കോലിയും രോഹിത്തും വലിയ താരങ്ങൾ, ഇത്രയും മോശമായി സംസാരിക്കരുത്: പിന്തുണച്ച് യുവരാജ് സിങ്
Mail This Article
മുംബൈ∙ ബോർഡർ– ഗാവസ്കർ ട്രോഫി കൈവിട്ടതോടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്. ടൂർണമെന്റിൽ നിറം മങ്ങിയ പ്രകടനം നടത്തിയ ക്യാപ്റ്റൻ രോഹിത് ശർമ, സൂപ്പർ താരം വിരാട് കോലി എന്നിവര്‍ക്കെതിരെ മുൻ ക്രിക്കറ്റ് താരങ്ങളടക്കം രൂക്ഷ വിമർശനമാണ് ഉയർത്തുന്നത്. എന്നാൽ കോലിയെയും രോഹിത് ശർമയെയും പിന്തുണച്ച് ഒപ്പം നിൽക്കേണ്ട സമയമാണ് ഇതെന്നു പറയുകയാണ് മുൻ ഇന്ത്യൻ താരം യുവരാജ് സിങ്. ഇരുവരും ചെയ്ത കാര്യങ്ങൾ പരിഗണിച്ചാൽ ഇത്രയും രൂക്ഷമായ ഭാഷയിലുള്ള വിമർശനങ്ങൾ അനീതിയാണെന്നും യുവരാജ് പ്രതികരിച്ചു.
‘‘നമ്മുടെ വലിയ താരങ്ങളായ വിരാട് കോലിയെയും രോഹിത് ശർമയെയുമാണ് ഇതൊക്കെ പറയുന്നത്. ഇവരെക്കുറിച്ച് വളരെ മോശമായി സംസാരിക്കുന്നു. കോലിയും രോഹിതും നേടിയ കാര്യങ്ങളെക്കുറിച്ച് ആളുകൾ മറന്നുപോകുന്നു. അവർ തോറ്റുപോയി, ഇപ്പോൾ മികച്ച രീതിയിൽ കളിക്കാനും സാധിക്കുന്നില്ല. അതിൽ നമ്മളെക്കാളും വേദന അവർക്കു തന്നെയായിരിക്കും.’’– യുവരാജ് സിങ് വാർത്താ ഏജൻസിയായ പിടിഐയോടു പറഞ്ഞു.
‘‘രോഹിത് ശർമ പ്ലേയിങ് ഇലവനിൽനിന്ന് സ്വയം മാറിനിന്നതു വലിയ കാര്യമാണ്. അങ്ങനെയൊന്നു ഞാൻ മുൻപ് കണ്ടിട്ടില്ല. രോഹിത് ശർമയുടെ മഹത്വമാണ് അതു കാണിക്കുന്നത്. സ്വന്തം കരിയറിനേക്കാൾ അദ്ദേഹത്തിന് ടീമാണു പ്രധാനം. ജയിച്ചാലും തോറ്റാലും രോഹിത് ശർമ മഹാനായ ക്യാപ്റ്റനാണ്. അദ്ദേഹത്തിനു കീഴിലാണ് ഇന്ത്യ ഏകദിന ലോകകപ്പ് ഫൈനൽ കളിച്ചത്, നമ്മൾ ട്വന്റി20 ലോകകപ്പ് വിജയിച്ചത്. ഒരുപാടു കാര്യങ്ങൾ നമ്മൾ നേടിയിട്ടുണ്ട്.’’– യുവരാജ് വ്യക്തമാക്കി.