ADVERTISEMENT

മാഞ്ചസ്റ്റർ ∙ ആർസനൽ ആഗ്രഹിച്ച അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ല. അവസാന മത്സരത്തിൽ വെസ്റ്റ് ഹാം യുണൈറ്റഡിനെതിരെ 3–1 ജയവുമായി മാഞ്ചസ്റ്റർ സിറ്റി ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ കിരീടം ഉറപ്പിച്ചു. ഇതേ സമയത്തു നടന്ന മത്സരത്തിൽ എവർട്ടനെതിരെ 2–1നു ജയിച്ചെങ്കിലും ആർസനലിന് രണ്ടാം സ്ഥാനം മാത്രം. മാഞ്ചസ്റ്റർ സിറ്റി–91, ആർസനൽ–89 എന്നതാണ് അവസാന പോയിന്റ് നില.

പോയിന്റ് പട്ടികയിൽ 2 പോയിന്റ് വ്യത്യാസത്തിലാണ് ഇന്നലെ സിറ്റിയും (88) ആർസനലും (86) കളി തുടങ്ങിയത്. വെസ്റ്റ് ഹാമിനെതിരെ സിറ്റി ജയിച്ചില്ലെങ്കിൽ മാത്രമാണ് ആർസനലിനു കിരീടപ്രതീക്ഷയുണ്ടായിരുന്നത്. എന്നാൽ ഹോം ഗ്രൗണ്ടായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ 2–ാം മിനിറ്റിൽ തന്നെ ഗോൾ നേടി ഫിൽ ഫോഡൻ സിറ്റിയെ മുന്നിലെത്തിച്ചു. 18–ാം മിനിറ്റിൽ ഫോഡൻ വീണ്ടും ലക്ഷ്യം കണ്ടതോടെ സിറ്റി കിരീടത്തിൽ ഒരു കൈവച്ചു. 42–ാം മിനിറ്റിൽ മുഹമ്മദ് കുഡുസ് വെസ്റ്റ് ഹാമിനായി ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും അപ്പുറം ആർസനൽ എവർട്ടനെതിരെ 1–1 എന്ന നിലയിലായിരുന്നു. 59–ാം മിനിറ്റിൽ റോഡ്രിയും സിറ്റിക്കായി ലക്ഷ്യം കണ്ടതോടെ ആർസനലിന്റെ പ്രതീക്ഷ അസ്തമിച്ചു.

ഇംഗ്ലിഷ് പ്രിമിയർ ലീഗ് യുഗത്തിൽ തുടരെ നാലു സീസണുകളിൽ ജേതാക്കളാകുന്ന ആദ്യ ടീം എന്ന നേട്ടം സിറ്റി സ്വന്തമാക്കി. പരിശീലകൻ പെപ് ഗ്വാർഡിയോളയ്ക്കു കീഴിൽ 8 സീസണുകളിൽ ആറാം കിരീടവും. സിറ്റിയുടെ നോർവേ താരം എർലിങ് ഹാളണ്ട് 27 ഗോളുകളോടെ ലീഗിലെ ടോപ് സ്കോററായി. മാഞ്ചസ്റ്റർ സിറ്റി, ആർസനൽ, ലിവർപൂൾ, ആസ്റ്റൻ വില്ല ടീമുകൾ യുവേഫ ചാംപ്യൻസ് ലീഗിന് യോഗ്യത നേടി. ഷെഫീൽഡ് യുണൈറ്റഡിനെ 3–0നു തോൽപിച്ച ടോട്ടനം അഞ്ചാം സ്ഥാനത്തോടെ യൂറോപ്പ ലീഗിന് യോഗ്യത നേടി. ല്യുട്ടൻ ടൗൺ, ബേൺലി, ഷെഫീൽഡ് യുണൈറ്റഡ് ടീമുകൾ രണ്ടാം ഡിവിഷനിലേക്കു തരംതാഴ്ത്തപ്പെട്ടു.

ക്ലോപ്പിന് വിജയത്തോടെ വിടവാങ്ങൽ

പരിശീലകൻ യൂർഗൻ ക്ലോപ്പിന്റെ വിടവാങ്ങൽ മത്സരം ലിവർപൂൾ താരങ്ങൾ വിജയത്തോടെ അവിസ്മരണീയമാക്കി. ആൻഫീൽഡ് സ്റ്റേഡിയത്തിൽ വൂൾവ്സിനെതിരെ 2–0നായിരുന്നു ലിവർപൂളിന്റെ ജയം. അലക്സിസ് മക്കലിസ്റ്റർ (34–ാം മിനിറ്റ്), ജാരൽ ക്വാൻസ (40) എന്നിവരാണ് ഗോൾ നേടിയത്. മത്സരത്തിലുടനീളം ആരവം മുഴക്കിയ ലിവർപൂൾ ആരാധകർ നിറകണ്ണുകളോടെയാണ് അൻപത്തിയാറുകാരൻ ക്ലോപ്പിനെ യാത്രയാക്കിയത്. 9 സീസണുകൾ ലിവർപൂളിനെ പരിശീലിപ്പിച്ച ജർമൻകാരൻ ക്ലോപ്പ് മാഞ്ചസ്റ്റർ സിറ്റിയുടെ ആധിപത്യകാലത്തിനിടയിലും ലിവർപൂളിന് ഒരു പ്രിമിയർ ലീഗ് കിരീടവും ഒരു ചാംപ്യൻസ് ലീഗ് കിരീടവും നേടിക്കൊടുത്തു.

English Summary:

English Premier League football updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com