ധനശ്രീയുടെ ചിത്രങ്ങൾ നീക്കി യുസ്‍വേന്ദ്ര ചെഹൽ, ഇൻസ്റ്റഗ്രാമിൽ പരസ്പരം ‘അൺഫോളോ’ ചെയ്തു
Mail This Article
ന്യൂഡൽഹി∙ ഇൻസ്റ്റഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്ത് ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‍വേന്ദ്ര ചെഹലും ഭാര്യ ധനശ്രീ വർമയും. ഇരുവരും വിവാഹബന്ധം അവസാനിപ്പിക്കാനുള്ള ഒരുക്കത്തിലാണെന്ന് അഭ്യൂഹങ്ങൾ പരക്കുന്നതിനിടെയാണ് ചെഹലും ധനശ്രീയും സമൂഹമാധ്യമത്തിൽ അൺഫോളോ ചെയ്തത്. ധനശ്രീയുടെ ചിത്രങ്ങൾ ചെഹൽ തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിൽനിന്നു നീക്കം ചെയ്തിട്ടുണ്ട്.
നര്‍ത്തകിയും കോറിയോഗ്രാഫറുമായ ധനശ്രീയും ചെഹലും വിവാഹ മോചനത്തിലേക്കു കടക്കാനുള്ള ഒരുക്കത്തിലാണെന്ന് ഇവരുടെ അടുത്ത സുഹൃത്ത് വെളിപ്പെടുത്തിയതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷവും ചെഹലും ധനശ്രീയും തമ്മില്‍ പ്രശ്നങ്ങളുള്ളതായി അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ ഇതെല്ലാം തെറ്റായ വിവരങ്ങളാണെന്നും ആരും വിശ്വസിക്കരുതെന്നും ചെഹൽ അന്ന് പ്രതികരിച്ചിരുന്നു.
2020 ഡിസംബറിലാണ് ചെഹലും ധനശ്രീയും വിവാഹിതരാകുന്നത്. കോവിഡ് ലോക്ക്ഡൗൺ സമയത്ത് ധനശ്രീയുടെ ഡാൻസ് സ്കൂളിൽ നൃത്തം പഠിക്കാനായി ചേർന്ന ചെഹൽ, പിന്നീട് അവരുമായി പ്രണയത്തിലാകുകയായിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിലാണ് ചെഹൽ ഇന്ത്യയ്ക്കു വേണ്ടി ഒടുവിൽ കളിച്ചത്.
ഐപിഎൽ മെഗാലേലത്തിൽ താരത്തെ പഞ്ചാബ് കിങ്സ് 18 കോടി രൂപയ്ക്കു വാങ്ങിയിരുന്നു. ഐപിഎൽ ചരിത്രത്തിൽ തന്നെ ഒരു സ്പിൻ ബോളർക്കു ലഭിക്കുന്ന ഉയർന്ന തുകയാണ് ഇത്. കഴിഞ്ഞ സീസണിൽ സഞ്ജു സാംസൺ നയിച്ച രാജസ്ഥാൻ റോയൽസിന്റെ താരമായിരുന്ന ചെഹലിനെ ഇത്തവണ ടീം നിലനിർത്തിയിരുന്നില്ല.