ADVERTISEMENT

മുംബൈ∙ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ ഈയാഴ്ച അവസാനം പ്രഖ്യാപിച്ചേക്കും. പ്രധാനപ്പെട്ട പല താരങ്ങളെയും പുറത്തിരുത്തിയാകും ഇന്ത്യ ഐസിസി ടൂർണമെന്റ് കളിക്കുകയെന്നാണു വിവരം. സീനിയർ താരങ്ങളായ കെ.എൽ. രാഹുൽ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവർക്ക് ചാംപ്യൻസ് ട്രോഫിയിൽ അവസരം ലഭിക്കാൻ സാധ്യതയില്ല. അതേസമയം ക്യാപ്റ്റൻ രോഹിത് ശർമയും സൂപ്പർ താരം വിരാട് കോലിയും ടീമിൽ തുടരും.

അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സിലക്ഷൻ കമ്മിറ്റി ഈയാഴ്ച അവസാനം ചേരുന്നുണ്ട്. അതിനു പിന്നാലെ ടീം പ്രഖ്യാപനമുണ്ടാകും. 2023 ലെ ഏകദിന ലോകകപ്പിൽ ഹാർദിക് പാണ്ഡ്യയ്ക്കു പരുക്കേറ്റപ്പോള്‍, ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനം കെ.എൽ. രാഹുലിനു ലഭിച്ചിരുന്നു. ചാംപ്യൻസ് ട്രോഫിയിൽ ഋഷഭ് പന്തിനെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറാക്കാനാണ് ബിസിസിഐയ്ക്കു താൽപര്യം. എന്നാൽ രാഹുലിനെ ബാക്ക് അപ് വിക്കറ്റ് കീപ്പറാക്കാന്‍ സാധ്യതയുണ്ട്.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ സെഞ്ചറി നേടിയെങ്കിലും, മലയാളി താരം സഞ്ജു സാംസണെ ചാംപ്യൻസ് ട്രോഫി കളിപ്പിക്കാൻ സാധ്യത കുറവാണ്. വിജയ് ഹസാരെ ട്രോഫി കളിക്കുന്ന കേരള ടീമിൽ സഞ്ജു സാംസൺ ഉണ്ടായിരുന്നില്ല. ഇതും മലയാളി താരത്തിനു തിരിച്ചടിയാകും. പരുക്കിൽനിന്നു തിരിച്ചുവരാനൊരുങ്ങുന്ന പേസർ മുഹമ്മദ് ഷമിയെ തുടക്കത്തിൽ തന്നെ ചാംപ്യൻസ് ട്രോഫിയിൽ പരീക്ഷിച്ചേക്കില്ല.

അതേസമയം യുവതാരം യശസ്വി ജയ്സ്വാൾ ബാക്ക് അപ്പ്‍ ഓപ്പണറായി ടീമിലെത്തിയേക്കും. ഏകദിന ക്രിക്കറ്റിൽ ഇതുവരെ അരങ്ങേറ്റ മത്സരം കളിച്ചിട്ടില്ലെങ്കിലും, ട്വന്റി20യിലും ടെസ്റ്റിലും ടീം ഇന്ത്യയുടെ വിശ്വസ്തനായ ബാറ്ററായി ജയ്സ്വാൾ മാറിയിട്ടുണ്ട്.

English Summary:

KL Rahul, Shami, Jadeja set for Champions Trophy snub; Yashasvi Jaiswal as backup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com