ADVERTISEMENT

ഡോർട്ട്മുണ്ട്∙ യൂറോ കപ്പ് 2024ൽ ഇതുവരെ തോൽവിയറിയാതെ മുന്നേറിയ സ്പാനിഷ് കുതിപ്പിനെ ഇംഗ്ലണ്ട് തടഞ്ഞുനിർ‌ത്തുമോ? അതു സാധിച്ചാൽ ഇത്തവണ കപ്പ് ‘വീട്ടിലേക്കു കൊണ്ടുപോകാം’. തുടര്‍ച്ചയായ രണ്ടാം യൂറോ കപ്പിലാണ് ഇംഗ്ലണ്ട് ഫൈനലിലെത്തുന്നത്. 2021ൽ സ്വന്തം നാട്ടിൽ ന‌ടന്ന ‌ടൂർണമെന്റിന്റെ ഫൈനലിൽ ഇംഗ്ലണ്ട് ഇറ്റലിയോട‌ു പെനൽറ്റി ഷൂട്ടൗ‌ട്ടിൽ പരാജയപ്പെട്ടിരുന്നു. ആ വേദനകള്‍ മറക്കാൻ കപ്പിൽ കുറഞ്ഞതൊന്നും ഹാരി കെയ്നിന്റെ നേതൃത്വത്തിലിറങ്ങുന്ന ഇംഗ്ലിഷ് നിര സ്വപ്നം കാണുന്നില്ല.

ആദ്യം ഗോളടിച്ചിട്ടും അവസാന മിനിറ്റുവരെ 1–1ന് സമനിലയിൽനിന്നിട്ടും ഇംഗ്ലണ്ട്– നെതർലൻഡ്സ് സെമി ഫൈനൽ എക്സ്ട്രാ ടൈമിലേക്കു നീണ്ടില്ല. 90–ാം മിനിറ്റിൽ പകരക്കാരൻ ഒലി വാറ്റ്കിൻസാണ് ഫൈനൽ കുതിപ്പിലേക്ക് ഇംഗ്ലണ്ടിനെ കൈ പിടിച്ചുകയറ്റിയ ഭാഗ്യ താരം. രണ്ടാം പകുതിയിൽ നടന്ന സബ്സ്റ്റിറ്റ്യൂഷനിലാണ് വാറ്റ്കിൻസ് കളിക്കാനിറങ്ങുന്നത്. താരത്തിനൊപ്പമെത്തിയ മറ്റൊരു പകരക്കാരൻ കോൾ പാമറാണ് ഇംഗ്ലണ്ടിന്റെ വിജയ ഗോളിന്റെ അസിസ്റ്റിന് ഉടമ.

നെതർലൻഡ്സ് താരം സാവി ഗോൾ നേടുന്നു. Photo: X@EUROCup
നെതർലൻഡ്സ് താരം സാവി ഗോൾ നേടുന്നു. Photo: X@EUROCup

നാടകീയം ആദ്യ പകുതി

മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽ ഇംഗ്ലണ്ടും നെതർലൻഡ്സും ഒപ്പത്തിനൊപ്പമാണു മത്സരത്തിൽ പൊരുതിയത്. എന്നാൽ ഏഴാം മിനിറ്റിൽ തന്നെ 21 വയസ്സുകാരൻ സാവി സിമോൺസ് നെതർലൻഡ്സിനെ മുന്നിലെത്തിച്ചത് ഇംഗ്ലണ്ടിനെ ഞെട്ടിച്ചു. ഇംഗ്ലണ്ടിന്റെ ശക്തമായ പ്രതിരോധം മറികടന്ന് ബോക്സിനു പുറത്തുനിന്നാണ് സാവി അതിവേഗത്തിലൊരു ഷോട്ട് തൊടുത്തത്. ഇംഗ്ലണ്ട് ഗോൾ കീപ്പര്‍ ജോർദാൻ പിക്ഫോർഡിന് സാധ്യതകളൊന്നും ബാക്കിവയ്ക്കാതെ പന്ത് വലയിലെത്തി. ഇംഗ്ലിഷ് താരം ഡെക്‌ലാൻ റൈസിൽനിന്ന് പന്തു തട്ടിയെടുത്ത ശേഷമാണ് സാവി, പോസ്റ്റിന്റെ ഇടതു മൂലയിലൂടെ പന്ത് ഗോളിലെത്തിച്ചത്.

ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്ന്റെ ആഹ്ലാദം. Photo: X@EUROCup
ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്ന്റെ ആഹ്ലാദം. Photo: X@EUROCup

ഗോൾ വീണതോടെ ഇംഗ്ലണ്ട് താരങ്ങൾ നെതർലൻഡ്സ് ഗോൾ മുഖത്ത് ആക്രമണം ശക്തമാക്കി. 13–ാം മിനിറ്റിൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്ന്റെ ഷോട്ട് ഡച്ച് ഗോളി ബാർട്ട് വെർബ്രഗൻ പിടിച്ചെടുത്തു. തൊട്ടുപിന്നാലെ ഡച്ച് ബോക്സിൽനിന്ന് ഹാരി കെയ്ന്റെ വോളി ഗോളാകാതെ പോയി. ഹാരി കെയ്നെ ഫൗൾ ചെയ്തു വീഴ്ത്തിയതിന് ഡെൻസല്‍ ഡെംഫ്രീസ് മഞ്ഞ കാർഡ് കണ്ടു. വിഎആർ പരിശോധനകൾക്കു ശേഷം റഫറി ഇംഗ്ലണ്ടിന് പെനൽറ്റി കിക്ക് അനുവദിച്ചു. പന്ത് പോസ്റ്റിന്റെ ഇടതുമൂലയിലൂടെ വലയിലെത്തിച്ച് ഹാരി കെയ്ൻ ഇംഗ്ലണ്ടിനെ ഒപ്പമെത്തിച്ചു. സ്കോർ 1–1.

ഇംഗ്ലണ്ട്– നെതർലൻഡ്സ് മത്സരത്തിൽനിന്ന്. Photo: X@EUROCup
ഇംഗ്ലണ്ട്– നെതർലൻഡ്സ് മത്സരത്തിൽനിന്ന്. Photo: X@EUROCup

23–ാം മിനിറ്റിൽ ഇംഗ്ലണ്ട് താരം ഫിൽ ഫോഡന്റെ ഷോട്ട് ഗോൾ ലൈനിൽ വച്ച് ‍ഡച്ച് താരം ഡെംഫ്രീസ് സേവ് ചെയ്തു. 30–ാം മിനിറ്റിൽ ലഭിച്ച കോർണറിൽ ഹെഡ് ചെയ്ത് നെതർലൻഡ്സിനെ മുന്നിലെത്തിക്കാൻ ഡെംഫ്രീസിന്റെ ശ്രമം. പന്ത് ബാറിലിടിച്ച് പുറത്തേക്കുപോയത് നെതർലൻഡ്സ് ആരാധകർക്കു നിരാശയായി. 32–ാം മിനിറ്റിൽ ഇംഗ്ലിഷ് താരം ഫിൽ ഫോഡന്റെ ഷോട്ട് പോസ്റ്റിൽ തട്ടിത്തെറിച്ചു. 36–ാം മിനിറ്റിൽ തന്നെ മെംഫിസ് ഡിപേയെ നെതർലൻഡ്സിനു പിൻവലിക്കേണ്ടിവന്നു. പരുക്കേറ്റ താരത്തിനു പകരം ജോ വീർമൻ ആണ് ഇറങ്ങിയത്. ആദ്യ പകുതിക്ക് മൂന്ന് മിനിറ്റാണ് അധികസമയമായി അനുവദിച്ചത്. ഇരു ടീമുകൾക്കും രണ്ടാമതൊരു ഗോൾ നേടാൻ സാധിക്കാതെ പോയതോടെ സ്കോർ 1–1.

ഇംഗ്ലണ്ടിനായി വിജയ ഗോൾ നേടിയ ഒലി വാക്കിൻസിന്റെ ആഹ്ലാദം. Photo: X@EUROCup
ഇംഗ്ലണ്ടിനായി വിജയ ഗോൾ നേടിയ ഒലി വാക്കിൻസിന്റെ ആഹ്ലാദം. Photo: X@EUROCup

അവസാന മിനിറ്റിൽ ഇംഗ്ലിഷ് കുതിപ്പ്

രണ്ടാം പകുതിയുടെ ആദ്യ മിനിറ്റുകളിൽ പന്തടക്കത്തിനായി ഇരു ടീമുകളുടേയും പോരാട്ടമാണ് സ്റ്റേഡിയം കണ്ടത്. പക്ഷേ കാര്യമായ മുന്നേറ്റങ്ങള്‍ ഇരുവരുടേയും ഭാഗത്തുനിന്നുണ്ടായില്ല. 65–ാം മിനിറ്റിൽ ഫ്രീകിക്കിലൂടെ വെർജിൽ വാൻദിക്കിനു പന്തെത്തിക്കാൻ ശ്രമിച്ചെങ്കിലും ഇംഗ്ലണ്ട് ഗോളി ജോർദാൻ പിക്ഫോർട്ട് തട്ടിയകറ്റി. തൊട്ടുപിന്നാലെ ലഭിച്ച കോർണറും ലക്ഷ്യത്തിലെത്തിക്കാൻ നെതർലൻഡ്സിനു സാധിച്ചില്ല. നെതർലൻഡ്സ് പ്രതിരോധ താരം സ്റ്റെഫാൻ ഡെവ്രിജിനെ ഫൗൾ ചെയ്തു വീഴ്ത്തിയതിന് ഇംഗ്ലണ്ട് താരം ജൂഡ് ബെല്ലിങ്ങാം രണ്ടാം പകുതിയിൽ യെല്ലോ കാർഡ് കണ്ടു.

78–ാം മിനിറ്റിൽ ബോക്സിനകത്തുനിന്ന് സാവി സിമോൺസ് എടുത്ത ഷോട്ടും ഇംഗ്ലണ്ട് ഗോൾ കീപ്പർ പിടിച്ചെടുത്തു. തൊട്ടുപിന്നാലെ വാക്കറുടെ ക്രോസിൽ ബുകായോ സാക്ക ഇംഗ്ലണ്ടിനായി വല കുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. ഫിൽ ഫോഡൻ കൈൽ വാക്കർക്കു നൽകിയ പാസിലാണ് ഓഫ് സൈഡ‍് വിളിച്ചത്. മത്സരം 80 മിനിറ്റ് പിന്നിട്ടപ്പോൾ ഇംഗ്ലണ്ട്, ക്യാപ്റ്റൻ ഹാരി കെയ്നെയും ഫിൽ ഫോഡനെയും പിന്‍വലിച്ചു. പകരക്കാരായി വന്നത് ഒലി വാറ്റ്കിൻസും കോള്‍ പാമറും. പക്ഷേ അപ്പോഴും ഇംഗ്ലണ്ടിന്റെ ഭാഗത്തുനിന്ന് കാര്യമായ മുന്നേറ്റങ്ങളൊന്നുമുണ്ടായില്ല.

നെതര്‍ലൻഡ്സ് താരങ്ങളായ ഡിപേയും സാവിയും മത്സരത്തിനിടെ. Photo: X@EUROCup
നെതര്‍ലൻഡ്സ് താരങ്ങളായ ഡിപേയും സാവിയും മത്സരത്തിനിടെ. Photo: X@EUROCup

88–ാം മിനിറ്റിൽ നെതർലൻഡ്സ് ബോക്സിനകത്തുനിന്ന് കോൾ പാമർ നടത്തിയ ഗോൾ ശ്രമം പോസ്റ്റിന് ഒരു ഭീഷണിയും സൃഷ്ടിക്കാതെ പുറത്തേക്കു പോയി. രണ്ടാം പകുതിക്ക് മൂന്നു മിനിറ്റാണ് അധിക സമയമായി അനുവദിച്ചിരുന്നത്. തൊട്ടുപിന്നാലെ പകരക്കാരൻ ഒലി വാറ്റ്കിൻസ് ഇംഗ്ലണ്ടിനായി ലീ‍ഡെടുത്തു. ബോക്സിനകത്തുനിന്ന് ഡച്ച് പ്രതിരോധ താരങ്ങളെ മറികടന്ന് വാറ്റ്കിൻസിന്റെ ഷോട്ട് വലയിൽ. സ്കോർ 2–1. 90–ാം മിനിറ്റിൽ പകരക്കാരൻ കോൾ പാമർ നൽകിയ പാസിൽ ഒന്നു വെട്ടിത്തിരിഞ്ഞാണ് ആസ്റ്റൺ വില്ല താരം ഒലീ വാറ്റ്കിൻസ് വലംകാൽ ഷോട്ട് തൊടുത്തുവിട്ടത്. ഇതോടെ ഗാലറിയിൽ ഇംഗ്ലണ്ട് ആരാധകർ വിജയാഘോഷം തുടങ്ങി.

English Summary:

England beat Netherlands in EURO Cup Semi Final

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com