെ മാത്രം കാര്യമാണ്. അവർ രണ്ടുപേരും ഇപ്പോഴും അർപ്പണബോധവും ആവേശവും കൈവിടാതെ സൂക്ഷിക്കുന്നുണ്ട്. ഇന്ത്യൻ ക്രിക്കറ്റിനെ മുന്നോട്ടു നയിക്കുന്നതിന് വേണ്ടതെല്ലാം അവർ ചെയ്യുമെന്ന് കരുതാം’ – ഗംഭീർ പറഞ്ഞു.
‘‘ഇന്ത്യൻ ടെസ്റ്റ് ടീമിൽ സംഭവിക്കാനിരിക്കുന്ന മാറ്റങ്ങളെക്കുറിച്ച് ഇത്ര നേരത്തേ സംസാരിക്കുന്നത് അനുചിതമാകും. അഞ്ച് മാസങ്ങൾക്കു ശേഷം ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ഏതു നിലയിലായിരിക്കുമെന്ന് പറയാനാകില്ലല്ലോ. അടുത്ത ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായി നമുക്കു മുന്നിൽ അഞ്ച് മാസമുണ്ട്. ആ സമയത്തിനുള്ളിൽ ഒരുപാടു മാറ്റങ്ങൾ വന്നേക്കാം. എന്തൊക്കെ സംഭവിച്ചാലും അതെല്ലാം ഇന്ത്യൻ ക്രിക്കറ്റിനു ഗുണകരമാകുമെന്ന് പ്രതീക്ഷിക്കാം’ – ഗംഭീർ പറഞ്ഞു.
‘‘ഈ പരമ്പരയിൽ നമ്മുടെ കഴിവിന്റെ പരമാവധി മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചിട്ടില്ല. അതിന്റെ ഫലമാണ് ഈ റിസൾട്ട്. അത് നാം എളിമയോടെ അംഗീകരിച്ചേ മതിയാകൂ. പരമ്പരയിൽ നമുക്ക് മേധാവിത്തം ഉറപ്പിക്കാനുള്ള മുഹൂർത്തങ്ങളുണ്ടായിരുന്നു. മെൽബണിൽ ജയിച്ച് പരമ്പര സമനിലയിലായിക്കിയിരുന്നെങ്കിൽ സമ്മർദ്ദം കാര്യമായിത്തന്നെ കുറയുമായിരുന്നു. സിഡ്നിയിൽ രണ്ടാം ഇന്നിങ്സിൽ കുറച്ചുകൂടി മികച്ച രീതിയിൽ ബാറ്റു ചെയ്യേണ്ടതായിരുന്നു. എല്ലാ മേഖലകളിലും മാറ്റം സംഭവിക്കേണ്ടതുണ്ട്.’ – ഗംഭീർ പറഞ്ഞു.