സ്ലൊവാക്യയ്ക്കെതിരെ പിന്നിൽനിന്നും തിരിച്ചടിച്ച് യുക്രെയ്ൻ (2–1); ആദ്യ ജയം, പ്രതീക്ഷ
Mail This Article
ഡ്യൂസൽഡോർഫ്∙ യൂറോ കപ്പിൽ ഗ്രൂപ്പ് എഫിലെ നിർണായക മത്സരത്തിൽ സ്‌ലൊവാക്യയെ വീഴ്ത്തി യുക്രെയ്ൻ. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് യുക്രെയ്ന്റെ ജയം. ആദ്യ പകുതിയിൽ ഒരു ഗോളിനു പിന്നിലായിരുന്നു യുക്രെയ്ൻ, രണ്ടാം പകുതിയിൽ രണ്ടു ഗോൾ തിരിച്ചടിച്ചാണ് വിജയം പിടിച്ചെടുത്തത്. 2012ൽ സ്വീഡനെതിരെ പിന്നിൽ നിന്നും തിരിച്ചടിച്ച് 2–1ന് ജയിച്ചശേഷം യുക്രെയ്ൻ സമാന രീതിയിൽ ജയിക്കുന്നത് ഇതാദ്യമാണ്.
യുക്രെയ്നായി മിക്കോള ഷപാരെങ്കോ (54–ാം മിനിറ്റ്), റോമൻ യാരെംചുക് (80–ാം മിനിറ്റ്) എന്നിവർ ഗോൾ നേടി. സ്‌ലൊവാക്യയുടെ ഏക ഗോൾ 17–ാം മിനിറ്റിൽ ഇവാൻ റാൻസ് നേടി.
വിജയത്തോടെ ഗ്രൂപ്പിൽ റുമാനിയയ്ക്കു പിന്നിൽ യുക്രെയ്ൻ രണ്ടാം സ്ഥാനത്തെത്തി. ഈ യൂറോയിൽ യുക്രെയ്ന്റെ ആദ്യ ജയവും സ്‌ലൊവാക്യയുടെ ആദ്യ പരാജയവുമാണിത്. ആദ്യ മത്സരത്തിൽ സ്‌ലൊവാക്യ കരുത്തരായ ബെൽജിയത്തെ അട്ടിമറിച്ചിരുന്നു. അതേസമയം, യുക്രെയ്ൻ ആദ്യ മത്സരത്തിൽ റുമാനിയയോട് ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കു തോറ്റു.