സൂര്യകുമാർ യാദവും സഞ്ജുവും ചാംപ്യൻസ് ട്രോഫിയിൽ വേണ്ട: രാഹുൽ കളിക്കണമെന്ന് മുൻ ഇന്ത്യൻ താരം
Mail This Article
മുംബൈ∙ അടുത്ത മാസം നടക്കാനിരിക്കുന്ന ചാംപ്യൻസ് ട്രോഫി ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിനെ പ്രവചിച്ച് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. സൂര്യകുമാർ യാദവും സഞ്ജു സാംസണും ചാംപ്യൻസ് ട്രോഫി കളിക്കേണ്ടതില്ലെന്നാണ് ആകാശ് ചോപ്രയുടെ നിലപാട്. കെ.എൽ. രാഹുലും ഋഷഭ് പന്തുമാണ് ആകാശ് ചോപ്രയുടെ വിക്കറ്റ് കീപ്പർ ബാറ്റർമാർ. ഫെബ്രുവരി 19നാണു ചാംപ്യൻസ് ട്രോഫി മത്സരങ്ങൾ തുടങ്ങുന്നത്. 20ന് ദുബായിൽ ബംഗ്ലദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
ചാംപ്യൻസ് ട്രോഫിക്കു മുൻപ് ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പര കളിക്കുന്നുണ്ട്. മൂന്നു മത്സരങ്ങളുള്ള പരമ്പരയ്ക്കുള്ള ടീമിനെ തന്നെയായിരിക്കും ഇന്ത്യ ചാംപ്യൻസ് ട്രോഫിക്കും അയക്കുകയെന്നാണു വിവരം. ‘‘സൂര്യകുമാർ യാദവ് ചാംപ്യൻസ് ട്രോഫിക്ക് ഉണ്ടാകില്ലെന്നാണ് എനിക്കു തോന്നുന്നത്. വിജയ് ഹസാരെ ട്രോഫിയിൽ സ്കോർ കണ്ടെത്താൻ അദ്ദേഹത്തിനു സാധിച്ചില്ല. സഞ്ജു സാംസൺ ഏകദിന ക്രിക്കറ്റ് കളിക്കുന്നില്ല. അതുകൊണ്ടു തന്നെ ഇവരുടെ പേരുകൾ ചാംപ്യൻസ് ട്രോഫി ടീമിൽ ഉയർന്നുവരില്ല.’’– ആകാശ് ചോപ്ര വ്യക്തമാക്കി.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ശ്രീലങ്കയ്ക്കെതിരെയാണ് ഋഷഭ് പന്ത് അവസാനം ഏകദിന മത്സരം കളിച്ചത്. അവസാന പോരാട്ടത്തിൽ ആറു റൺസ് മാത്രമായിരുന്നു ഇന്ത്യൻ താരത്തിനു നേടാൻ സാധിച്ചത്. ഇന്ത്യൻ മധ്യനിരയ്ക്കു ശക്തി പകരാൻ ശ്രേയസ് അയ്യർ ടീമിലുണ്ടാകണമെന്നും ആകാശ് ചോപ്ര പ്രതികരിച്ചു. ചാംപ്യൻസ് ട്രോഫിക്കുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ ഈ ആഴ്ച അവസാനം പ്രഖ്യാപിക്കുമെന്നാണു വിവരം.