ചാംപ്യൻസ് ട്രോഫിക്ക് ഇന്ത്യൻ ടീം വരണമെന്ന് ‘വാശിപിടിച്ച’ പാക്കിസ്ഥാനിൽ സ്റ്റേഡിയങ്ങളുടെ പണി പാതിവഴിയിൽ; ഐസിസിക്ക് കെണി– വിഡിയോ
Mail This Article
ഇസ്‍ലാമാബാദ്∙ ചാംപ്യൻസ് ട്രോഫിക്കു തുടക്കമാകാൻ ആഴ്ചകൾ മാത്രം ശേഷിക്കെ, ടൂർണമെന്റിന് ആതിഥ്യം വഹിക്കുന്ന പാക്കിസ്ഥാനിൽ സ്റ്റേഡിയങ്ങളുടെ നിർമാണം ഇപ്പോഴും പാതിവഴിയിലെന്ന് റിപ്പോർട്ട്. ടൂർണമെന്റിൽ പങ്കെടുക്കാൻ ഇന്ത്യൻ ടീം പാക്കിസ്ഥാനിലേക്കു വരണമെന്നു വാശിപിടിച്ച് ഇത്രയും നാൾ വാർത്തകളിൽ നിറഞ്ഞുനിന്ന പാക്കിസ്ഥാൻ, അതിനിടെ സ്റ്റേഡിയം നിർമാണം സമയബന്ധിതമായി പൂർത്തിയാക്കുന്നതിൽ വീഴ്ച വരുത്തിയതായാണ് റിപ്പോർട്ട്. ടൂർണമെന്റിനു മുന്നോടിയായി പണി പൂർത്തിയാക്കാവുന്ന നിലയിലല്ല പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതെന്നാണ് വിവരം.
കറാച്ചിയിലെ നാഷനൽ സ്റ്റേഡിയം, ലഹോറിലെ ഗദ്ദാഫി സ്റ്റേഡിയം, റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയം എന്നിവയാണ് ചാംപ്യൻസ് ട്രോഫി മുൻനിർത്തി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അടിയന്തരമായി നവീകരിക്കുന്നത്. ഇവിടെ നടക്കുന്ന നിർമാണ, നവീകരണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാകാൻ സാധ്യത വിരളമാണെന്ന റിപ്പോർട്ടുകൾ, രാജ്യാന്തര ക്രിക്കറ്റ് കൗൺസിലും (ഐസിസി) ഗൗരവത്തിലെടുത്തിട്ടുണ്ട്. നിർമാണപ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ഒരു കർമസമിതിയെ അവിടേക്ക് അയയ്ക്കാനുള്ള നീക്കത്തിലാണ് ഐസിസി.
‘‘വളരെ നിരാശാജനകമായ രീതിയിലാണ് കാര്യങ്ങൾ മുന്നോട്ടുപോകുന്നത്. ടൂർണമെന്റ് ആരംഭിക്കുന്നതിനു മുന്നോടിയായി സ്റ്റേഡിയങ്ങളിലെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്ന ഒരു ലക്ഷണവുമില്ല. നവീകരണ പ്രവർത്തനങ്ങളേക്കാൾ നിർമാണ പ്രവർത്തനങ്ങൾ തന്നെയാണ് ഈ ഘട്ടത്തിലും സ്റ്റേഡിയത്തിൽ നടക്കുന്നത്. ഗാലറിയിലെ സീറ്റുകളുടെ കാര്യത്തിലും ഫ്ലഡ്‌ലൈറ്റുകളുടെ കാര്യത്തിലും ഗ്രൗണ്ടിലെ ഔട്ട്ഫീൽഡ്, പിച്ച് എന്നിവയുടെ കാര്യത്തിലുമെല്ലാം ജോലികൾ ഇഴഞ്ഞാണ് നീങ്ങുന്നത്’ – ഒരു ദേശീയ മാധ്യമം പ്രസിദ്ധീകരിച്ച വാർത്തയിൽ പറയുന്നു.
ഡിസംബർ 31നു മുന്നോടിയായി എല്ലാ ജോലികളും തീർത്ത് ഫെബ്രുവരി 12ന് സ്റ്റേഡിയങ്ങൾ ഐസിസിക്കു കൈമാറാനായിരുന്നു പിസിബിയുടെ തീരുമാനം. എന്നാൽ, സ്റ്റേഡിയങ്ങൾ കൈമാറുന്നതിന് ഒരു മാസം മാത്രം ശേഷിക്കെ നിർമാണ പ്രവർത്തനങ്ങൾ ഒരിടത്തും എത്തിയിട്ടില്ലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇന്ത്യയുടെ മത്സരങ്ങൾ ഇതിനകം യുഎഇയിലേക്ക് മാറ്റിയതിനു പിന്നാലെ, ടൂർണമെന്റ് ഒന്നാകെ വേദിമാറ്റുമോയെന്ന ഭീഷണിയിലാണ് പാക്കിസ്ഥാൻ.
അതേസമയം, നിർമാണ പ്രവർത്തനങ്ങൾ വൈകുന്നുവെന്ന റിപ്പോർട്ടുകൾ തള്ളി പിസിബി രംഗത്തെത്തി. ജനുവരി 25നുള്ളിൽത്തന്നെ ജോലികളെല്ലാം പൂർത്തിയാകുമെന്ന് പിസിബി വാർത്താ കുറിപ്പിൽ അറിയിച്ചു. ന്യൂസീലൻഡും ദക്ഷിണാഫ്രിക്കയും ഉൾപ്പെടുന്ന ത്രിരാഷ്ട്ര പരമ്പര ലഹോറിലും കറാച്ചിയിലുമായിട്ടാകും നടത്തുകയെന്നും പിസിബി പ്രഖ്യാപിച്ചു. മുൻപ് മുൾട്ടാനാണ് പരമ്പരയുടെ വേദിയായി തീരുമാനിച്ചിരുന്നത്.