ക്രൊയേഷ്യയെ വിറപ്പിച്ചു, ആദ്യ പകുതിയിൽ മൂന്നു ഗോളുകൾ അടിച്ചുകൂട്ടി, സ്പാനിഷ് വിജയം
Mail This Article
ബെർലിൻ∙ യൂറോ കപ്പിൽ ക്രൊയേഷ്യയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കു തകര്‍ത്ത് സ്പെയിൻ. ആദ്യ പകുതിയിലാണ് സ്പെയിൻ മൂന്നു ഗോളുകളും നേടിയത്. അൽവാരോ മൊറാട്ട (29), ഫാബിയൻ റൂയിസ് (32), ഡാനി കർവജാൽ (47) എന്നിവരാണു സ്പെയിനിന്റെ ഗോൾ സ്കോറര്‍മാർ. ക്രൊയേഷ്യയുടെ ഗോൾ ശ്രമങ്ങളൊന്നും ലക്ഷ്യത്തിലെത്തിയില്ല.
ആദ്യ പകുതിയിൽ ലീഡെടുത്ത സ്പെയിൻ രണ്ടാം പകുതിയിൽ ഗോൾ വഴങ്ങാതെ പിടിച്ചുനിന്നു. 80–ാം മിനിറ്റിൽ പെനാൽറ്റി കിക്കിലൂടെ ക്രൊയേഷ്യ ഒരു ഗോൾ മടക്കിയെങ്കിലും, വാർ പരിശോധനയ്ക്കു ശേഷം ഗോൾ പിൻവലിച്ചു. 78–ാം മിനിറ്റില്‍ ക്രൊയേഷ്യൻ താരം പെരിസിച്ചിനെ റോഡ്രി വീഴ്ത്തിയതിനാണ് റഫറി പെനാൽറ്റി അനുവദിച്ചത്. പെറ്റ്കോവിച്ച് എടുത്ത കിക്ക് സ്പാനിഷ് ഗോളി തട്ടിയകറ്റിയെങ്കിലും, റീബൗണ്ടിൽ പെരിസിച്ച് ലക്ഷ്യം കണ്ടു.
എന്നാൽ പെറ്റ്കോവിച്ച് കിക്കെടുക്കുമ്പോൾ ക്രൊയേഷ്യൻ താരങ്ങൾ ബോക്സിലേക്കു കയറിയെന്നു കണ്ടെത്തിയതിനാല്‍ റഫറി ഈ ഗോൾ അനുവദിച്ചില്ല. വിഡിയോ അസിസ്റ്റ് റഫറി (വാർ) സംവിധാനം ഉപയോഗിച്ച് ഏറെ നേരം പരിശോധിച്ച ശേഷമാണ് ക്രൊയേഷ്യയ്ക്കു ഗോൾ നിഷേധിച്ചത്.
യൂറോ കപ്പില്‍ കളിക്കുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് സ്പാനിഷ് താരം ലാമിൻ യമാൽ ഈ മത്സരത്തോടെ സ്വന്തമാക്കി. 16 വർഷവും 338 ദിവസവുമാണ് ലാമിൻ യമാലിന്റെ പ്രായം. പോളണ്ടിന്റെ കാസ്പർ കൊസ്‍ലോവ്സ്കിയുടെ റെക്കോർഡാണ് യമാൽ പഴങ്കഥയാക്കിയത്. 2020 യൂറോ കപ്പിൽ സ്പെയിനിനെതിരെ ഇറങ്ങുമ്പോൾ 17 വര്‍ഷവും 246 ദിവസവുമായിരുന്നു താരത്തിന്റെ പ്രായം.