ADVERTISEMENT

ഡുൽഡോർ‌ഫ് ∙ ഗോൾ അടിക്കാതെയും അടിപ്പിക്കാതെയും ഫ്രാൻസിനു മുന്നിൽ 85–ാം മിനിറ്റു വരെ പിടിച്ചുനിന്നെങ്കിലും അവസാന നിമിഷം ബൽജിയത്തിന് അടിതെറ്റി. പ്രതിരോധ താരം യാൻ വെർട്ടോംഗന്റെ (85–ാം മിനിറ്റ്) സെൽഫ് ഗോൾ ബൽജിയത്തിന് യൂറോ കപ്പ് ടൂർണമെന്റിന് പുറത്തേക്കും ഫ്രാൻ‌സിന് ക്വാർട്ടർ ഫൈനലിലേക്കുമുള്ള വഴി തുറന്നു. സ്കോർ: ഫ്രാൻസ്–1, ബൽജിയം– 0.

ആദ്യ പകുതിയുടെ തുടക്കം മുതൽ ആക്രമിച്ചു കളിച്ചത് ഫ്രാൻസായിരുന്നു. ഇടതു വിങ്ങിൽ കിലിയൻ എംബപെയും വലതു വിങ്ങിൽ അന്റോയ്ൻ ഗ്രീസ്മാനും ഇടതടവില്ലാതെ ബൽജിയൻ പെനൽറ്റി ഏരിയയിലേക്ക് പന്തുകൾ എത്തിച്ചു നൽകിയെങ്കിലും ലക്ഷ്യം കാണാൻ മാർക്കസ് തുറാമിന് സാധിച്ചില്ല. തുടക്കത്തിൽ ഡിഫൻസീവ് മിഡ്ഫീൽഡറുടെ റോളിലേക്കു മാറിയ ബൽജിയൻ ക്യാപ്റ്റൻ കെവിൻ ഡിബ്രുയ്നെയുടെ കൃത്യമായ ഇടപെടലാണ് ഫ്രാൻസിന്റെ പല മുന്നേറ്റങ്ങളും ചെറുത്തത്. 

പിന്നാലെ കളി ഫ്രാൻസിന്റെ ഹാഫിലേക്കു മാറ്റിയ ഡിബ്രുയ്നെ ബൽജിയൻ കൗണ്ടറുകൾക്ക് ചുക്കാൻ പിടിച്ചു. പ്രധാന സ്ട്രൈക്കറായ റൊമേലു ലുക്കാക്കു ആദ്യ പകുതിയിൽ നിറംമങ്ങിയെങ്കിലും ഇടതു വിങ്ങിൽ പറന്നുകളിച്ച ജെറമി ഡോക്കു ഫ്രാൻസിന് അടിക്കടി ഭീഷണി ഉയർത്തി. ഇതിനിടെ ഗോൾ പോസ്റ്റിലേക്ക് പറന്നിറങ്ങിയ ഡിബ്രുയ്നെയുടെ ഫ്രീകിക്ക് ഫ്രഞ്ച് ഗോൾകീപ്പർ മൈക്ക് മെന്യാൻ തടുത്തിട്ടില്ലായിരുന്നെങ്കിൽ ആദ്യ പകുതി ലീഡോടെ അവസാനിപ്പിക്കാൻ ബൽജിയത്തിന് സാധിക്കുമായിരുന്നു.

പന്തിനായി മത്സരിക്കുന്ന ഫ്രാൻസ് താരം കിലിയൻ എംബപെയും (ഇടത്) ബൽജിയം താരം യാനിക് കരാസ്കോയും.
പന്തിനായി മത്സരിക്കുന്ന ഫ്രാൻസ് താരം കിലിയൻ എംബപെയും (ഇടത്) ബൽജിയം താരം യാനിക് കരാസ്കോയും.

രണ്ടാം പകുതിയിൽ ബൽജിയം പ്രതിരോധത്തിലേക്ക് വലിഞ്ഞു. എംബപെയുടെ ഒറ്റയാൾ മുന്നേറ്റങ്ങൾ ഒഴിച്ചുനിർത്തിയാൽ ബൽജിയം പോസ്റ്റിൽ കാര്യമായ സമ്മർദമുണ്ടാക്കാൻ ഫ്രാൻസിന് സാധിച്ചില്ല. ഇതിനിടെ സ്വന്തം ഹാഫിൽ‌ നിന്നു ലഭിച്ച പന്തുമായി ഫ്രാൻസ് ഗോൾമുഖത്തേക്ക് കുതിച്ചെത്തിയ ഡിബ്രുയ്നെ, പെനൽറ്റി ഏരിയയ്ക്ക് അകത്തേക്ക് നീട്ടിനൽകിയ പന്ത് യാനിക് കരാസ്കോയുടെ കാലിലെത്തി. എന്നാൽ ഗോളെന്നുറച്ച കരാസ്കോയുടെ ഷോട്ട് സ്ലൈഡിങ് ക്ലിയറൻസിലൂടെ തട്ടിയകറ്റിയ തിയോ ഹെർണാണ്ടസ് ഫ്രാൻസിന്റെ രക്ഷകനായി. 

ഫ്രാൻസ് – ബൽജിയം മത്സരത്തിൽ നിന്ന്. (Photo: AFP)
ഫ്രാൻസ് – ബൽജിയം മത്സരത്തിൽ നിന്ന്. (Photo: AFP)

82–ാം മിനിറ്റിൽ ഡിബ്രുയ്നെയുടെ ബുള്ളറ്റ് ഷോട്ട് ഫ്രഞ്ച് പോസ്റ്റ് ലക്ഷ്യമാക്കിവന്നെങ്കിലും മെന്യാൻ ഒരിക്കൽ കൂടി ഗോൾ നിഷേധിച്ചു. ഒടുവിൽ മത്സരം തീരാൻ മിനിറ്റുകൾ ശേഷിക്കെ എൻഗോളൊ കാന്റെയുടെ പാസിൽ നിന്ന്, പകരക്കാരനായി എത്തിയ കോളോ മുവാനിയെടുത്ത ഷോട്ട് ബൽജിയൻ ഡ‍ിഫൻഡർ വെർട്ടോംഗന്റെ കാലിൽ തട്ടി പോസ്റ്റിനകത്തേക്ക്.

English Summary:

UEFA Euro Cup Football 2024 pre quarter France vs Belgium match

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com