കോപ്പയിലെന്താണ് ? ‘മാറ്റെ’യാണ് ബ്രോ! വീണ്ടും തരംഗമായി മാറ്റെ ഡ്രിങ്ക്; ‘അഡിക്റ്റ്’ ആയി റൊണാൾഡോയും
Mail This Article
ലോഹത്തകിടുകൾ കൊണ്ട് ചുറ്റിയ, ചിരട്ട പോലുള്ളൊരു കോപ്പ; അതിൽ നിന്നുള്ള വെള്ളി സ്ട്രോ ചുണ്ടിൽ ചേർത്തു വച്ച് ടീം ബസിലേക്കും പരിശീലന മൈതാനത്തേക്കും എത്തുന്ന കളിക്കാർ.. ഫുട്ബോൾ ആരാധകർക്ക് ഈ കാഴ്ച പരിചിതമാണെങ്കിലും ഈ കോപ്പയ്ക്കുള്ളിലെന്താണെന്നത് പലർക്കുമുള്ള കൗതുകം. ഇത്തവണ കോപ്പ അമേരിക്ക ചാംപ്യൻഷിപ്പിലും ഈ ദൃശ്യം പതിവായതോടെ അതിനുള്ളിലെ ‘എനർജി ഡ്രിങ്ക്’ എന്താണെന്ന രഹസ്യം ഇതാ പുറത്തേക്കു തുളുമ്പുന്നു: ലാറ്റിനമേരിക്കയുടെ തനതു പാനീയമായ മാറ്റെ’ ആണിത്.
ഔഷധഗുണങ്ങളുള്ള ‘യെർബ മാറ്റെ’ എന്ന സസ്യത്തിന്റെ ഇലകൾ ഉണക്കിയെടുത്ത് ചൂടുവെള്ളത്തിൽ കലക്കിയെടുക്കുന്നതാണ് മാറ്റെ. തെക്കേ അമേരിക്കയിലെ ആദിമനിവാസികളായ ഗ്വരാനി വിഭാഗക്കാരാണ് ആദ്യമായി മാറ്റെ ഉണ്ടാക്കിയതെന്നാണ് കരുതപ്പെടുന്നത്.
ഇപ്പോൾ പല ബ്രാൻഡുകളിലും പുറത്തിറങ്ങുന്നുണ്ടെങ്കിലും തങ്ങളുടെ പാരമ്പര്യത്തിന്റെ ഒരു തുള്ളി കൂടി ഉൾച്ചേർന്നിട്ടുണ്ട് എന്നതു കൂടിയാണ് മാറ്റെയെ ലയണൽ മെസ്സി ഉൾപ്പെടെയുള്ള ലാറ്റിനമേരിക്കൻ ഫുട‌്ബോളർമാർക്കു പ്രിയപ്പെട്ടതാക്കുന്നത്. ആന്റി ഓക്സിഡന്റുകൾക്കും വിറ്റാമിനുകൾക്കും പുറമേ മിതമായ തോതിൽ കഫീനും അടങ്ങിയതിനാൽ പ്രകൃതിദത്തമായ എനർജി ഡ്രിങ്ക് ആണെന്നതും മാറ്റെയുടെ പ്രത്യേകത. 2022 ലോകകപ്പിനായി ഖത്തറിലേക്കു വിമാനം കയറിയപ്പോൾ അർജന്റീന ടീം കൊണ്ടു പോയത് 240 കിലോഗ്രാം മാറ്റെ ഇലയാണ്.
അർജന്റീനയിലെ 90 ശതമാനം വീടുകളിലും മാറ്റെ ഒരു പതിവുവിഭവമാണ് എന്നതാണ് നാഷനൽ യെർബ മാറ്റെ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്ക്. ദേശീയ ടീമിന്റെ മത്സരകാലത്ത് എല്ലാ ദിവസവും രാവിലെ മെസ്സിയും റോഡ്രിഗോ ഡി പോളും ഹോട്ടൽ മുറിയിൽ ഒരു ‘മാറ്റെ സെഷന്’ വേണ്ടി ഒന്നിച്ചിരിക്കാറുണ്ട്. എമിലിയാനോ മാർട്ടിനസ്, ലിസാന്ദ്രോ മാർട്ടിനസ്, അലക്സിസ് മക്കാലിസ്റ്റർ തുടങ്ങിയവരും മാറ്റെ ഇഷ്ടക്കാർ.
ലീഗുകളിൽ ഒപ്പം കളിക്കുന്ന ലാറ്റിനമേരിക്കൻ താരങ്ങളിൽ പകർന്നു കിട്ടിയ ഈ അഡിക്ഷൻ ഇപ്പോൾ യൂറോപ്യൻ ഫുട്ബോൾ താരങ്ങൾക്കുമുണ്ട്. യൂറോപ്പിൽ മാറ്റെയുടെ‘ബ്രാൻഡ് അംബാസഡർ’മാരിലൊരാൾ മറ്റാരുമല്ല; പണ്ട് മാധ്യമസമ്മേളനത്തിനിടെ കോക്കോകോള ബോട്ടിൽ മുന്നിൽ നിന്നു മാറ്റിവച്ച പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെ!