ADVERTISEMENT

ബർലിൻ ∙ യൂറോ കപ്പ് ക്വാർ‌ട്ടർ ഫൈനലിൽ തുർക്കിക്കെതിരെ നെതർലൻഡ്സ് ഒരു ഗോളിനു പിന്നിൽ നിൽക്കേ ഡച്ച് പരിശീലകൻ റൊണാൾഡ് കൂമാൻ 1.97 മീറ്റർ ഉയരമുള്ള ഒരു വജ്രായുധം പ്രയോഗിച്ചു– ഫോർവേഡ് വൗട്ട് വെഗ്ഹോസ്റ്റിനെ കളത്തിലിറക്കി. ഫീൽഡിലൂടെ തുർക്കി ഗോളിലേക്കു കടന്നു കയറാനുള്ള ശ്രമങ്ങളെല്ലാം വിഫലമായതോടെയായിരുന്നു ‌ഉയരക്കാരൻ വെഗ്ഹോസ്റ്റിലൂട‌െ കൂമാന്റെ ‘ആകാശതന്ത്രം’.

രണ്ടാം പകുതിയിൽ വെഗ്ഹോസ്റ്റ് കളത്തിലിറങ്ങിയതോടെ നെതർലൻഡ്സിന്റെ കളിയും മാറി. ഏരിയൽ ബോളുകളിലൂടെ തുർക്കി ഗോൾ പോസ്റ്റ് തുടരെ ലക്ഷ്യം വച്ച നെതർലൻഡ്സിന് ഫലം കിട്ടിയത് 70–ാം മിനിറ്റിൽ. വെഗ്ഹോസ്റ്റിന്റെ ഒരു വോളിയിൽ തുർക്കി കോർണർ വഴങ്ങി. കോർണറിലും വെഗ്ഹോസ്റ്റിനെ മാർക്ക് ചെയ്യാനായിരുന്നു തുർക്കി താരങ്ങൾക്കു തിടുക്കം.

അതിനിടെ സ്വതന്ത്രനായത് ഡിഫൻഡർ സ്റ്റെഫാൻ ഡിഫ്രെ. മെംഫിസ് ഡിപായുടെ ക്രോസിൽ നിന്ന് ഡിഫ്രെയുടെ ഹെഡർ ഗോളിൽ നെതർലൻഡ്സിനു സമനില ഗോൾ. 76–ാം മിനിറ്റിൽ തുർക്കി താരം മെർ‌ട്ട് മുൽദറുടെ സെൽഫ് ഗോൾ കൂടി വന്നതോടെ നെതർലൻഡ്സിന്റെ ജയം 2–1ന്. മത്സരശേഷം കോച്ച് കൂമാനും സഹതാരങ്ങളുമെല്ലാം ഏറ്റവും പ്രശംസിച്ചത് ജർമൻ ബുന്ദസ്‌ലിഗയിൽ ഹൊഫെൻഹൈമിന്റെ താരമായ വെഗ്ഹോസ്റ്റിനെ തന്നെ.

അവസാന 20 മിനിറ്റിലെ 2 ഗോളുകളിൽ വീണെങ്കിലും തുർക്കിയും യൂറോ കപ്പിൽ നിന്നു മ‌‌‌ടങ്ങുന്നത് തലയുയർത്തിത്തന്നെ. ഹാഫ്‌ടൈമിനു ശേഷം പ്രതിരോധത്തിലേക്കു വലിഞ്ഞു കളിച്ചതാണ് തങ്ങൾക്കു തിരിച്ചടിയായതെന്ന് തുർക്കി ക്യാപ്റ്റൻ ഹാകൻ ചൽഹനോലു പറഞ്ഞു. ഈ യൂറോ കപ്പിലെ ഏറ്റവും മികച്ച യുവതാരങ്ങളിലൊരാളായി വാഴ്ത്തപ്പെട്ട പത്തൊൻപതുകാരൻ അർദ ഗുലറുടെ മികവിലായിരുന്നു ടൂർണമെന്റിൽ തുർക്കിയുടെ കുതിപ്പ്.

English Summary:

Forward Vout Weghost has been the architect of the Netherlands' success

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com