യൂറോ കപ്പ് ഫുട്ബോൾ ഒന്നാം സെമിയിൽ ഇന്ന് ഫ്രാൻസ്–സ്പെയിൻ പോരാട്ടം; മത്സരം രാത്രി 12.30ന്
Mail This Article
മ്യൂണിക് ∙ ഗോൾ വഴങ്ങാൻ മടിക്കുന്ന ഫ്രാൻസ്; ഗോളടിക്കാൻ പിശുക്കില്ലാത്ത സ്പെയിൻ...യൂറോ കപ്പ് ഫുട്ബോൾ സെമിഫൈനലിൽ ഫ്രാൻസും സ്പെയിനും തമ്മിലുള്ള പോരാട്ടത്തിൽ എത്ര ഗോൾ പിറക്കുമെന്നതാണ് ആരാധകരുടെയും ബെറ്റിങ് വെബ്സൈറ്റുകളുടെയുമെല്ലാം മുഖ്യചിന്താവിഷയം! മ്യൂണിക്കിലെ അലിയാൻസ് അരീനയിൽ ഇന്നു രാത്രി 12.30നാണ് മത്സരത്തിനു കിക്കോഫ്.
ഫ്രഞ്ച് വിപ്ലവം
ഗോൾ വഴങ്ങാൻ മടിക്കുന്നതിനൊപ്പം ഗോളടിക്കാനും ഫ്രാൻസിനു മടിയുണ്ടെന്നതാണു വാസ്തവം. ക്വാർട്ടർ ഫൈനൽ വരെയുള്ള കളിയിൽ ഒന്നിൽപ്പോലും ഓപ്പൺ പ്ലേയിൽനിന്നു ഗോൾ നേടാൻ ഫ്രാൻസിനു സാധിച്ചിട്ടില്ല. കരുത്തുറ്റ പ്രതിരോധനിരയാകട്ടെ, അഞ്ചിൽ നാലുകളികളിലും ഗോൾ വഴങ്ങിയിട്ടുമില്ല. 2018 ലോകകപ്പ് ജേതാക്കളാവുകയും 2022ൽ ഫൈനലിൽ തോൽക്കുകയും ചെയ്ത ഫ്രാൻസിനു യൂറോപ്യൻ ചാംപ്യൻഷിപ്പിൽ സമീപകാലത്ത് അത്ര മികച്ച റെക്കോർഡില്ല.
2016ൽ രണ്ടാം സ്ഥാനം നേടിയതു മാത്രമാണ് കോച്ച് ദിദിയേ ദെഷാമിനു കീഴിൽ കഴിഞ്ഞ 12 വർഷത്തിനിടയിൽ യൂറോയിൽ ടീമിന്റെ ഏറ്റവും മികച്ച പ്രകടനം. കിലിയൻ എംബപെ ഫോമിലേക്ക് ഉയരുന്നില്ല എന്നതാണ് ഫ്രാൻസ് നേരിടുന്ന പ്രധാന വെല്ലുവിളി. മൂക്കിനു പരുക്കേറ്റ ശേഷം മുഖത്തു ധരിക്കുന്ന കവചം എംബപെയുടെ സ്വഭാവികമായ കളിയെ ബാധിക്കുന്നുണ്ടെന്നതു വ്യക്തം.
സ്പാനിഷ് വസന്തം
യൂറോ കപ്പിലെ 5 മത്സരങ്ങളും ജയിച്ച ഒരേയൊരു ടീമാണ് സ്പെയിൻ. കൂടുതൽ ഗോൾ നേടിയ ടീമുകളിലൊന്നും സ്പെയിനാണ് (11 ഗോൾ). ഏറ്റവുമധികം ഗോൾശ്രമങ്ങളും (102) ബോൾ റിക്കവറിയും (230) അവരുടെ പേരിലാണ്. ചാംപ്യൻഷിപ്പിൽ ഇതുവരെ എത്ര മികച്ച രീതിയിലാണ് അവർ കളിച്ചതെന്നതിന് ഈ കണക്കുകൾ തന്നെ തെളിവ്.
പരുക്കേറ്റ പെദ്രി, സസ്പെൻഷനിലായ ഡാനി കാർവഹാൾ, സെന്റർ ബാക്ക് റോബിൻ ലെ നോർമൻ തുടങ്ങിയവർ ഫ്രാൻസിനെതിരെ കളിക്കില്ലെന്നതു സ്പെയിനു തിരിച്ചടിയാണ്. നിക്കോ വില്യംസ്, ലമീൻ യമാൽ തുടങ്ങിയവരുൾപ്പെടുന്ന യുവനിര ആളിക്കത്തുമ്പോൾ തന്നെ വലിയ മത്സരങ്ങളിലെ പരിചയക്കുറവ് തിരിച്ചടിയുമാണ്. ക്യാപ്റ്റൻ അൽവാരോ മൊറാത്തയുടെ ഫിനിഷിങ് പോരായ്മയും കോച്ച് ലൂയിസ് ഡെ ലാ ഫ്യുയന്തെയെ അലട്ടുന്നു.
പ്രവചനം: ഇരുടീമിന്റെയും പ്രതിരോധനിര കരുത്തുറ്റതാണ്. മത്സരം പെനൽറ്റി ഷൂട്ടൗട്ടിലേക്കു നീളാൻ സാധ്യത.