ബുമ്ര ഷൂ ഊരിയപ്പോൾ ‘അജ്ഞാത വസ്തു’ പുറത്തുചാടി, പന്തു ചുരണ്ടാനുള്ളതെന്ന് ആരാധകൻ; പരിഹസിച്ച് അശ്വിൻ– വിഡിയോ
Mail This Article
ചെന്നൈ∙ ഓസ്ട്രേലിയയ്‌ക്കെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഇന്ത്യൻ ക്യാപ്റ്റൻ ജസ്പ്രീത് ബുമ്രയുടെ ഷൂവിൽനിന്ന് പുറത്തുചാടിയ ‘അജ്ഞാത വസ്തു’, പന്തു ചുരുണ്ടുന്നതിനായി ഒളിപ്പിച്ചുവച്ചിരുന്നതാണെന്ന തരത്തിൽ നടക്കുന്ന പ്രചാരണങ്ങളെ പരിഹസിച്ച് ഇന്ത്യയുടെ മുൻ താരം രവിചന്ദ്രൻ അശ്വിൻ രംഗത്ത്. സംഭവത്തിൽ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) അന്വേഷണം നടത്തുമെന്ന് ചൂണ്ടിക്കാട്ടി ഒരു ആരാധകൻ എക്സിൽ വിഡിയോ സഹിതമിട്ട കുറിപ്പ് പങ്കുവച്ചാണ്, അശ്വിന്റെ വിശദീകരണം. അത് ഫിംഗർ പ്രൊട്ടക്ഷൻ പാഡാണെന്ന് അശ്വിൻ കുറിച്ചു.
മത്സരത്തിനിടെ ബുമ്ര ഷൂ അഴിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഈ ആരാധകൻ സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുള്ളത്. ‘കൗതുകമുണർത്തുന്ന എന്തോ ഒരു വസ്തു ബുമ്രയുടെ ഷൂവിനുള്ളിൽ’ എന്ന് വിഡിയോയിൽ തന്നെ ക്യാപ്ഷനായി ചേർത്തിട്ടുമുണ്ട്. ഈ വിഡിയോ സഹിതമാണ് ‘ബ്രേക്കിങ്’ എന്ന അറിയിപ്പോടെ ആരാധകൻ ഐസിസി അന്വേഷണം അടക്കം ‘പ്രഖ്യാപിച്ചത്’.
അതേസമയം, പരുക്കിന്റെ പിടിയിലായതിനെ തുടർന്ന് അഞ്ചാം ദിനം ജസ്പ്രീത് ബുമ്രയ്ക്ക് ഒരു പന്തുപോലും എറിയാനാകാതെ പോയതോടെ, സിഡ്നി ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ആറു വിക്കറ്റിനു തോറ്റിരുന്നു. ബുമ്രയുണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ മത്സരഫലം തന്നെ വിപരീതമായേനെ എന്ന ഓർമപ്പെടുത്തലുമായാണ് സിഡ്നി ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ തോൽവി വഴങ്ങിയത്. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 162 റൺസിന്റെ വിജയലക്ഷ്യം, 27 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ ഓസീസ് മറികടന്നു.
ഓസീസിന്റെ രണ്ടാം ഇന്നിങ്സിൽ ബുമ്രയ്ക്ക് പന്തെറിയാനാകാത്തതിന്റെ നിരാശകൾക്ക് ആക്കം കൂട്ടിയാണ്, സിഡ്നി ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ തോൽവി വഴങ്ങിയത്. സ്കോർ ബോർഡ് മാത്രം നോക്കിയാൽ ഓസീസ് അനായാസം ജയിച്ചുകയറിയെന്നു തോന്നുമെങ്കിലും, 58 റൺസിനിടെ ഓസീസിന്റെ മൂന്നും 104 റൺസിനിടെ നാലും വിക്കറ്റ് വീഴ്ത്തി സമ്മർദ്ദം ചെലുത്തിയാണ് ഇന്ത്യയുടെ കീഴടങ്ങൽ. സ്കോർ: ഇന്ത്യ – 185 & 157, ഓസ്ട്രേലിയ – 181 & 162/4. മത്സരത്തിലാകെ 10 വിക്കറ്റെടുത്ത സ്കോട് ബോളണ്ടാണ് കളിയിലെ കേമൻ. ജസ്പ്രീത് ബുമ്ര പരമ്പരയുടെ താരമായി.