ADVERTISEMENT

ഇംഗിൾവുഡ് (യുഎസ്) ∙ ബ്രസീലിന്റെ പുതുതലമുറ ഫുട്ബോൾ താരങ്ങളുടെ ആവേശപ്രകടനം കാണാൻ കലിഫോർണിയയിലെ സോഫി സ്റ്റേഡിയത്തിൽ കാത്തിരുന്ന 67,000ൽ ഏറെ ആരാധകർക്കു പൊടിനിരാശ സമ്മാനിച്ചൊരു സമനില. കോപ്പ അമേരിക്ക ഫുട്ബോളിലെ ആദ്യ മത്സരത്തിൽ കോസ്റ്ററിക്കയ്ക്കെതിരെ ബ്രസീൽ ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.

കളിയുടെ 75% സമയത്തും പന്തവകാശമുണ്ടായിരുന്നിട്ടും മോശം റഫറീയിങ്ങിന്റെ കൂടി പേരിലാണ് ബ്രസീലിനു ഗോളടിക്കാതെ കളത്തിൽനിന്നു തിരിച്ചു കയറേണ്ടി വന്നത്. മാർക്വിഞ്ഞോസ് കോസ്റ്ററിക്ക വലയിൽ പന്തെത്തിച്ചെങ്കിലും വിഎആർ പരിശോധനയ്ക്കൊടുവിൽ നേരിയ വ്യത്യാസത്തിന് അതു നിഷേധിക്കപ്പെട്ടതു നിരാശയായി. അസിസ്റ്റന്റ് റഫറി ഓഫ്സൈഡ് വിളിച്ചതു മൂന്നര മിനിറ്റ് നീണ്ട വിഎആർ പരിശോധനയ്ക്കു ശേഷം മെക്സിക്കൻ റഫറി സീസർ റാമോസ് ശരിവയ്ക്കുകയായിരുന്നു.

22–ാം മിനിറ്റിൽ കോസ്റ്ററിക്ക താരം ഹക്സൽ ക്വിറിസിന്റെ ഫൗളിൽ വിനീസ്യൂസ് പെനൽറ്റി ഏരിയയിൽ വീണെങ്കിലും റഫറി വിസിലൂതിയില്ല. 39–ാം മിനിറ്റിൽ ലൂക്കാസ് പാക്കറ്റയുടെ ഷോട്ട് കോസ്റ്ററിക്ക താരം യുവാൻ പാബ്ലോ വാർഗാസിന്റെ കയ്യിൽ തട്ടിയതും റഫറി കണ്ടില്ല. ബ്രസീലിന്റെ അപ്രതീക്ഷിത സമനിലയോടെ, പാരഗ്വായെ 2–1നു തോൽപിച്ച കൊളംബിയ ഗ്രൂപ്പ് ഡിയിൽ ഒന്നാമതെത്തി.

പുതിയ കോച്ച് ഡൊറിവൽ ജൂനിയറിനു കീഴിൽ പുതിയ ആക്രമണ ശൈലിക്കു രൂപം നൽകിയ ബ്രസീലിന്റെ ഗംഭീരമായൊരു തുടക്കമാണ് ആരാധകർ പ്രതീക്ഷിച്ചത്. എന്നാൽ സ്പെയിനിലെ 3–ാം ഡിവിഷൻ ക്ലബ് ഇബിസയ്ക്കായി കളിക്കുന്ന കോസ്റ്ററിക്ക ഗോളി പാട്രിക് സെക്യൂറയുടെ തകർപ്പൻ രക്ഷപ്പെടുത്തലുകൾ അവരെ ത‌ടഞ്ഞു. വിനീസ്യൂസൂം റോഡ്രിഗോയും ഉൾപ്പെടുന്ന കരുത്തുറ്റ ബ്രസീൽ മുന്നേറ്റത്തെ ചെറുക്കാൻ കോസ്റ്ററിക്ക 5 പേരുടെ പ്രതിരോധനിരയെയാണ് വിന്യസിച്ചത്.

English Summary:

Copa America 2024: Updates and Highlights of Brazil vs Costa Rica

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com