ഇൻജറി ടൈമിൽ സമനില ഗോൾ, എക്സ്‌ട്രാ ടൈമിൽ വിജയഗോൾ; ഇംഗ്ലണ്ട് ക്വാർട്ടറിൽ
Mail This Article
ഗെൽസൻകിർഹൻ (ജർമനി) ∙ സ്‌ലൊവാക്യൻ തീരത്ത് നങ്കൂരമിടാൻ തുടങ്ങിയ യൂറോ ക്വാർട്ടർ ഫൈനൽ എന്ന നിധി ഇൻജറി സമയത്തു കയ്യെത്തിപ്പിടിച്ചും അധിക സമയത്തു സ്വന്തമാക്കിയും ഇംഗ്ലണ്ട്! ആദ്യ പകുതിയുടെ തുടക്കത്തിൽ സ്‌ലൊവാക്യ നേടിയ ലീഡ് രണ്ടാം പകുതിയുടെ ഇൻജറി സമയത്തും തുടർന്ന് അധിക സമയത്തിന്റെ ആദ്യ പകുതിയിലും നേടിയ ഗോളുകളിലാണ് ഇംഗ്ലണ്ട് മറികടന്നത്. സ്കോർ: ഇംഗ്ലണ്ട്–2, സ്‌ലൊവാക്യ–1.
ഇവാൻ സ്ക്രാൻസാണ് (25–ാം മിനിറ്റിൽ) സ്‌ലൊവാക്യയുടെ ഗോൾ നേടിയത്. ഇൻജറി സമയത്തെ (90+5) ഓവർഹെഡ് കിക്ക് ഗോളിലൂടെ ജൂഡ് ബെലിങ്ങാമും അധിക സമയത്തിന്റെ തുടക്കത്തിൽ ക്യാപ്റ്റൻ ഹാരി കെയ്നുമാണ് ഇംഗ്ലണ്ടിന്റെ രക്ഷകരായത്. ജൂലൈ 6ന് നടക്കുന്ന ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ട് സ്വിറ്റ്സർലൻഡിനെ നേരിടും.
ആദ്യ പകുതിയിൽ തന്നെ 5 താരങ്ങൾ മഞ്ഞ കാർഡ് കണ്ട കളി പലപ്പോഴും ഇരു ടീമുകളും തമ്മിലുള്ള ബലപരീക്ഷണം കൂടിയായി. ഇംഗ്ലണ്ട് പ്രതിരോധ താരങ്ങളുടെ പിഴവിൽ നിന്നാണു സ്‌ലൊവാക്യ അപ്രതീക്ഷിതമായി ആദ്യം സ്കോർ ചെയ്തത്. പിന്നിൽ നിന്ന് ഉയർന്നു വന്ന പന്ത് ഫോർവേഡ് ഡേവിഡ് സ്ട്രെലെക് കാലിൽ നിയന്ത്രിച്ചു നിർത്തി. ഇംഗ്ലണ്ട് ബോക്സിലേക്ക് ഓടിയെത്തിയ മറ്റൊരു ഫോർവേഡ് ഇവാൻ സ്ക്രാൻസ് കൃത്യമായി പന്തു വാങ്ങി ഫിനിഷ് ചെയ്തു. ഇംഗ്ലിഷ് പ്രതിരോധനിര പൊസിഷൻ വീണ്ടെടുക്കും മുൻപ് സ്കോർ 1–0.
രണ്ടാം പകുതിയുടെ 50–ാം മിനിറ്റിൽ ഡിഫൻഡർ കെയ്റൺ ട്രിപ്പിയറിന്റെ അസിസ്റ്റിൽ നിന്നു യുവതാരം ഫിൽ ഫോഡൻ പന്ത് വലയിലെത്തിച്ചെങ്കിലും വിഡിയോ അസിസ്റ്റന്റ് റഫറി ഓഫ്സൈഡ് വിധിച്ചു. സ്കോർ തുല്യമാക്കാൻ ഇംഗ്ലണ്ട് നടത്തിയ തീവ്രശ്രമങ്ങളിൽ നിന്നാണ് ഇൻജറി സമയത്ത് സമനില ഗോൾ വീണത്. സ്‌ലൊവാക്യൻ കോർണർ ഫ്ലാഗിനു സമീപത്തു നിന്നു ഗോളിലേക്കുള്ള കൈൽ വോക്കറിന്റെ ലോങ് ത്രോ മാർക്ക് ഗുയി ബോക്സിലേക്കു ഫ്ലിക് ചെയ്തു. പന്ത് നോക്കി നിന്ന ജൂഡ് ബെല്ലിങ്ങാമിന്റെ തകർപ്പൻ ഓവർഹെഡ് കിക്ക് സ്‌ലൊവാക്യയുടെ ഗോളി മാർട്ടിൻ ഡുബ്രാവ്ക നോക്കി നിൽക്കെ വലയിലേക്ക്. സ്കോർ: 1–1.
എക്സ്‌ട്രാ ടൈമിന്റെ തുടക്കത്തിൽ ലഭിച്ച ഫ്രീകിക്കിൽ നിന്നാണു ഇംഗ്ലണ്ട് വിജയഗോൾ നേടിയത്. പകരക്കാരനായി എത്തിയ കോൾ പാമർ ബോക്സിലേക്കു നൽകിയ ഫ്രീകിക്ക് ഡുബ്രാവ്ക ക്ലിയർ ചെയ്തെങ്കിലും ഇംഗ്ലണ്ട് താരം എബർഷി എസെയ്ക്കാണു ലഭിച്ചത്. എസെ പന്ത് ഐവാൻ ടോണിക്കു നൽകി. ഗോളിലേക്ക് ടോണി ഹെഡ് ചെയ്ത ബോൾ ക്യാപ്റ്റൻ ഹാരി കെയ്ന്റെ മുന്നിലേക്ക്. ക്ലോസ്റേഞ്ച് ഹെഡർ സ്കോർ ബോർഡും കളിയും ഇംഗ്ലണ്ടിന് അനുകൂലമാക്കി (2–1).