ഷൂട്ടൗട്ടിൽ സ്വിറ്റ്സർലൻഡ് മുട്ടുമടക്കി, ഇംഗ്ലണ്ട് യൂറോകപ്പ് സെമി ഫൈനലിൽ
- Saka 80
- Embolo 75
Mail This Article
ഡുസൽഡോർഫ്∙സ്വിറ്റ്സർലൻഡിനെ കീഴടക്കി ഇംഗ്ലണ്ട് യൂറോകപ്പ് സെമി ഫൈനലിൽ. ഷൂട്ടൗട്ടിൽ 5–3നാണ് ഇംഗ്ലണ്ടിന്റെ വിജയം. ഇംഗ്ലണ്ടിനായി കോൾ പാമർ, ജൂഡ് ബെല്ലിങ്ങാം, ബുകായോ സാക്ക, ഇവാൻ ടോനി, ട്രെന്റ് അലക്സാണ്ടർ എന്നിവർ ലക്ഷ്യം കണ്ടു. ഫാബിയൻ ഷാർ, ഷെര്‍ദാൻ ഷാക്കിരി, സെക്കി അംദോനി എന്നിവരാണ് സ്വിറ്റ്‍സർലണ്ടിനായി ഷൂട്ടൗട്ടിൽ വലകുലുക്കിയത്. ആദ്യ കിക്കെടുത്ത സ്വിസ് താരം അകാൻജിയുടെ ശ്രമം ഇംഗ്ലിഷ് ഗോളി ജോർദാൻ പിക്ഫോർഡ് തട്ടിയകറ്റിയത് നിർണായകമായി. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു. 75–ാം മിനിറ്റിൽ ബ്രീൽ എംബോളോയിലൂടെ സ്വിറ്റ്സർലൻഡാണ് ആദ്യ ലീഡെടുത്തത്. എന്നാൽ 80–ാം മിനിറ്റിൽ ബുക്കായോ സാക്കയിലൂടെ ഇംഗ്ലണ്ട് മറുപടി നൽകി.
ആദ്യ പകുതി ഗോൾ രഹിതം
മത്സരത്തിന്റെ തുടക്കം മുതൽ ഇരു ടീമുകളും ആക്രമിച്ച് കളിച്ചെങ്കിലും ആദ്യ പകുതി ഗോൾ രഹിതമായിരുന്നു. 14–ാം മിനിറ്റിൽ ഇംഗ്ലിഷ് താരം ഡെക്‌ലൻ റൈസിന്റെ തകർപ്പൻ ഗോൾ ശ്രമം സ്വിസ് പ്രതിരോധനിര തടഞ്ഞുനിർത്തി. 25–ാം മിനിറ്റിലെ സ്വിസ് സ്ട്രൈക്കർ എംബോളോയുടെ ഷോട്ട് ഇംഗ്ലിഷ് താരം എസ്ര കൊൻസ പ്രതിരോധിച്ചു. ആദ്യ പകുതിയിൽ ഇംഗ്ലണ്ട് അഞ്ച് ഷോട്ടുകളും സ്വിറ്റ്സർലൻഡ് രണ്ടു ഷോട്ടുകളും എടുത്തെങ്കിലും ഓൺടാർഗറ്റ് ഒന്നു പോലുമില്ല.
മിഡ്ഫീൽഡർമാർ തിളങ്ങിയപ്പോൾ ഇരു ടീമുകളുടെയും സ്ട്രൈക്കർമാർ നിറംമങ്ങി. 30–ാം മിനിറ്റിൽ പന്തുമായി മുന്നേറിയ ഇംഗ്ലിഷ് മിഡ്ഫീൽഡർ ജൂഡ് ബെലിങ്ങാമിനെ സ്വിസ് പ്രതിരോധതാരം ഫാബിയൻ ഷേർ ഫൗൾ ചെയ്തു. സ്വിസ് താരത്തിന് മഞ്ഞക്കാർഡ് ലഭിച്ചു. 36–ാം മിനിറ്റിൽ ജൂഡ് ബെല്ലിങ്ങാമും സാക്കയും ചേർന്നു നടത്തിയൊരു ഗോൾ നീക്കം കൃത്യമായ നിരീക്ഷണത്തിലൂടെ സ്വിസ് ഗോളി സോമർ പിടിച്ചെടുത്തു. 38–ാം മിനിറ്റിൽ ഇംഗ്ലണ്ട് താരം ഫിൽ ഫോഡന്റെ പിഴവിൽ സ്വിറ്റ്സർലൻഡിന്റെ കൗണ്ടർ. പക്ഷേ അതും ലക്ഷ്യം കണ്ടില്ല. ആദ്യ പകുതിയിൽ സ്കോർ 0–0.
എംബോളോ ഗോളിനു മറുപടി സാക്ക
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ജൂഡ് ബെല്ലിങ്ങാം നടത്തിയൊരു മുന്നേറ്റം സ്വിസ് പ്രതിരോധ താരം മാനുവൽ അകാൻജി ക്ലിയർ ചെയ്തു. 50–ാം മിനിറ്റിലാണ് മത്സരത്തിലെ ആദ്യ ഓൺ ടാർഗറ്റ് ഷോട്ടെത്തിയത്. സ്വിസ് താരം എംബോളോയുടെ ലോ ഷോട്ട് ഇംഗ്ലിഷ് ഗോളി ജോർദാന്‍ പിക്ഫോർഡ് സമ്മർദങ്ങളില്ലാതെ പിടിച്ചെടുത്തു. 62–ാം മിനിറ്റിൽ സ്റ്റീവന്‍ സൂബറും സിൽവന്‍ വിഡ്മറും സ്വിറ്റ്സർലൻഡിനായി ഗ്രൗണ്ടിലെത്തി. പിന്നാലെ സ്വിസ് ബോക്സിലേക്ക് ഫിൽ ഫോഡൻ പന്ത് ക്രോസ് ചെയ്തു നൽകിയെങ്കിലും ജൂഡ് ബെല്ലിങ്ങാമിന്റെ ഫസ്റ്റ് ടച്ച് സ്വിസ് ഗോൾമുഖത്ത് ഭീഷണി ഉയർത്തിയില്ല. മാനുവൽ അകാൻജിയെ ഫൗൾ ചെയ്തതിന് ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്ൻ മഞ്ഞ കാർഡ് കണ്ടു. 74–ാം മിനിറ്റിൽ സ്വിസ് ഗോളെത്തിയതോടെ ഗാലറിയിലെ ചുവപ്പും വെള്ളയും ജഴ്സി ധരിച്ചെത്തിയ ആരാധകർ ഇളകി മറിഞ്ഞു.
ഏഴാം നമ്പർ ജഴ്സി ധരിച്ച സ്വിസ് സ്ട്രൈക്കർ എംബോളോ മത്സരത്തിലെ ആദ്യ ഗോൾ നേടി. ഇംഗ്ലിഷ് പ്രതിരോധ താരം ജോൺ സ്റ്റോൺസിനെ പരാജയപ്പെടുത്തിക്കൊണ്ടാണ് പന്തെടുത്ത് എംബോളോ ലക്ഷ്യത്തിലെത്തിച്ചത്. 75–ാം മിനിറ്റിലായിരുന്നു സ്വിസ് ഗോളെങ്കിൽ അഞ്ചു മിനിറ്റിനപ്പുറം ഇംഗ്ലണ്ടിന്റെ മറുപടിയെത്തി. ഡെക്‌ലാൻ റൈസിന്റെ അസിസ്റ്റിൽ ബുക്കായോ സാക്ക ഇംഗ്ലണ്ടിനായി സമനില പിടിച്ചു. വലതു വിങ്ങിലൂടെ മുന്നേറിയ താരം സ്വിസ് ബോക്സിനു പുറത്തുനിന്ന് എടുത്ത ഷോട്ട് ലക്ഷ്യത്തിലെത്തുകയായിരുന്നു. തുടർന്നും ഇരു ടീമുകളും നീക്കങ്ങൾ നടത്തിയെങ്കിലും വീണ്ടുമൊരു ഗോൾ മാത്രം വന്നില്ല.