യമാലിന്റെ മാജിക് ഗോൾ, റെക്കോർഡ്; തോൽവിയറിയാതെ കുതിപ്പ്, ഇതാ വീണ്ടുമൊരു സ്പാനിഷ് വസന്തം
- Yamal 21
- Olmo 25
- Muani 9
Mail This Article
ടിക്കി– ടാക്കയുടെ സുവർണ കാലഘട്ടത്തിനു ശേഷം യൂറോപ്യൻ ഫുട്ബോളിൽ വീണ്ടുമൊരു സ്പാനിഷ് വസന്തത്തിന് അരങ്ങൊരുങ്ങുകയായി. കാലത്തിനനുസരിച്ച് മാറാൻ തയാറാകാതിരുന്ന ഫുട്ബോൾ തന്ത്രത്തെ മാറ്റിനിർത്തിയ സ്പെയിനിന്റെ യുവനിര, സെമിയിൽ കരുത്തരായ ഫ്രാൻസിനെ വീഴ്ത്തിയാണ് ഫൈനല്‍ എൻട്രി നേടിയെടുത്തത്. മധ്യനിരയിലെ യുവ മജീഷ്യൻ പെദ്രി ഇല്ലാതിരുന്നിട്ടും ലാമിൻ യമാൽ, നിക്കോ വില്യംസ് എന്നിവർ ഫ്രഞ്ച് ഗോൾ മുഖത്ത് പടക്കുതിരകളെപ്പോലെ അപകടം വിതയ്ക്കുന്ന കാഴ്ചയായിരുന്നു അലിയാൻസ് അരീന സ്റ്റേഡിയത്തിൽ.
9–ാം മിനിറ്റിലെ ആദ്യ ഗോളിൽ മതിമറന്ന് ആഘോഷിച്ചപ്പോൾ ഫ്രഞ്ച് താരങ്ങൾക്ക് വരാനിരിക്കുന്ന അപകടം മുൻകൂട്ടി കാണാൻ കഴിഞ്ഞില്ല. ലീഡ് നേടിയതോടെ പ്രതിരോധ ഫുട്ബോളിലേക്കു മാറിയ ഫ്രാൻസിന് നാലു മിനിറ്റിനിടെ രണ്ടു മറുപടി ഗോളുകളാണ് സ്പെയിൻ നൽകിയത്. പിന്നിലായിപ്പോയതോടെ ഫ്രഞ്ച് നിര ഒന്നാകെ സ്പെയിനെ വിറപ്പിച്ചെങ്കിലും പ്രതിരോധത്തിൽതട്ടി എല്ലാം പാഴായി. 21–ാം മിനിറ്റിൽ ലമീൻ യമാലും 25–ാം മിനിറ്റിൽ ദാനി ഒൽമോയുമാണ് സ്പെയിനിന്റെ ഗോൾ സ്കോറർമാർ. യൂറോ കപ്പിന്റെ ചരിത്രത്തില്‍ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് 16 വയസ്സുകാരൻ ലാമിൻ യമാലിന്റെ പേരിലായി.
അടിക്ക് തിരിച്ചടി
മത്സരത്തിന്റെ അഞ്ചാം മിനിറ്റിൽ ലാമിൻ യമാലിന്റെ ക്രോസിൽ തലവച്ച് ഗോൾ നേടാനുള്ള സ്പാനിഷ് താരം ഫാബിയൻ റൂയിസിന്റെ ഗോൾ ശ്രമം ബാറിനു മുകളിലൂടെ പുറത്തേക്കുപോയി. തൊട്ടുപിന്നാലെ കോലോ മുവാനിയുടെ പാസിൽ എംബപെയുടെ ഗോൾ നീക്കം. എന്നാൽ സ്പാനിഷ് പ്രതിരോധ താരം നവാസ് ഇതു ക്ലിയര്‍ ചെയ്തു. സ്പെയിൻ മത്സരത്തിന്റെ ചൂടിലേക്കെത്തും മുൻപേ ഫ്രാൻസ് വലകുലുക്കിയിരുന്നു. ബോക്സിനു പുറത്തുനിന്ന് ഫ്രഞ്ച് ക്യാപ്റ്റൻ എംബപെ നൽകിയ പാസിൽനിന്നാണ് ഫ്രാൻസിന്റെ ഗോളെത്തിയത്. മുവാനി പന്തു തലകൊണ്ട് സ്പാനിഷ് വലയിലെത്തിക്കുമ്പോൾ ഗോളി ഉനായ് സിമോണ് നോക്കിനിൽക്കാനേ സാധിച്ചുള്ളൂ.
18–ാം മിനിറ്റിൽ സ്പാനിഷ് ഗോൾ മുഖത്ത് ഭീഷണിയുയർത്തി കിലിയൻ എംബപെ നടത്തിയ അതിവേഗമുള്ള മുന്നേറ്റം പ്രതിരോധം പണിപ്പെട്ടാണു തടഞ്ഞുനിർത്തിയത്. എന്നാൽ 21–ാം മിനിറ്റിൽ സ്പെയിനിന്റെ 16 വയസ്സുകാരൻ ലാമിൻ യമാൽ ഫ്രാൻസിനെ വിറപ്പിച്ചു. ബോക്സിനു പുറത്തുനിന്ന് ഫ്രഞ്ച് പ്രതിരോധ താരങ്ങൾക്കു മുകളിലൂടെ യമാലിന്റെ വണ്ടര്‍ കിക്ക്. ഫ്രഞ്ച് ഗോളി മിക് മഗ്‍നാൻ ഉയര്‍ന്നു ചാടിയെങ്കിലും, ഫ്രാൻസിന്റെ പോസ്റ്റിൽ തട്ടിയ പന്ത് വലയിലെത്തി. സമനില ഗോൾ നേടിയതോടെ കൂടുതൽ ശക്തമായ ആക്രമണങ്ങളാണ് സ്പാനിഷ് മുന്നേറ്റനിര അഴിച്ചുവിട്ടത്.
ആദ്യ ഗോളിന്റെ ഞെട്ടൽ ഫ്രാൻസിനു മാറുംമുൻപേ സ്പെയിന്‍ 25–ാം മിനിറ്റിൽ ലീഡെടുത്തു. ഫ്രാൻസ് ബോക്സിൽനിന്ന് ദാനി ഒൽമോയുടെ കിക്ക് ഫ്രഞ്ച് താരം ജൂൾസ് കോണ്ടെയുടെ കാലിൽ തട്ടി സ്വന്തം വലയിലെത്തി. യൂറോ കപ്പിൽ ഒൽമോയുടെ മൂന്നാം ഗോളാണിത്. ഗാലറിയിൽ ഇളകിമറിഞ്ഞ് സ്പാനിഷ് ആരാധകർ. നെഞ്ചിടിപ്പേറിയ ഫ്രാൻസ് താരങ്ങൾ ആക്രമണങ്ങൾക്കു വേഗത കൂട്ടി. പക്ഷേ സ്പെയിനിന്റെ പരുക്കൻ പ്രതിരോധത്തിൽ തട്ടിനിന്നു. 40–ാം മിനിറ്റിൽ സ്പാനിഷ് താരം നിക്കോ വില്യംസ് നടത്തിയ കൗണ്ടർ ആക്രമണത്തിനൊടുവിൽ ലാമിൻ യമാലിനു പാസ്. താരത്തിന്റെ ഷോട്ട് ലക്ഷ്യം കണ്ടില്ല. പിന്നാലെ ലഭിച്ച കോർണറിൽ പന്ത് ഫ്രഞ്ച് ഗോളി മിക് മഗ്‍നാൻ പിടിച്ചെടുത്തു. ഇതോടെ ആദ്യ പകുതി സ്പെയിൻ മുന്നിൽ. സ്കോർ 2–1.
ഗോളില്ലാ രണ്ടാം പകുതി
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ സ്പാനിഷ് താരം നിക്കോ വില്യംസ് പന്തുമായി നടത്തിയ കൗണ്ടർ അറ്റാക്ക് ഫ്രഞ്ച് ഗോളി മുന്നിലേക്കു കയറിവന്നാണു രക്ഷപെടുത്തിയത്. പന്ത് വീണ്ടും വില്യംസിനു ലഭിക്കാതിരുന്നതോടെ ഗോളവസരം നഷ്ടമായി. 52–ാം മിനിറ്റിൽ ഒസ്മാൻ ഡെംബലെയെ ലക്ഷ്യമിട്ട് എംബപെ നൽകിയ പാസ് സ്പാനിഷ് ഗോളി പിടിച്ചെടുത്തു. പക്ഷേ രണ്ടാം പകുതിയുടെ തുടക്കത്തിൽ സ്പെയിനെ നിരന്തരം വിറപ്പിക്കാൻ ഫ്രഞ്ച് മുന്നേറ്റ നിരയ്ക്കു സാധിച്ചു. 54–ാം മിനിറ്റിൽ കോർണറിൽനിന്നു വന്ന പന്ത് ഫ്രഞ്ച് താരം ചോമേനി ഹെഡ് ചെയ്തെങ്കിലും നേരെ ഗോളി ഉനായ് സിമോണിന്റെ കൈകളിലേക്കായിരുന്നു പോയത്.
രണ്ടാം പകുതിയില്‍ ജീസസ് നവാസിനെ പിൻവലിച്ച് സ്പെയിൻ വിവിയനെ ഇറക്കി. ഗോൾ നേടുക ലക്ഷ്യമിട്ട് ഒരുമിച്ചു മൂന്നു മാറ്റങ്ങളാണ് ഫ്രാന്‍സ് ടീമിൽ കൊണ്ടുവന്നത്. കമവിങ്ക, അന്റോയിൻ ഗ്രീസ്മൻ, ബ്രാഡ്‍ലി ബർകോല എന്നിവർ രണ്ടാം പകുതിയിൽ ഗ്രൗണ്ടിലെത്തി. 61–ാം മിനിറ്റിൽ ഡെംബലെയുടെ ക്രോസിൽനിന്ന് എംബപെയുടെ ഗോൾ ശ്രമം സ്പാനിഷ് ഗോളി പരാജയപ്പെടുത്തി. മുന്നേറ്റത്തേക്കാൾ പന്തു കൈവശം വച്ച് കളിക്കുകയെന്നതായി പിന്നീട് സ്പാനിഷ് താരങ്ങളുടെ ശ്രദ്ധ. സമനില പിടിക്കുക ലക്ഷ്യമിട്ട് ഫ്രാൻസ് ആക്രമണം കടുപ്പിച്ചുകൊണ്ടിരുന്നു.
82–ാം മിനിറ്റിൽ ലാമിൻ യമാൽ എടുത്ത തകർപ്പനൊരു ഷോട്ട് നേരിയ വ്യത്യാസത്തില്‍ ഫ്രാൻസ് പോസ്റ്റിനു ഭീഷണിയാകാതെ പോയി. 76–ാം മിനിറ്റിൽ ഫ്രഞ്ച് താരം ഹെര്‍ണാണ്ടസിന്റെ ഗോൾ ശ്രമം ബാറിനു മുകളിലൂടെ പുറത്തേക്കു പോയി. രണ്ടാം പകുതിയിൽ സ്പാനിഷ് താരം ലപോർട്ടെ പരുക്കേറ്റു ഗ്രൗണ്ടിൽ വീണതോടെ കളി ഏതാനും മിനിറ്റ് നിർത്തിവച്ചു. 86–ാം മിനിറ്റിൽ സ്പാനിഷ് ബോക്സിലേക്കു പന്തുമായി കുതിച്ച എംബപെയുടെ പവർഫുൾ കിക്കും ലക്ഷ്യത്തിലെത്തിയില്ല. 88–ാം മിനിറ്റിൽ സ്പാനിഷ് താരം കുർകുറെലയെ ഫൗൾ ചെയ്തതിന് എഡ്വാർഡോ കമവിങ്കയ്ക്ക് യെല്ലോ കാർഡ് ലഭിച്ചു. രണ്ടാം പകുതിക്ക് അഞ്ച് മിനിറ്റാണ് അധിക സമയം അനുവദിച്ചത്. ഈ സമയവും ഫ്രാൻസ് സമ്മർദം ചെലുത്തിനോക്കിയെങ്കിലും രക്ഷയുണ്ടായില്ല. ഒടുവിൽ 2–1ന്റെ വിജയത്തോടെ സ്പെയിൻ ഫൈനലിൽ.