അഭിഷേക് ചില്ലറക്കാരനല്ല; പിന്നിൽ യുവരാജിന്റെ ‘കോച്ചിങ്’, ഉന്നം യുവി ഒഴിച്ചിട്ട ‘ഇടംകൈ ഓൾറൗണ്ടർ’ പോസ്റ്റ്!
Mail This Article
‘റോം നിർമിക്കപ്പെട്ടത് ഒറ്റ ദിവസം കൊണ്ടല്ല’– ഇന്ത്യൻ യുവ ക്രിക്കറ്റർ അഭിഷേക് ശർമയുടെ പരിശീലന വിഡിയോ പങ്കുവച്ച്, അഭിഷേകിന്റെ മെന്ററും പരിശീലകനുമായ മുൻ ഇന്ത്യൻ താരം യുവരാജ് സിങ് ഇങ്ങനെ എഴുതി. സിംബാബ്‌വെയ്ക്കെതിരായ അരങ്ങേറ്റ മത്സരത്തിൽ പൂജ്യത്തിനു പുറത്തായതിനു പിന്നാലെ, അഭിഷേകിനെതിരെ വൺ സീസൺ വണ്ടർ, ഐപിഎൽ ബുള്ളി തുടങ്ങിയ പരിഹാസങ്ങളുമായി വിമർശകർ രംഗത്തെത്തിയിരുന്നു. ഇവർക്കുള്ള മറുപടിയായിരുന്നു യുവരാജിന്റെ പോസ്റ്റ്.
നിരന്തരമായ പരിശീലനവും കഠിനാധ്വാനവുമാണ് അഭിഷേകിനെ ഇവിടെ എത്തിച്ചതെന്നായിരുന്നു ഈ പഴമൊഴിയിലൂടെ യുവരാജ് അർഥമാക്കിയത്. രണ്ടാം ട്വന്റി20യിൽ വെടിക്കെട്ട് സെഞ്ചറിയുമായി വരവറിയിച്ച പഞ്ചാബ് താരം, ഇന്ത്യൻ ക്രിക്കറ്റിൽ യുവരാജ് ഒഴിച്ചിട്ട ‘ഇടംകൈ ഓൾറൗണ്ടർ’ പോസ്റ്റിലേക്ക് ഇതിനോടകം അവകാശവാദം ഉന്നയിച്ചുകഴിഞ്ഞു.
∙ യുവി ജൂനിയർ
പിതാവും മുൻ ക്രിക്കറ്റ് താരവുമായ യോഗ്‌രാജ് സിങ്ങായിരുന്നു തുടക്കകാലത്ത് യുവരാജിന്റെ പരിശീലകൻ. മണിക്കൂറുകൾ നീളുന്ന, കഠിനമായ പരിശീലന സെഷനുകളാണ് യോഗ്‌രാജ് യുവരാജിന് നൽകിക്കൊണ്ടിരുന്നത്. ഇങ്ങനെ പരിശീലിപ്പിച്ചാൽ മകൻ മരിച്ചുപോകുമെന്ന് യുവരാജിന്റെ അമ്മ ഷബ്നം വേവലാതിപ്പെട്ടപ്പോൾ, ഇവൻ മരിച്ചാൽ മറ്റൊരു മകന്റെ കാര്യം നമുക്ക് ആലോചിക്കാം എന്നായിരുന്നു യോഗ്‌രാജിന്റെ മറുപടി !
പിൽക്കാലത്ത് അച്ഛൻ ‘തല്ലിപ്പഴുപ്പിച്ചെടുത്ത’ കരിയറാണ് തന്റേതെന്ന് യുവരാജും പറഞ്ഞിരുന്നു. ഏറക്കുറെ ഇതേ ശൈലിയിൽ കഠിനമായ പരിശീലന സെഷനുകളിലൂടെയാണ് യുവരാജിന്റെ മേൽനോട്ടത്തിൽ അഭിഷേകും കടന്നുപോകുന്നത്.
∙ അടിത്തുടക്കം
നേരിടുന്ന ആദ്യ പന്തിൽ തന്നെ ബൗണ്ടറി നേടി ബോളറുടെയും എതിർ ടീമിന്റെയും മീതെ മാനസിക ആധിപത്യം നേടുക എന്നതാണ് അഭിഷേകിന്റെ രീതി. ആദ്യ മത്സരത്തിൽ പൂജ്യത്തിനു പുറത്തായിട്ടും അടുത്ത മത്സരത്തിൽ രണ്ടാം പന്തിൽ തന്നെ സിക്സ് നേടാൻ അഭിഷേകിനെ സഹായിച്ചത് ഈ ആക്രമണശൈലിയാണ്. ക്രീസിൽ നേരിടുന്ന ആദ്യത്തെ മൂന്നോ നാലോ പന്തുകളിൽ ഒരു ബൗണ്ടറി നേടിയാൽ അത് തന്റെ ആത്മവിശ്വാസം ഇരട്ടിയാക്കുമെന്ന് അഭിഷേക് പറയുന്നു.
∙ ഹിറ്റ് ഇറ്റ് ഔട്ട്
വിരാട് കോലിയെയോ ശുഭ്മൻ ഗില്ലിനെയോ പോലെ ചെക്ക് ഷോട്ടുകളോ ലോഫ്റ്റഡ് ഡ്രൈവുകളോ അഭിഷേകിന്റെ ഇന്നിങ്സിൽ കാണാൻ സാധിക്കില്ല. മറിച്ച് യുവരാജിന്റേതിനു സമാനമായ സ്ലോഗ് ഷോട്ടുകളും സുരേഷ് റെയ്നയെ ഓർമിപ്പിക്കുന്ന ഇൻസൈഡ് ഔട്ട് ഷോട്ടുകളുമാണ് അഭിഷേകിന്റെ സ്റ്റൈൽ. ഗ്യാപ് ഷോട്ടുകളിലൂടെ ഫോർ നേടുന്നതിനെക്കാൾ ബൗണ്ടറി ക്ലിയർ ചെയ്ത് സിക്സ് നേടുക എന്നതാണ് ഈ ഇരുപത്തിമൂന്നുകാരന്റെ നയം.
‘ചെറുപ്പം മുതൽ ഗ്രൗണ്ട് ഷോട്ടുകളെക്കാൾ പന്ത് ഉയർത്തിയടിക്കുന്നതായിരുന്നു എനിക്ക് താൽപര്യം. ഇതോടെ, പന്തുകൾ ഉയർത്തിയടിക്കുകയാണെങ്കിൽ ബൗണ്ടറി കടക്കുമെന്ന് ഉറപ്പാക്കണമെന്ന് അച്ഛൻ എന്നോടുപറഞ്ഞു. ആ ശൈലിയാണ് ഞാൻ തുടർന്നുവരുന്നത്’– അഭിഷേക് പറയുന്നു.
∙ ഐപിഎൽ ബോയ്
ഈ കഴിഞ്ഞ ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ സിക്സുകളും (16 ഇന്നിങ്സുകളിൽ നിന്നായി 204 സ്ട്രൈക്ക് റേറ്റിൽ 42 സിക്സ്) പവർപ്ലേയിലെ വെടിക്കെട്ട് ഇന്നിങ്സുകളുമായി സൺറൈസേഴ്സ് ഹൈദരാബാദിന്റെ കുതിപ്പിനു ചുക്കാൻ പിടിച്ചതോടെയാണ് അഭിഷേകിന് രാജ്യാന്തര ട്വന്റി20യിലേക്കുള്ള വഴി തുറന്നത്.
രോഹിത് ശർമയുടെ അഭാവത്തിൽ ട്വന്റി20യിൽ ഒരു വെടിക്കെട്ട് ഓപ്പണർ, അതല്ലെങ്കിൽ യുവരാജിനെ പോലെ മധ്യനിരയിൽ തകർത്തടിക്കുന്ന ഒരു ഇടംകൈ ബാറ്റർ– ഈ രണ്ടു ചുമതലകളിലും പരീക്ഷിക്കാവുന്ന താരമാണ് അഭിഷേക്. പാർടൈം ഇടംകൈ സ്പിന്നർ ആണെന്നതും അഭിഷേകിന്റെ സാധ്യത വർധിപ്പിക്കുന്നു.