ആദ്യം ടീമിലെ സ്ഥാനം ഉറപ്പിക്കാൻ നോക്ക്: ‘ഗില്ലിന്റെ ക്യാപ്റ്റൻസി മോഹത്തെ’ പരിഹസിച്ച് മഞ്ജരേക്കർ
Mail This Article
മുംബൈ∙ ബോർഡർ– ഗാവസ്കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിൽ മോശം പ്രകടനം നടത്തിയ ശുഭ്മൻ ഗില്ലിനെതിരെ രൂക്ഷവിമര്‍ശനവുമായി സഞ്ജയ് മഞ്ജരേക്കർ. ക്യാപ്റ്റൻസി മോഹിക്കുന്ന ഗിൽ ആദ്യം കഴിവു വച്ച് ടീമില്‍ തെളിയിക്കുകയാണു വേണ്ടതെന്നു മുൻ ഇന്ത്യൻ താരം ഒരു സ്പോർട്സ് മാധ്യമത്തോടു പ്രതികരിച്ചു. ഗൗതം ഗംഭീർ ഇന്ത്യൻ ടീമിന്റെ പരിശീലകനായതിനു പിന്നാലെ ഗില്ലിനെ ഏകദിന, ട്വന്റി20 ടീമുകളുടെ വൈസ് ക്യാപ്റ്റനാക്കിയിരുന്നു.
ഓസ്ട്രേലിയൻ പര്യടനത്തിലെ അവസാന മത്സരത്തിൽ രോഹിത് ശർമ കളിക്കാതിരുന്നതോടെ, യുവതാരം ഗില്ലിന്റെ പേര് ക്യാപ്റ്റൻ സ്ഥാനത്തേക്ക് ഉയർന്നുവന്നിരുന്നു. എന്നാൽ ജസ്പ്രീത് ബുമ്രയെയായിരുന്നു ക്യാപ്റ്റനായി നിയമിച്ചത്. ഇതാണ് സഞ്ജയ് മഞ്ജരേക്കറുടെ വിമർശനത്തിനു കാരണമായത്.
‘‘ശുഭ്മൻ ഗിൽ ഓസ്ട്രേലിയയിൽ ഉള്ളതിനെക്കുറിച്ചു സംസാരമുണ്ടായിരുന്നു. എന്നിട്ട് എന്താണു സംഭവിച്ചത്. രോഹിത് കളിക്കാതിരുന്നുപ്പോൾ ഭാഗ്യത്തിന് ബുമ്രയാണു ക്യാപ്റ്റനായത്. ഗില്ലിന്റെ കരിയർ എവിടെയാണെന്നു നോക്കുക. ആദ്യം കഴിവുവച്ച് നിങ്ങൾ ടീമിൽ ഇടം ഉറപ്പിക്കുകയാണു വേണ്ടത്.’’– മഞ്ജരേക്കർ പ്രതികരിച്ചു. ബോര്‍ഡർ– ഗാവസ്കർ ട്രോഫിയിൽ അഞ്ച് ഇന്നിങ്സുകളിൽനിന്ന് 93 റൺസ് മാത്രമാണ് ഗിൽ നേടിയത്.
ശുഭ്മൻ ഗില്ലിന് ഏകദിന ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനവും നഷ്ടമായേക്കുമെന്നു റിപ്പോർട്ടുകളുണ്ട്. വരാനിരിക്കുന്ന ചാംപ്യൻസ് ട്രോഫിയിൽ രോഹിത് ശർമ ഇന്ത്യയെ നയിക്കുമ്പോൾ ജസ്പ്രീത് ബുമ്ര വൈസ് ക്യാപ്റ്റനാകാനാണു സാധ്യത. ശുഭ്മൻ ഗിൽ ചാംപ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ ഇടം നേടുമെങ്കിലും ഫോം കണ്ടെത്താൻ സാധിച്ചില്ലെങ്കില്‍ പ്ലേയിങ് ഇലവനിൽനിന്നു പുറത്തായേക്കും.