ADVERTISEMENT

ഈസ്റ്റ് റുഥർഫോഡ് (യുഎസ്) ∙ ലയണൽ മെസ്സി ഇല്ലാതെയും മത്സരങ്ങൾ ജയിക്കാൻ പഠിച്ചു! ഈ കോപ്പ അമേരിക്കയിൽ അർജന്റീനയ്ക്കുണ്ടായ ഏറ്റവും വലിയ പ്ലസ് അതാണ്. ഗ്രൂപ്പ് ഘട്ടത്തിൽ പെറുവിനെതിരെ മെസ്സി പുറത്തിരുന്നി‌ട്ടും അർജന്റീന 2–0നു ജയിച്ചു. ക്വാർ‌‌ട്ടറിൽ ഇക്വഡ‍ോറിനെതിരെ പെനൽറ്റി ഷൂട്ടൗട്ടിൽ മെസ്സി ആദ്യ കിക്ക് പാഴാക്കിയിട്ടും ട‌ീം ജയിച്ചു കയറി. ‌ടൂർണമെന്റിൽ മെസ്സി ഇതുവരെ ഗോളൊന്നും നേടാതിരുന്നിട്ടും ആരാധകർക്കും വലിയ സങ്കടമില്ലാത്തതിന്റെ കാരണം ഈ ‘സ്വയംപര്യാപ്തത’ തന്നെ. 

എന്നാൽ കോപ്പ അമേരിക്ക സെമിഫൈനലിൽ നാളെ കാനഡയ്ക്കെതിരെ ഇറങ്ങുന്നത് ‘മെസ്സി ഉള്ള അർജന്റീന’ തന്നെയാണ്. 100 ശതമാനം ഫിറ്റല്ല എന്നു ക്വാർട്ടർ ഫൈനൽ മത്സരത്തിനു മുൻപേ പറഞ്ഞിട്ടും ഇക്വഡോറിനെതിരെ പൂർണസമയം കളിച്ച മെസ്സി കാനഡയ്ക്കെതിരെ ആദ്യ ഇലവനിൽ തന്നെ ഉണ്ടാകും.

കോൺകകാഫ് മേഖലയിൽ നിന്ന് അതിഥികളായെത്തി കോപ്പ അമേരിക്ക ജേതാക്കളാകാനുള്ള മോഹത്തിലാണ് കാനഡ. ഉദ്ഘാടന മത്സരത്തിൽ അർജന്റീനയോടു 2–0നു തോറ്റെങ്കിലും പിന്നീട് കരുത്തരായ ചിലെയെ മറികടന്ന് ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി അവർ നോക്കൗട്ടിലെത്തി. ക്വാർ‌ട്ടറിൽ വെനസ്വേലയ്ക്കെതിരെ ഷൂട്ടൗട്ട് അതിജീവിക്കേണ്ടി വന്നുവെന്നു മാത്രം. ഇന്ത്യൻ സമയം നാളെ പുലർച്ചെ 5.30നാണ് മത്സരം. 

പ്രതിരോധനിരയുടെ കരുത്തിലായിരുന്നു ‌ടൂർണമെന്റിൽ അർജന്റീനയുടെ മുന്നേറ്റം. നാലു മത്സരങ്ങളിൽ നിന്നായി ഒരു ഗോൾ മാത്രമാണ് അവർ വഴങ്ങിയത്. കാനഡയുടെ പ്രശ്നം ഗോളടിക്കാനാവുന്നില്ല എന്നതു തന്നെ. നാലു കളികളിലായി 2 ഗോൾ മാത്രമാണ് അവർക്കു നേടാനായത്. ഇന്ന് അർജന്റീനയ്ക്കെതിരെ 90 മിനിറ്റിൽ ഗോളടിക്കാതിരുന്നാൽ ഷൂട്ടൗട്ടിൽ അവർക്കു നേരിടേണ്ടി വരിക ‘പെനൽറ്റി സേവ് സ്പെഷലിസ്റ്റായ’ അർജന്റീന ഗോളി എമിലിയാനോ മാർ‌ട്ടിനസിനെയാണ്.

English Summary:

Argentina's Copa America semifinal against Canada

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com