ADVERTISEMENT

കൊച്ചി∙ പത്തു മത്സരങ്ങൾ നീണ്ട വിലക്കിനൊടുവിൽ, ഡഗ് ഔട്ടിൽ തിരിച്ചെത്തിയ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ വിജയ വഴിയിലെത്തിച്ച് പരിശീലകൻ ഇവാൻ വുക്കോമനോവിച്. ഒരു ഗോൾ വഴങ്ങിയ ശേഷം, രണ്ടു ഗോളുകൾ തിരിച്ചടിച്ചാണ് കൊച്ചി ജവഹർലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ മഞ്ഞക്കടലായി നിറഞ്ഞ ആരാധകരെ സാക്ഷിയാക്കി ബ്ലാസ്റ്റേഴ്സ് വിജയിച്ചുകയറിയത്. ബ്ലാസ്റ്റേഴ്സിനായി ഗ്രീക്ക് താരം ദിമിത്രിയോസ് ഡയമെന്റകോസ് (66–ാം മിനിറ്റ്), ക്യാപ്റ്റൻ അഡ്രിയൻ ലൂണ (84) എന്നിവരാണു ഗോളുകൾ നേടിയത്.

15–ാം മിനിറ്റിൽ ഡിയേഗോ മൗറീഷ്യോയുടെ വകയായിരുന്നു ഒഡീഷയുടെ ആശ്വാസ ഗോൾ. മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽ തുടർച്ചയായി രണ്ടു മിന്നലാക്രമണങ്ങളുമായി ഒഡീഷയാണ് കത്തിക്കയറിയത്. എന്നാൽ ഗോൾ വഴങ്ങാതെ ബ്ലാസ്റ്റേഴ്സ് പിടിച്ചുനിന്നു. പത്താം മിനിറ്റില്‍ നവോച്ച സിങ് നൽകിയ അതിമനോഹരമായ ക്രോസ് ഒഡീഷ പ്രതിരോധ താരങ്ങൾക്കിടയിലൂടെ രാഹുൽ കെ.പിയിലേക്ക് എത്തിയെങ്കിലും താരത്തിന് ലക്ഷ്യം കാണാനായില്ല. പന്ത് ഒഡീഷ പ്രതിരോധ താരം തട്ടിയകറ്റി. 15–ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ആരാധകരെ നിശബ്ദരാക്കിക്കൊണ്ടാണ് ഒഡീഷ ലീഡെടുത്തത്. ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിലെ പിഴവു മുതലെടുത്ത് പന്തു വലയിലെത്തിച്ചത് ഡിയേഗോ മൗറീഷ്യോ. സ്കോര്‍ 1–0.

ആദ്യ ഗോൾ വഴങ്ങിയതോടെ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിലായി. ഒഡീഷ താരം ഇസാക്കിനെ വീഴ്ത്തിയതിന് ബ്ലാസ്റ്റേഴ്സിനെതിരെ അനുവദിച്ച ഫ്രീകിക്ക് എടുത്തത് അഹമ്മദ് ജാഹു. ബാറിനു തൊട്ടു കീഴെക്കൂടി പന്ത് അടിക്കാനുള്ള ശ്രമം ബ്ലാസ്റ്റേഴ്സ് ഗോളി സച്ചിന്‍ സുരേഷ് കൃത്യമായി തട്ടിയകറ്റി. റീബൗണ്ടിൽ പന്ത് പ്രതിരോധിക്കാനുള്ള ബ്ലാസ്റ്റേഴ്സ് താരം നവോച്ച സിങ്ങിന്റെ നീക്കം പിഴച്ചു. താരത്തിന്റെ കയ്യിലാണു പന്തു തട്ടിയത്. ഒഡീഷ താരങ്ങൾ വാദിച്ചതോടെ റഫറി പെനൽറ്റി അനുവദിച്ചു. പക്ഷേ സച്ചിൻ സുരേഷ് ബ്ലാസ്റ്റേഴ്സിന്റെ രക്ഷകനായി.

ആദ്യ ഗോൾ നേടിയ ഡിയേഗോ മൗറീഷ്യയുടെ കിക്ക് സച്ചിൻ സുരേഷ് തട്ടിയകറ്റി. ഇസാക് റാൽറ്റെയുടെ റീബൗണ്ട് ശ്രമവും സച്ചിൻ വിദഗ്ധമായി പരാജയപ്പെടുത്തി. 26–ാം മിനിറ്റിൽ അഡ്രിയൻ ലൂണയുടെ ക്രോസിൽ ബ്ലാസ്റ്റേഴ്സിന് ഗോളവസരം ലഭിച്ചു. ജാപ്പനീസ് താരം ഡെയ്സുകെ സകായുടെ കിക്ക് ഒഡിഷ ക്രോസ് ബാറിനു മുകളിലൂടെ പുറത്തേക്കു പോയി. 38–ാം മിനിറ്റില്‍ മനോഹരമായൊരു നീക്കത്തിലൂടെ ബ്ലാസ്റ്റേഴ്സ് ബോക്സിലേക്ക് ഇരച്ചുകയറി മൗറീഷ്യോ. റിയുവ ഹോർമിപാം, പ്രീതം കോട്ടാൽ എന്നിവരെ മറികടന്ന് മൗറീഷ്യോ മുന്നോട്ടുകുതിച്ചെങ്കിലും സന്ദീപ് സിങ്ങിനു മുന്നിൽ ഒഡീഷ താരം കുടുങ്ങി.

40–ാം മിനിറ്റിൽ രാഹുൽ.കെ.പി ബോക്സിലേക്ക് നൽകിയ പാസ് പിടിച്ചെടുത്ത് ക്വാമെ പെപ്ര ഷോട്ടെടുത്തു. പക്ഷേ പന്തു പോയതു  പുറത്തേക്ക്. ആദ്യ പകുതിയിൽ അവസാന മിനിറ്റുവരെ ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റന്‍ അഡ്രിയൻ ലൂണ പൊരുതിക്കളിച്ചെങ്കിലും സമനില ഗോൾ പിടിക്കാൻ സാധിച്ചില്ല. രണ്ടാം പകുതിയുടെ തുടക്കം മുതൽ നിരന്തരം ആക്രമിച്ചാണ് ബ്ലാസ്റ്റേഴ്സ് കളിച്ചത്. ദിമിത്രിയോസ് ഡയമെന്റകോസ്, ഇന്ത്യൻ താരം ഫ്രെഡി  എന്നിവരെ രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് കളത്തിലിറക്കി. 63–ാം മിനിറ്റിൽ പന്തുമായി ഒറ്റയ്ക്കു കുതിച്ച മൗറീഷ്യോയെ  റിയുവ ഹോർമിപാം ബോക്സിനു തൊട്ടുവെളിയിൽവച്ച് പ്രതിരോധിച്ചുനിര്‍ത്തി. സമ്മര്‍ദത്തിൽ ഹോർമിപാമിനെ ഫൗൾ ചെയ്തതിന്റെ പേരിൽ‍ ഒഡീഷ താരത്തിന് മഞ്ഞ കാർഡും കിട്ടി.

66–ാം മിനിറ്റിൽ ഡെയ്സുകെ സകായുടെ അസിസ്റ്റിൽ ഗ്രീക്ക് താരം ദിമിത്രിയോസ് ഡയമെന്റകോസ് ബ്ലാസ്റ്റേഴ്സിനെ കളിയിലേക്കു തിരികെയെത്തിച്ചു. ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ അഡ്രിയൻ ലൂണയെ വീഴ്ത്തിയതിന് റഫറി അനുവദിച്ച  ഫ്രീകിക്ക് മുതലാക്കിയാണ് മഞ്ഞപ്പടയുടെ ഗോൾ. ഒഡിഷ താരങ്ങൾക്ക് അവസരം നൽകാതെ ‘ക്വിക്ക്’ ഫ്രീകിക്ക് എടുത്ത ലൂണ പന്ത് ഡെയ്സുകെയ്ക്കു കൈമാറി. ബോക്സിലൂടെ പന്തുമായി നീങ്ങി ഡയമെന്റകോസിലേക്കൊരു പാസ്. ഒഡിഷ ഗോളിയെ മറികടന്ന് പന്ത് വലയിലേക്ക് ഡയമെന്റകോസ് തഴുകിവിട്ടു. ഗാലറിയിൽ ആവേശത്തിരയിളക്കം. സ്കോർ 1–1.

അടുത്ത മിനിറ്റിൽ തന്നെ ഡയമെന്റകോസ് വീണ്ടുമൊരു ഷോട്ട് കൂടി എടുത്തെങ്കിലും ഒഡിഷ ഗോളി അമരീന്ദർ സിങ് തട്ടിയകറ്റി. തുടർന്നങ്ങോട്ട് ബ്ലാസ്റ്റേഴ്സിന്റെ സമ്പൂർണ ആക്രമണത്തിനായിരുന്നു സ്റ്റേഡിയം സാക്ഷിയായത്. അവസാന മിനിറ്റുകളിൽ ഇന്ത്യൻ ഫോർവേഡ് ഇഷാൻ പണ്ഡിതയും മലയാളി താരങ്ങളും സഹോദരങ്ങളുമായ അസറും അയ്മനും ബ്ലാസ്റ്റേഴ്സിനായി കളിക്കാനിറങ്ങി. 83–ാം മിനിറ്റിൽ സമനില നേടാമെന്ന ഒഡിഷ മോഹവും തല്ലിക്കെടുത്തി ലൂണ ബ്ലാസ്റ്റേഴ്സിന്റെ വിജയ ഗോൾ കണ്ടെത്തി. അതുവരെ ഡഗ്ഔട്ടില്‍ നിര്‍ദേശങ്ങൾ നൽകി നിന്ന ഇവാൻ വുക്കോമനോവിച്ച് വിജയ ലഹരിയിൽ തുള്ളിച്ചാടിയ നിമിഷമായിരുന്നു അത്. ഡഗ് ഔട്ടിലെ താരങ്ങളും ഗ്രൗണ്ടിലെ പോരാളികളും ഒരുമിച്ച് ബ്ലാസ്റ്റേഴ്സിന്റെ വിജയ ഗോൾ ആഘോഷിച്ചു.

അധികസമയമായ ആറു മിനിറ്റും അവസാനിച്ചതോടെ ബ്ലാസ്റ്റേഴ്സിന് സീസണിലെ മൂന്നാം വിജയം സ്വന്തം. അഞ്ച് മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സിന് മൂന്നു വിജയവും ഒരു സമനിലയും ഒരു തോൽവിയുമാണുള്ളത്. 10 പോയിന്റുമായി പട്ടികയിലെ രണ്ടാം സ്ഥാനക്കാരാണ് ബ്ലാസ്റ്റേഴ്സ്. നാലു മത്സരങ്ങളില്‍നിന്ന് 10 പോയിന്റുള്ള എഫ്സി ഗോവയാണ് ഒന്നാമതു നില്‍ക്കുന്നത്. സീസണിലെ രണ്ടാം തോൽവി ഏറ്റുവാങ്ങിയ ഒഡിഷ ഏഴാം സ്ഥാനത്താണ്.

English Summary:

Kerala Blasters vs Odisha FC football match updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com