തുടക്കത്തിൽ വിറച്ചു, പിന്നാലെ തിരിച്ചടിച്ചു; അൽബേനിയയ്ക്കെതിരെ പൊരുതി ജയിച്ച് ഇറ്റലി
Mail This Article
ഡോർട്മുണ്ട് (ജർമനി) ∙ തുടക്കത്തിൽ വിറച്ചെങ്കിലും പൊരുതി നേടിയ വിജയത്തോടെ നിലവിലെ ചാംപ്യന്മാരായ ഇറ്റലി യൂറോ കപ്പിൽ വരവറിയിച്ചു. ബി ഗ്രൂപ്പ് മത്സരത്തിൽ അൽബേനിയയ്ക്കെതിരെ ഇറ്റലിക്ക് 2–1 വിജയം. ഇറ്റലിക്കായി ഇന്റർ മിലാൻ താരങ്ങളായ അലസാന്ദ്രോ ബസ്റ്റോനി (11–ാം മിനിറ്റ്), നിക്കോൾ ബറേല (16) എന്നിവർ ഗോൾ നേടി. നദിം ബജ്റാമിയാണ് അൽബേനിയയുടെ ഏക ഗോൾ നേടിയത്. യൂറോ കപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഗോളാണ് (23–ാം സെക്കൻഡ്) ബജ്റാമി നേടിയത്.
ആദ്യ മിനിറ്റിനുള്ളിൽ തന്നെ ഇറ്റലിയുടെ ത്രോയിൽ നിന്നു വീണു കിട്ടിയ ബോൾ ഞൊടിയിടയിൽ പോസ്റ്റിലേക്കു നദിം ബദ്റാമി തൊടുത്തു. ഗോൾ വീണതോടെ ഇറ്റലി ഉണർന്നു കളിച്ചു. കോർണറിൽ നിന്നു ലൊറൻസോ പെല്ലഗ്രിനി നീട്ടി നൽകിയ ക്രോസ് അലസാന്ദ്രോ ബസ്റ്റോനി വലയിലേക്ക് ഹെഡ് ചെയ്തു. 5 മിനിറ്റിനുശേഷം നിക്കോൾ ബറേല ഇറ്റലിക്ക് ലീഡ് നൽകി.