ADVERTISEMENT

റിയാദ് ∙ 2034ലെ ഫിഫ ലോകകപ്പ് ഫുട്ബോളിന് സൗദി അറേബ്യ വേദിയാകുമെന്ന് പ്രഖ്യാപിച്ച് ഫിഫ പ്രസിഡന്റ് ജിയാന്നി ഇൻഫന്റീനോ. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഇൻഫന്റീനോ ഇക്കാര്യം പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം ആതിഥേയ രാഷ്ട്രമാകാനുള്ള നീക്കത്തിൽനിന്ന് ഓസ്ട്രേലിയ പിന്മാറിയിരുന്നു. ഇതോടെ സൗദി ഫുട്ബോൾ ലോകകപ്പിന് വേദിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. ഇതിനു പിന്നാലെയാണ് ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ട് ഫിഫ പ്രസിഡന്റിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.

‘‘ഫിഫ ലോകകപ്പിന്റെ അടുത്ത പതിപ്പ് 2026ൽ വടക്കേ അമേരിക്കൻ രാജ്യങ്ങളായ കാനഡ, മെക്സിക്കോ, യുഎസ് എന്നിവിടങ്ങളിൽ നടക്കും. 2030ൽ ആഫ്രിക്കയിലും (മൊറോക്കോ) യൂറോപ്പിലുമായി (പോർച്ചുഗൽ, സ്പെയിൻ) ലോകകപ്പ് അരങ്ങേറും. ഇതിന്റെ ഭാഗമായുള്ള പ്രദർശന മത്സരങ്ങൾ തെക്കേ അമേരിക്കൻ രാജ്യങ്ങളായ അര്‍ജന്റിന, പാരഗ്വായ്, യുറഗ്വായ് എന്നിവടങ്ങിലും നടക്കും. 2034ൽ ഏഷ്യയിൽ നടക്കുന്ന ലോകകപ്പിന് സൗദി അറേബ്യ വേദിയാകും. മൂന്നു പതിപ്പുകൾ, അഞ്ച് ഭൂഖണ്ഡങ്ങൾ, മത്സരങ്ങൾക്ക് വേദിയാകാൻ പത്ത് രാജ്യങ്ങൾ – അത് ഫുട്ബോളിനെ അക്ഷരാർഥത്തില്‍ ആഗോള കായികയിനമാക്കുന്നു’’ –ഇൻഫന്റീനോ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

വേദികൾക്ക് ഫിഫ കൗൺസിൽ അംഗീകാരം നൽകിയതായി ഇൻഫന്റീനോ വ്യക്തമാക്കി. യോഗത്തിൽ ആറ് കോൺഫെഡറേഷനിൽ നിന്നുമുള്ള പ്രതിനിധികൾ പങ്കെടുത്തെന്നും എല്ലാവർക്കും നന്ദി അറിയിക്കുന്നുവെന്നും ഇൻഫന്റീനോ കൂട്ടിച്ചേർത്തു.

ഒക്ടോബര്‍ ആദ്യവാരം ലോകകപ്പ് നടത്താൻ ഏഷ്യ, ഓഷ്യാനിയ രാജ്യങ്ങളെ ഫിഫ ക്ഷണിച്ചതിനു പിന്നാലെ സൗദി അറേബ്യ താൽപര്യം അറിയിച്ചിരുന്നു. സൗദിയേക്കൂടാതെ ഓസ്ട്രേലിയ, മലേഷ്യ, സിംഗപ്പൂർ, ഇന്തോനീഷ്യ എന്നീ രാജ്യങ്ങളാണ്  ലോകകപ്പ് വേദിയാകാൻ താൽപര്യം പ്രകടിപ്പിച്ചത്. ഈ വർഷത്തെ വനിതാ ലോകകപ്പ് ഓസ്ട്രേലിയ, ന്യൂസീലൻഡ് രാജ്യങ്ങളിലായാണു നടന്നത്. 

കഴിഞ്ഞ വർഷത്തെ ലോകകപ്പ് സൗദിയുടെ അയൽ രാജ്യമായ ഖത്തറിലാണു നടന്നത്. ഫൈനലിൽ ഫ്രാൻസിനെ തോൽപിച്ച് അർജന്റീന കിരീടം ഉയർത്തി. ലോകകപ്പിൽ അർജന്റീനയെ കീഴടക്കി സൗദി അറേബ്യൻ ടീം ഫുട്ബോൾ ആരാധകരെ ‍ഞെട്ടിച്ചിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു സൗദിയുടെ വിജയം. മറ്റു രണ്ടു മത്സരങ്ങളും തോറ്റതോടെ ഗ്രൂപ്പ് സിയിൽ അവസാന സ്ഥാനക്കാരായാണ് സൗദി ഖത്തറിൽനിന്നു മടങ്ങിയത്.

English Summary:

Saudi Arabia will host the FIFA World Cup 2034, the president of the International Football Federation (FIFA), Gianni Infantino announced through a social media post

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com