വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി, അവസാന മത്സരം കുവൈത്തിനെതിരെ
Mail This Article
ന്യൂഡൽഹി∙ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി രാജ്യാന്തര ഫുട്ബോളിൽനിന്ന് വിരമിക്കുന്നു. കുവൈത്തിനെതിരായ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ കളിച്ച് കരിയർ അവസാനിപ്പിക്കാനാണു താരത്തിന്റെ തീരുമാനം. ജൂൺ ആറിന് കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽവച്ചാണു മത്സരം. 39 വയസ്സുകാരനായ ഛേത്രി ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്സിയുടെ താരമാണ്.
ഇരുപതു വർഷത്തോളം കരിയറിനൊടുവിൽ ഇന്ത്യൻ ഫുട്ബോളിന്റെ ഇതിഹാസമായാണ് ഛേത്രിയുടെ മടക്കം. വ്യാഴാഴ്ച രാവിലെ സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോ സന്ദേശത്തിലാണ് ഛേത്രി വിരമിക്കൽ പ്രഖ്യാപിച്ചത്. ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഗ്രൂപ്പ് എയിൽ ഖത്തറിനു പിന്നില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. കുവൈത്തിനെതിരായ വിജയം ഇന്ത്യയുടെ മുന്നോട്ടുപോക്കിൽ നിർണായകമാകും.
ഉത്തരവാദിത്തവും സമ്മർദവും ആനന്ദവും ഒരുപോലെ ഇഴചേർന്ന ഒരു കരിയറായിരുന്നു തന്റേതെന്ന് ഛേത്രി വിടവാങ്ങൽ സന്ദേശത്തിൽ വ്യക്തമാക്കി. ‘‘ദേശീയ ടീമിനൊപ്പമുള്ള പരിശീലനം ആസ്വദിക്കാനാണു ഞാൻ ശ്രമിക്കുന്നത്. കുവൈത്തിനെതിരായ മത്സരം സമ്മർദമുള്ളതാണ്. അടുത്ത റൗണ്ടറിലേക്ക് യോഗ്യത ഉറപ്പിക്കാൻ ഞങ്ങള്‍ക്ക് മൂന്നു പോയിന്റുകൾ ആവശ്യമാണ്. അതു വളരെ പ്രധാനപ്പെട്ടതാണ്.’’– ഛേത്രി വ്യക്തമാക്കി.
‘‘പക്ഷേ ഈ മത്സരങ്ങളിൽ എനിക്കു വലിയ സമ്മർദം തോന്നുന്നില്ല. കാരണം 15–20 ദിവസമായി ഞാൻ ടീമിനൊപ്പമുണ്ട്. മാത്രമല്ല കുവൈത്തിനെതിരെയുള്ളത് എന്റെ അവസാന മത്സരമാണ്. രാജ്യത്തിനായി കളിക്കുമ്പോൾ ഈ മത്സരങ്ങൾ നല്ലതും, ചിലത് മോശം എന്നും ഞാൻ കരുതാറില്ല. പക്ഷേ കഴിഞ്ഞ ഒന്നര മാസമായി കാര്യങ്ങൾ വിചിത്രമായി തോന്നുന്നുണ്ട്. അതുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനം എടുക്കുന്നത്.’’– ഛേത്രി പ്രതികരിച്ചു.
കഴിഞ്ഞ മാർച്ചിൽ ഗുവാഹത്തിയിൽവച്ചാണ് ഛേത്രി ഇന്ത്യയ്ക്കായി 150–ാം മത്സരം കളിക്കാനിറങ്ങിയത്. ഛേത്രി ഗോൾ നേടിയെങ്കിലും ഇന്ത്യ അഫ്ഗാനോട് 2–1ന് തോറ്റത് നാണക്കേടായി. 2005ൽ ഇന്ത്യയ്ക്കായി അരങ്ങേറ്റ മത്സരം കളിച്ച ഛേത്രി 94 ഗോളുകൾ രാജ്യാന്തര കരിയറിൽ നേടിയിട്ടുണ്ട്. ഇന്ത്യയ്ക്കായി കൂടുതൽ മത്സരങ്ങൾ കളിച്ച താരവും കൂടുതൽ ഗോളുകൾ നേടിയ താരവും ഛേത്രിയാണ്. സജീവമായിട്ടുള്ള താരങ്ങളിൽ ഗോൾ നേട്ടത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും ലയണൽ മെസ്സിക്കും തൊട്ടുപിന്നിലാണ് ഇന്ത്യൻ ഇതിഹാസത്തിന്റെ സ്ഥാനം.