‘ഋഷഭ് പന്ത് പ്ലേയിങ് ഇലവനിൽ വേണ്ട, സഞ്ജു സാംസൺ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു’
Mail This Article
മുംബൈ∙ ഇന്ത്യൻ ട്വന്റി20 ടീമിന്റെ വിക്കറ്റ് കീപ്പർ സ്ഥാനത്ത് ഋഷഭ് പന്തിന് ഇനി സാധ്യതകളില്ലെന്നു പ്രവചിച്ച് ടീം ഇന്ത്യയുടെ മുൻ ബാറ്റിങ് കോച്ച് സഞ്ജയ് ബംഗാർ. ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിൽ മികച്ച ഫോമിലുള്ള സഞ്ജു സാംസൺ തന്നെയാകും ഇന്ത്യൻ ടീമിന്റെ കീപ്പറെന്നും ബംഗാര്‍ പ്രതികരിച്ചു. ട്വന്റി20യിൽ സഞ്ജു തന്റെ സ്ഥാനം ഏകദേശം ഉറപ്പിച്ചു കഴിഞ്ഞെന്നും ബംഗാർ വ്യക്തമാക്കി.
‘‘ഇന്ത്യൻ ടീമിൽ ഒരു വിക്കറ്റ് കീപ്പർക്കാണു സ്ഥാനമുള്ളത്. തനിക്കു ലഭിച്ച അവസരങ്ങളിൽ ഇത്രയും വലിയ പ്രകടനം നടത്തുകയാണ് സഞ്ജു. കഴിഞ്ഞ പരമ്പര തന്നെ അതിനു തെളിവാണ്. രണ്ടു വിക്കറ്റ് കീപ്പർമാരെ പരമ്പരയിൽ ഉള്‍പ്പെടുത്തുക ബുദ്ധിമുട്ടാണ്. ഇടം കൈ ബാറ്ററായ തിലക് വർമ സ്ക്വാഡിൽ ഉണ്ടാകും. അദ്ദേഹവും മികച്ച ഫോമിലാണ്. അതുകൊണ്ടു തന്നെ ഇടം കൈ ബാറ്ററെന്ന പരിഗണന വന്നാലും ടീമിൽ അങ്ങനെയുള്ള താരങ്ങൾ ഇഷ്ടം പോലെയുണ്ട്.’’– സഞ്ജയ് ബംഗാർ ഒരു സ്പോർട്സ് മാധ്യമത്തിലെ ചർച്ചയിൽ പറഞ്ഞു.
ട്വന്റി20 ക്രിക്കറ്റിൽ മികച്ച ഫോമിലാണ് സഞ്ജു സാംസൺ കളിക്കുന്നത്. ഒടുവിൽ കളിച്ച അഞ്ച് ഇന്നിങ്സുകളിൽ മൂന്ന് സെഞ്ചറികൾ മലയാളി താരം നേടി. ബംഗ്ലാദേശിനെതിരായ അവസാന ട്വന്റി20യിൽ 47 പന്തിൽ 111 റൺസാണ് സഞ്ജു അടിച്ചുകൂട്ടിയത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആദ്യ മത്സരത്തിൽ 107 റൺസും അവസാന മത്സരത്തിൽ 109 റൺസും നേടി സഞ്ജു വിമര്‍ശകർക്കു മറുപടി നൽകുകയും ചെയ്തു.