ഗോൾകീപ്പർ പിക്ഫോഡിന്റെ ‘വാട്ടർ ബോട്ടിൽ’; ഷൂട്ടൗട്ടിൽ സ്വിറ്റ്സർലൻഡിനെതിരെ ഇംഗ്ലണ്ടിന്റെ തുറുപ്പുചീട്ട്
Mail This Article
ഡോർട്മുണ്ട് (ജർമനി) ∙ ഒരു ചിത്രശലഭത്തിന്റെ ചിറകടി വലിയൊരു കൊടുങ്കാറ്റിനു വരെ കാരണമാകാമെന്ന ബട്ടർഫ്ലൈ ഇഫക്ട് തത്വം ഇംഗ്ലിഷ് ഗോൾകീപ്പർ ജോർദാൻ പിക്ഫോഡ് കഴിഞ്ഞ ദിവസം അൽപമൊന്ന് പരിഷ്കരിച്ചു; ഒരു വാട്ടർ ബോട്ടിൽ വഴി ഒരു ഫുട്ബോൾ ടീമിനെ യൂറോകപ്പിന്റെ സെമിയിൽ എത്തിക്കാം! ശനിയാഴ്ച രാത്രി നടന്ന ഇംഗ്ലണ്ട്– സ്വിറ്റ്സർലൻഡ‍് യൂറോ പ്രീക്വാർട്ടർ മത്സരത്തിലാണ് പിക്ഫോഡിന്റെ വാട്ടർ ബോട്ടിൽ പെനൽറ്റി ഷൂട്ടൗട്ടിൽ ഇംഗ്ലണ്ടിന്റെ രക്ഷകനായത്.
നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഇരു ടീമുകളും 1–1 സമനില പാലിച്ചതോടെ മത്സരം പെനൽറ്റി ഷൂട്ടൗട്ടിലേക്ക് കടന്നു. ഷൂട്ടൗട്ടിൽ കിക്ക് തടയാൻ എത്തിയ പിക്ഫോഡിന്റെ കയ്യിൽ ഇംഗ്ലണ്ട് ടീമിന്റെ അനലിസ്റ്റുകൾ നൽകിയ ഒരു വാട്ടർ ബോട്ടിൽ ഉണ്ടായിരുന്നു. സ്വിസ് ടീമിലെ ഓരോ താരത്തിന്റെയും കിക്ക് തടയാൻ ഏത് ദിശയിലേക്ക് ചാടണമെന്നായിരുന്നു അതിന്റെ പുറത്ത് എഴുതിയിരുന്നത്.
സ്വിസ് താരം മാനുവൽ അകഞ്ചി എടുത്ത ആദ്യ കിക്കിൽ ഇടത്തോട്ട് ചാടാനായിരുന്നു വാട്ടർ ബോട്ടിലിന്റെ ‘നിർദേശം’. അതനുസരിച്ച് ഡൈവ് ചെയ്ത പിക്ഫോഡ് കിക്ക് സേവ് ചെയ്തു. ഫാബിയേൻ ഷെയയെടുത്ത രണ്ടാമത്തെ കിക്ക് വലത്തോട്ട് ചാടാൻ ഓങ്ങി (ഫെയ്ക്കിങ്) ഇടത്തേക്ക് ചാടണമെന്നായിരുന്നു ബോട്ടിലിൽ എഴുതിയിരുന്നത്. എന്നാൽ പിക്ഫോർഡ് ഇടത്തേക്ക് ഓങ്ങി വലത്തോട്ട് ചാടി. ഷെയ അടിച്ചതാവട്ടെ ബോട്ടിലിൽ പറഞ്ഞതു പോലെ ഇടത്തേക്കു തന്നെ– ഗോൾ.
ഷെർദാൻ ഷക്കീരി എടുത്ത മൂന്നാം കിക്കിൽ ബോട്ടിൽ പറഞ്ഞ പ്രകാരം ഇടത്തേക്കു തന്നെ ചാടിയെങ്കിലും പിക്ഫോഡിന്റെ കയ്യിലുരസി പന്ത് വലയിൽ. സെകി അംദൂനിയെടുത്ത നാലാം കിക്കിൽ അൽപസമയം പൊസിഷൻ ഹോൾഡ് ചെയ്ത ശേഷം ഇടത്തോട്ടു ചാടാൻ ബോട്ടിൽ നിർദേശിച്ചെങ്കിലും തുടക്കത്തിൽ തന്നെ പിക്ഫോഡ് ഇടത്തോട്ടു ചാടി. പോസ്റ്റിനു നടുവിലേക്ക് എടുത്ത അംദൂനിയുടെ കിക്ക് വലയിൽ.
മറുവശത്ത് 5 കിക്കുകളും വലയ്ക്കുള്ളിലെത്തിച്ച ഇംഗ്ലണ്ട്, 5–3ന് ഷൂട്ടൗട്ട് ജയിച്ച് സെമിയിൽ കടന്നു. നേരത്തെ, ബ്രീൽ എംബോളോയിലൂടെ 75–ാം മിനിറ്റിൽ സ്വിസ് ടീം ലീഡ് നേടിയെങ്കിലും 5 മിനിറ്റിനുള്ളിൽ ബുകായോ സാകയിലൂടെ ഇംഗ്ലണ്ട് സമനില പിടിച്ചു. പിന്നാലെ ഇരുടീമുകളും ആക്രമിച്ചു കളിച്ചെങ്കിലും ഗോൾ പിറക്കാതെ വന്നതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. സെമിയിൽ നെതർലൻഡ്സാണ് ഗാരത് സൗത്ത്ഗേറ്റിന്റെ ടീമിന്റെ എതിരാളി.