യുറഗ്വായ്‌യെ വീഴ്ത്തി കൊളംബിയ (0–1); കോപ്പ അമേരിക്കയിൽ അർജന്റീന– കൊളംബിയ ഫൈനൽ
- Jefferson Lerma 39
Mail This Article
ഷാലറ്റ് (യുഎസ്എ) ∙ കോപ്പ അമേരിക്ക ഫുട്ബോളിൽ ഇത്തവണ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച രണ്ടു ടീമുകൾ നേർക്കുനേർ ഏറ്റുമുട്ടിയ സെമിഫൈനൽ പോരാട്ടത്തിൽ യുറഗ്വായ്‌യെ വീഴ്ത്തി കൊളംബിയ ഫൈനലിൽ. എതിരില്ലാത്ത ഒരു ഗോളിനാണ് കൊളംബിയയുടെ വിജയം. 39–ാം മിനിറ്റിൽ മിഡ്ഫീൽഡർ ജെഫേഴ്സൺ ലേമയാണ് കൊളംബിയയ്ക്കായി സ്കോർ ചെയ്തത്. ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെ 5.30നു നടക്കുന്ന ഫൈനലിൽ, അർജന്റീനയാണ് കൊളംബിയയുടെ എതിരാളികൾ.
സൂപ്പര്‍ താരം ഹാമിഷ് റോഡ്രിഗസിന്റെ അസിസ്റ്റിലാണ് കൊളംബിയയുടെ വിജയഗോള്‍ പിറന്നത്. കോര്‍ണറിലൂടെ ലഭിച്ച് പന്ത്, റോഡ്രിഗസ് പെനാല്‍റ്റി ബോക്‌സിലേക്ക് കൈമാറുകയും ജെഫേഴ്സൺ ലേമ അതു ഹെഡ് ചെയ്ത് ഗോൾ പോസ്റ്റിലേക്ക് കയറ്റുകയുമായിരുന്നു. ടൂര്‍ണമെന്റിൽ റോഡ്രിഗസിന്റെ ആറാമത്തെ അസിസ്റ്റാണിത്. ഇതോടെ ഒരു കോപ്പ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റ് നല്‍കുന്ന താരമെന്ന റെക്കോഡ് റോഡ്രിഗസിന് സ്വന്തമായി. 2021 കോപ്പയിൽ അർജന്റീനയുടെ ലയണല്‍ മെസ്സിയുടെ നൽകിയ അഞ്ച് അസിസ്റ്റുകളുടെ റെക്കോർഡാണ് റോഡ്രിഗസ് മറികടന്നത്.
ആദ്യ പകുതിയുടെ അധിക സമയത്ത് ഡാനിയല്‍ മുനോസ് ചുവപ്പ് കാർഡ് കിട്ടി പുറത്തായതോടെ പത്തു പേരുമായാണ് കൊളംബിയ കളി തുടർന്നത്. യുറഗ്വായ്‌യുടെ ഉഗാര്‍ട്ടയുടെ നെഞ്ചില്‍ കൈമുട്ട് കൊണ്ട് ഇടിച്ചതിനാണ് റഫറി രണ്ടാമതും മഞ്ഞ കാർഡ് നൽകിയത്. 31-ാം മിനിറ്റില്‍ അറോജോയെ ഫൗള്‍ ടാക്കിള്‍ ചെയ്തതിനാണ് ആദ്യം മഞ്ഞക്കാര്‍ഡ് കിട്ടിയത്. മത്സരഫലം കൊളംബിയക്ക് അനുകൂലമായി ആറ് മിനിറ്റിനകമാണ് പത്തുപേരായി ചുരുങ്ങിയത്.
ഇതോടെ രണ്ടാം പകുതിയിൽ യുറഗ്വായ് പൊരുതി കളിച്ചു. പന്തടക്കത്തിലും പാസ് കൃത്യയിലുമെല്ലാം യുറഗ്വാസ് മുന്നിട്ടുനിന്നെങ്കിലും ഒന്നും ഗോളാക്കി മാറ്റാൻ സാധിച്ചില്ല. ക്വാർട്ടറിൽ കരുത്തരായ ബ്രസീലിനെ 90 മിനിറ്റ് പിടിച്ചുകെട്ടിയ യുറഗ്വയ്, ഷൂട്ടൗട്ടിൽ വിജയിച്ചാണ് സെമിയിൽ കടന്നത്. പാനമയെ തകർത്തായിരുന്നു കൊളംബിയയുടെ സെമിപ്രവേശം.
23 വർഷത്തിനുശേഷമാണ് കൊളംബിയ കോപ്പ അമേരിക്ക ഫൈനലിൽ കടക്കുന്നത്. 2001ലാണ് കൊളംബിയ അവസാനമായി ഫൈനൽ കളിച്ചത്. അന്നു മെക്സിക്കോയെ പരാജയപ്പെടുത്തി അവർ ചാംപ്യന്മാരാകുകയും ചെയ്തു. കൊളംബിയയുടെ ഏക കോപ്പ അമേരിക്ക കിരീടവും അതു തന്നെ. അതിനാൽ ഫൈനലിൽ വിജയത്തിൽ കുറഞ്ഞതൊന്നും അവർ പ്രതീക്ഷിക്കുന്നില്ല. അതേസമയം, 16–ാം കോപ്പ കിരീടമെന്ന യുറഗ്വായ്‌യുടെ മോഹമാണ് സെമിയിൽ പൊലിഞ്ഞത്. ഞായറാഴ്ച പുലർച്ചെ നടക്കുന്ന ലൂസേഴ്‌സ് ഫൈനലിൽ അവർ കാനഡയെ നേരിടും.