കോലി അവസാനം രഞ്ജി കളിച്ചത് 2012ൽ, രോഹിത് 2015ൽ, താഴുന്ന ബാറ്റിങ് ഗ്രാഫ്; ആഭ്യന്തരമാണ് പ്രശ്നം!
Mail This Article
2013. ഹരിയാനയിലെ ചൗധരി ബൻസി ലാൽ സ്റ്റേഡിയം. ഹരിയാനയ്ക്കെതിരെ മുംബൈയ്ക്കായി രഞ്ജി ട്രോഫി കളിക്കാനെത്തിയ സച്ചിൻ തെൻഡുൽക്കറിനോട് ഒരു മാധ്യമപ്രവർത്തകൻ ചോദിച്ചു: ‘താങ്കൾ എന്തിനാണ് ഇപ്പോഴും രഞ്ജി ട്രോഫി കളിക്കുന്നത്’
സച്ചിൻ പറഞ്ഞു: ‘ആഭ്യന്തര ക്രിക്കറ്റാണ് എന്റെ കരിയർ രൂപപ്പെടുത്തിയത്. എപ്പോഴൊക്കെ ഫോം നഷ്ടപ്പെട്ടതായോ ആത്മവിശ്വാസം കുറഞ്ഞതായോ തോന്നിയാൽ ഞാൻ ആഭ്യന്തര ക്രിക്കറ്റിലേക്കു തിരിച്ചുവരും.’ ആ വർഷം അവസാനമായിരുന്നു രാജ്യാന്തര ക്രിക്കറ്റിൽ സച്ചിൻ തന്റെ അവസാന ടെസ്റ്റ് കളിച്ചത്. 24 വർഷം നീണ്ടുനിന്ന കരിയറിൽ നൂറിലേറെത്തവണ സച്ചിൻ ആഭ്യന്തര ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്.
ഇപ്പോഴത്തെ ഇന്ത്യൻ ടീമിലെ സീനിയർ താരം വിരാട് കോലി അവസാനമായി രഞ്ജി ട്രോഫി കളിച്ചത് 2012ലാണ്, സച്ചിന്റെ അവസാന മത്സരത്തിനും മുൻപ്! ക്യാപ്റ്റൻ രോഹിത് ശർമയുടെ അവസാന രഞ്ജി മത്സരം നടന്നതാവട്ടെ 2015ലും. കരിയറിൽ 23 രഞ്ജി മത്സരങ്ങൾ മാത്രമേ കോലി കളിച്ചിട്ടുള്ളൂ. രോഹിത് 42 മത്സരങ്ങളും.
താഴുന്ന ബാറ്റിങ് ഗ്രാഫ്
ഓസ്ട്രേലിയൻ പരമ്പര തുടങ്ങുന്നതിനു മുൻപ് രഞ്ജി ട്രോഫി ഉൾപ്പെടെയുള്ള ആഭ്യന്തര മത്സരങ്ങൾ കളിച്ച് ഇന്ത്യൻ ബാറ്റർമാർ ഫോം കണ്ടെത്തണമെന്ന് മുൻ താരം സുനിൽ ഗാവസ്കർ നിർദേശിച്ചിരുന്നു. എന്നാൽ സീനിയർ കളിക്കാർ ഉൾപ്പെടെ ആരും ഇതിനു തയാറായില്ല. സ്ഥിരമായി രഞ്ജി ട്രോഫി, ഇംഗ്ലണ്ടിലെ കൗണ്ടി ക്രിക്കറ്റ് എന്നിവയിൽ പങ്കെടുക്കുന്ന അജിൻക്യ രഹാനെ, ചേതേശ്വർ പൂജാര എന്നിവരെ ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ടീമിലേക്കു പരിഗണിച്ചുമില്ല. ഇതിന്റെ തിരിച്ചടികൾ ആദ്യ മത്സരം മുതൽ കണ്ടു തുടങ്ങി. ആദ്യ ടെസ്റ്റിൽ സെഞ്ചറി നേടിയെങ്കിലും വിരാട് കോലി പരമ്പരയിൽ നിറംമങ്ങി. രോഹിത് ശർമ പരമ്പരയിൽ ആകെ നേടിയത് 31 റൺസ്. 2024ൽ ടെസ്റ്റിലെ ഫസ്റ്റ് ഇന്നിങ്സിൽ കോലിയുടെ ബാറ്റിങ് ശരാശരി 7 റൺസാണ്. ഈ കാലയളവിൽ പേസർ ജസ്പ്രീത് ബുമ്രയുടെ ബാറ്റിങ് ശരാശരി 8 റൺസും!
വിരാട് കോലി c/o ഔട്ട്സൈഡ് ഓഫ് സ്റ്റംപ്
പുറത്തായത് കോലിയെങ്കിൽ പന്ത് ഔട്ട്സൈഡ് ഓഫ് സ്റ്റംപ് തന്നെ’ എന്നൊരു ചൊല്ല് ഇപ്പോൾ പ്രചാരത്തിലുണ്ട്. ബോർഡർ– ഗാവസ്കർ ട്രോഫി പരമ്പരയിൽ 7 തവണയാണ് കോലി ഓഫ് സ്റ്റംപിനു പുറത്തുള്ള പന്ത് ‘തേടിപ്പിടിച്ച്’ ഔട്ടായത്. ‘ഇത്രയേറെ തവണ ഒരേ തരത്തിൽ ഔട്ട് ആകുന്നത് കോലിയുടെ അലസതയെയാണ് കാണിക്കുന്നത്’ എന്നായിരുന്നു മുൻ താരം ഇർഫാൻ പഠാന്റെ നിരീക്ഷണം. നെറ്റ്സിൽ മണിക്കൂറുകളോളം പരിശീലനം നടത്തിയിട്ടും ഓഫ് സ്റ്റംപ് കെണി മറികടക്കാൻ കോലിക്കു സാധിക്കുന്നില്ല.
സ്റ്റാൻസിലെ പ്രശ്നം
ലെഗ് ആൻഡ് മിഡിൽ സ്റ്റംപിൽ, രണ്ടു കാലുകളും നേർരേഖയിൽ വരുന്ന ക്ലോസ്ഡ് ചെസ്റ്റ് ബാറ്റിങ് സ്റ്റാൻസായിരുന്നു കുറച്ചുവർഷം മുൻപു വരെ വിരാട് കോലിയുടേത്. 2014ലെ ഇംഗ്ലണ്ട് പര്യടനത്തിൽ ജയിംസ് ആൻഡേഴ്സന്റെ പന്തുകളിൽ തുടർച്ചയായി ഓഫ് സ്റ്റംപിനു പുറത്ത് ഔട്ടാകാൻ തുടങ്ങിയതോടെയാണ് കോലി ക്ലോസ്ഡ് ചെസ്റ്റ് സ്റ്റാൻസിലേക്കു മാറിയത്. വളരെക്കാലം ഓഫ് സ്റ്റംപ് കെണിയിൽ ചാടാതെ നിൽക്കാൻ ഈ സ്റ്റാൻസ് കോലിയെ സഹായിച്ചു. എന്നാൽ ട്വന്റി20 ക്രിക്കറ്റിന്റെ സ്വാധീനംമൂലം പവർ ഹിറ്റിങ് വർധിപ്പിക്കാൻ കോലി വീണ്ടും ഓപ്പൺ ചെസ്റ്റ് സ്റ്റാൻസിലേക്കു മാറി. പ്രശ്നങ്ങളുടെ തുടക്കം ഇവിടെയാണ്. ഓപ്പൺ ചെസ്റ്റ് സ്റ്റാൻസിൽ ഓഫ് സൈഡിൽ കളിക്കുക എളുപ്പമല്ല. ഓഫ് സ്റ്റംപിനു പുറത്തുപോകുന്ന പന്തുകൾ ഏന്തിവലിഞ്ഞ് കളിക്കേണ്ടിവരുന്നു. ഇതാണ് പലപ്പോഴും എഡ്ജിൽ കലാശിക്കുന്നത്.
സച്ചിനല്ല, കോലി
2004ൽ സിഡ്നിയിൽ കവർ ഡ്രൈവ് കളിക്കാതെ ഇരട്ട സെഞ്ചറി നേടിയ സച്ചിൻ തെൻഡുക്കറെ കോലിക്കു മാതൃകയാക്കിക്കൂടേ എന്നു ചോദിക്കുന്നവരുണ്ട്. എന്നാൽ കളിക്കുന്ന ഷോട്ടുകളുടെ എണ്ണത്തിൽ കോലിയെക്കാൾ ബഹുദൂരം മുന്നിലാണ് സച്ചിൻ.
കവർ ഡ്രൈവ് ഒഴിവാക്കിയപ്പോൾ സ്ട്രൈറ്റ് ഡ്രൈവ്, ഓൺ ഡ്രൈവ്, ബാക്ക് ഫൂട്ട് പഞ്ച്, സ്ക്വയർ കട്ട്, ലെഗ് ഗ്ലാൻസ്, സ്വീപ് തുടങ്ങി വിവിധ ഷോട്ടുകളിലൂടെ സച്ചിനു റൺസ് നേടാൻ സാധിച്ചു. അതേസമയം, കോലി കരിയറിലെ 50 ശതമാനത്തോളം റൺസും നേടിയത് കവർ ഡ്രൈവ്, ഫ്ലിക് ഷോട്ടുകളിലൂടെയാണ്. കവർ ഡ്രൈവ് കളിക്കാതിരുന്നാൽ ഓഫ് സ്റ്റംപിനു പുറത്തു വരുന്ന പന്തുകൾ കളിക്കാതെ വിടേണ്ടി വരും. ഇതിൽ ക്ഷമകെട്ടാണ് ഓഫ് സ്റ്റംപിനു പുറത്തുള്ള പന്ത് കോലി വീണ്ടും വീണ്ടും തേടിപ്പോകുന്നത്.
ഇത്തവണ ബോർഡർ–ഗാവസ്കർ പരമ്പരയിൽ ഓസീസ് പേസർമാരായ മിച്ചൽ സ്റ്റാർക്കും പാറ്റ് കമിൻസും ചേർന്നു നേടിയത് ആകെ 256 റൺസ്. മറുവശത്ത് വിരാട് കോലിയും രോഹിത് ശർമയും ചേർന്ന് ആകെ നേടിയത് 221 റൺസ് !