മുഹമ്മദൻസ് ഐ ലീഗ് ജേതാക്കൾ; ഇന്ത്യൻ സൂപ്പർ ലീഗിലേക്കും യോഗ്യത
Mail This Article
ഷില്ലോങ് ∙ ഐ ലീഗ് ഫുട്ബോളിൽ മുഹമ്മദൻസ് സ്പോർട്ടിങ് ക്ലബ് ജേതാക്കൾ. ഷില്ലോങ് ലജോങ്ങിനെ 2–1നു തോൽപിച്ചതോടെയാണ് ഒരു മത്സരം ശേഷിക്കേ മുഹമ്മദൻസ് കിരീടമുറപ്പിച്ചത്. ഇതോടെ അടുത്ത വർഷത്തെ ഇന്ത്യൻ സൂപ്പർ ലീഗിലേക്കും കൊൽക്കത്ത ക്ലബ് യോഗ്യത നേടി. സാങ്കേതികമായുള്ള ചില മാനദണ്ഡങ്ങൾ മാത്രം പൂർത്തീകരിച്ചാൽ മതി.
കളിയുടെ ഒന്നാം മിനിറ്റിൽ തന്നെ അലക്സിസ് ഗോമസിന്റെ ഗോളിൽ മുഹമ്മദൻസ് മുന്നിലെത്തി. 15–ാം മിനിറ്റിൽ ഡഗ്ലസ് ടാർഡിന്റെ പെനൽറ്റി ഗോളിലൂടെ ഷില്ലോങ് തിരിച്ചടിച്ചെങ്കിലും 62–ാം മിനിറ്റിൽ യെവ്‌ജനി കൊസ്‌ലോവിന്റെ ഗോളിൽ മുഹമ്മദ് ജയവും കിരീടവും ഉറപ്പിച്ചു. 23 കളികളിൽ 52 പോയിന്റുള്ള മുഹമ്മദൻസിനെ ഇനി മറ്റൊരു ടീമിനും മറികടക്കാനാവില്ല. 22 കളികളിൽ 44 പോയിന്റുള്ള ശ്രീനിധി ഡെക്കാനാണ് രണ്ടാം സ്ഥാനത്ത്.
ഗോകുലം ഇന്ന് നെരോക്കയ്ക്കെതിരെ
കോഴിക്കോട് ∙ തുടർച്ചയായ തോൽവികളെ തുടർന്ന് സ്പാനിഷ് പരിശീലകൻ ഡോമിംഗോ ഒരാമസിനെ പുറത്താക്കിയ ഗോകുലം ഇന്ന് ഐ ലീഗിൽ മത്സരത്തിനിറങ്ങുന്നു. നെരോക്ക എഫ്സിയുമായാണ് ഇന്നത്തെ മത്സരം. 22 കളികളിൽ 36 പോയിന്റുമായി 5–ാം സ്ഥാനത്താണ് ഗോകുലം. ഷില്ലോങ് സ്പോർട്സ് അക്കാദമി സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴിനാണ് മത്സരം.