ADVERTISEMENT

ഗെൽസൻകിർഹൻ (ജർമനി) ∙ വെള്ള ജഴ്സിയണിഞ്ഞെത്തിയ ഇറ്റലിപ്പടയെ ഒറ്റ ഗോളിൽ വീഴ്ത്തി സ്പാനിഷ് ചുവപ്പ്! യൂറോയിലെ മരണ ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തിൽ ഇറ്റലിക്കെതിരെ സ്പെയിനിന്റെ ജയം സെൽഫ് ഗോളിൽ. സ്കോർ: സ്പെയിൻ–1, ഇറ്റലി–0.

ഇറ്റലിയുടെ യുവ പ്രതിരോധ താരം റിക്കാർഡോ കാലഫിയോറിയയുടെ പിഴവാണ് 55–ാം മിനിറ്റിൽ സെൽഫ് ഗോളിൽ കലാശിച്ചത്. നീക്കോ വില്യംസ് ഇറ്റലി ബോക്സിലേക്കു നൽകിയ ബോൾ സ്പെയിൻ ക്യാപ്റ്റൻ അൽവാരോ മൊറാട്ട ഹെഡ് ചെയ്തെങ്കിലും ജിയാൻല്യൂജി ഡൊന്നരുമ്മ സേവ് ചെയ്തു. എന്നാൽ തൊട്ടുമുന്നിലുണ്ടായിരുന്ന കാലഫിയോറിയയുടെ മുട്ടിൽ തട്ടി ബോൾ വലയിൽ വീണു.

ഇരു പാതിയിലും പന്തവകാശത്തിലും പാസിങ് കൃത്യതയിലും സ്പെയിനായിരുന്നു മുന്നിൽ. ഇറ്റലിക്ക് ഒരു ഷോട്ട് പോലും സ്പെയിൻ ഗോളിലേക്കു തൊടുക്കാൻ കഴിഞ്ഞില്ല. ഒട്ടേറെ സ്പാനിഷ് ഗോൾ ഷോട്ടുകൾ തടഞ്ഞ് ഇറ്റലിയെ വൻ തോൽവിയിൽ നിന്നു രക്ഷിച്ചതു ക്യാപ്റ്റൻ കൂടിയായ ഗോളി ജിയാൻല്യൂജി ഡൊന്നരുമ്മയാണ്. രണ്ടാം പകുതിയുടെ അധിക മിനിറ്റുകളിൽ പോലും ഡൊന്നരുമ്മയ്ക്കു വിശ്രമമുണ്ടായില്ല.

ആദ്യ പകുതിയിൽ രണ്ടു ക്ലോസ് റേഞ്ച് ഹെഡർ അവസരങ്ങൾ ഉൾപ്പെടെ ലഭിച്ചെങ്കിലും സ്പെയിനു സ്കോർ ചെയ്യാനായില്ല. ഗോളെന്നുറച്ച പെഡ്രിയുടെ ഹെഡറും ഫാബിയൻ റൂയിസിന്റെ ലോങ് റേഞ്ച് ഷോട്ടും ഡൊന്നരുമ്മ തടഞ്ഞു. 71–ാം മിനിറ്റിൽ നീക്കോ വില്യംസിന്റെ സ്ട്രൈക് ടോപ് ബാറിൽ തട്ടിത്തെറിച്ചു.

മുപ്പതിലേറെ ഫൗളുകൾ പിറന്ന മത്സരം പല ഘട്ടത്തിലും ഇരു ടീമുകളും തമ്മിലുള്ള ബലപരീക്ഷണം കൂടിയായി. ഇറ്റലിക്കെതിരായ ജയത്തോടെ 6 പോയിന്റുമായി സ്പെയിൻ നോക്കൗട്ട് ഘട്ടം ഉറപ്പിച്ചു. ഒരു ജയത്തിൽ നിന്നുള്ള 3 പോയിന്റുമായി ഇറ്റലി രണ്ടാം സ്ഥാനത്താണ്. സ്പെയിൻ 25ന് അൽബേനിയേയും ഇറ്റലി ക്രൊയേഷ്യയേയും നേരിടും.

English Summary:

UEFA Euro Cup 2024 Group B Spain vs Italy match

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com