ഡിയേഗോ, ഈ പുരസ്കാരം താങ്കൾക്ക്
Mail This Article
ലോകകപ്പ് നേട്ടത്തോടെ പുരസ്കാരം ഏറക്കുറെ ഉറപ്പിച്ചിരുന്ന മുപ്പത്തിയാറുകാരൻ മെസ്സി ഇത്തവണ വോട്ടിങ്ങിൽ മാഞ്ചസ്റ്റർ സിറ്റിയുടെ നോർവേ താരം എർലിങ് ഹാളണ്ട്, പിഎസ്ജിയുടെ ഫ്രഞ്ച് താരം കിലിയൻ എംബപെ എന്നിവരെയാണ് പിന്നിലാക്കിയത്. കഴിഞ്ഞ വർഷം പിഎസ്ജിയുടെ താരമായിരുന്ന മെസ്സി ഈ സീസണിലാണ് അമേരിക്കൻ മേജർ ലീഗ് സോക്കർ ക്ലബ് ഇന്റർ മയാമിയിലേക്കു മാറിയത്. മയാമി ക്ലബ്ബിന്റെ സഹഉടമയായ മുൻ ഇംഗ്ലിഷ് താരം ഡേവിഡ് ബെക്കാമിൽ നിന്നാണ് മെസ്സി പുരസ്കാരം സ്വീകരിച്ചത്. പിഎസ്ജിയിൽ അത്ര മികച്ച പ്രകടനമല്ലാതിരുന്നിട്ടും ലോകകപ്പിൽ അർജന്റീനയ്ക്കു വേണ്ടി കാഴ്ചവച്ച മികവു തന്നെയാണ് മെസ്സിയെ ബലോൻ ദ് ഓർ നേട്ടത്തിലെത്തിച്ചത്.
‘‘ലോകചാംപ്യൻമാരാവുക എന്നതായിരുന്നു ഞങ്ങളുടെ വലിയ ലക്ഷ്യം. അതു സാധിച്ചതിന്റെ സന്തോഷം എന്നെ ഒരിക്കലും വിട്ടുപോവില്ല. ജീവിതകാലം മുഴുവൻ അത് ആസ്വദിക്കാനാവുമെന്ന് ഞാൻ കരുതുന്നു. എല്ലാവർക്കും നന്ദി..’’– പുരസ്കാരവേദിയിൽ തന്റെ അർജന്റീന സഹതാരങ്ങളെ സാക്ഷിയാക്കി മെസ്സി പറഞ്ഞു. അർജന്റീന ഇതിഹാസതാരം ഡിയേഗോ മറഡോണയ്ക്കും മെസ്സി ആദരമർപ്പിച്ചു. ‘‘ഡിയേഗോ, ഈ പുരസ്കാരം ഞാൻ താങ്കളുമായി പങ്കുവയ്ക്കുന്നു’. സുന്ദരമായ ഒരു യാദൃച്ഛികത പോലെ മറഡോണയുടെ 63–ാം ജന്മദിനം കൂടിയായിരുന്നു തിങ്കളാഴ്ച.