90–ാം മിനിറ്റിൽ ഒലി വാറ്റ്കിൻസിന്റെ വിജയ ഗോൾ, നെതർലൻഡ്സിനെ തകർത്ത് ഇംഗ്ലണ്ട് ഫൈനലിൽ
- Kane 18 (P)
- Watkins 90
- Xavi Simons 7
Mail This Article
ഡോർട്ട്മുണ്ട്∙ നെതർലൻഡ്സിനെ തകർത്ത് ഇംഗ്ലണ്ട് യൂറോ കപ്പ് ഫൈനലിൽ. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് സെമിഫൈനലിൽ ഇംഗ്ലണ്ട് ജയിച്ചു കയറിയത്. 90–ാം മിനിറ്റിൽ ഒലി വാറ്റ്കിൻസാണ് ഇംഗ്ലണ്ടിന്റെ വിജയ ഗോൾ നേടിയത്. യൂറോ കപ്പിൽ ഇംഗ്ലണ്ട് തുടര്‍ച്ചയായ രണ്ടാം തവണയാണ് ഫൈനലിൽ കടക്കുന്നത്. കഴിഞ്ഞ തവണ ഫൈനലിൽ ഇറ്റലിയോട് ഷൂട്ടൗട്ടിൽ തോറ്റിരുന്നു.
ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇംഗ്ലണ്ട് സ്പെയിനെ നേരിടും. ബൊറൂസിയ ഡോർട്മുണ്ട് ക്ലബ്ബിന്റെ വെസ്റ്റ്ഫാളൻ സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിനെ ഞെട്ടിച്ചാണ് നെതർലൻഡ്സ് തുടങ്ങിയത്. മത്സരത്തിന്റെ ഏഴാം മിനിറ്റിൽ സാവി സിമോൺസിന്റെ ഗോൾ നെതർലൻഡ്സിനെ മുന്നിലെത്തിച്ചു. എന്നാൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്നെ ഡെൻസല്‍ ഡെംഫ്രീസ് ഫൗൾ ചെയ്തു വീഴ്ത്തിയതിന് റഫറി പെനൽറ്റി കിക്ക് അനുവദിച്ചത് തുണച്ചു. വാർ പരിശോധനകൾക്കു ശേഷമാണ് ഇംഗ്ലണ്ടിന് പെനൽറ്റി കിക്ക് അനുവദിച്ചത്. അവസരം കൃത്യമായി ഉപയോഗിച്ച ഹാരി കെയ്ൻ ഇംഗ്ലണ്ടിനായി സമനില പിടിച്ചു.
ഇംഗ്ലണ്ട് യുവതാരം ഫിൽ ഫോഡന്റെ ഒന്നിലേറെ ഗോൾ ശ്രമങ്ങളാണ് നേരിയ വ്യത്യാസത്തിൽ പാഴായത്. 23–ാം മിനിറ്റിൽ ഫിൽ ഫോഡന്റെ ഷോട്ട് ഗോൾ ലൈനിൽ വച്ച് ഡച്ച് താരം ഡെംഫ്രീസ് സേവ് ചെയ്തു. 32–ാം മിനിറ്റിലെ ഫോഡന്റെ ഷോട്ട് പോസ്റ്റിൽ തട്ടിത്തെറിച്ചു. കോർണർ കിക്കിൽ ഹെഡ് ചെയ്ത് ഡെംഫ്രീസ് നടത്തിയ ശ്രമം ബാറിലിടിച്ച് പുറത്തേക്കുപോയി. ആദ്യ പകുതിയിൽ തന്നെ സ്ട്രൈക്കർ മെംഫിസ് ഡിപേയെ നെതർലൻഡ്സിന് പിൻവലിക്കേണ്ടിവന്നു. പരുക്കേറ്റതോടെയാണ് 36–ാം മിനിറ്റിൽ നെതർലൻഡ്സ് ഡീപെയെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്തത്. ആദ്യ പകുതിയിൽ സ്കോർ 1–1.
രണ്ടാം പകുതിയുടെ തുടക്കത്തിൽ കാര്യമായ മുന്നേറ്റങ്ങള്‍ ഇരുവരുടേയും ഭാഗത്തുനിന്നുണ്ടായില്ല. എന്നാൽ അവസാന മിനിറ്റുകളിൽ ഫിൽ ഫോഡനെയും ഹാരി കെയ്നെയും പിൻവലിച്ച് ഒലി വാറ്റ്കിൻസും കോള്‍ പാമറെയും ഇറക്കാനുള്ള ഇംഗ്ലണ്ടിന്റെ തീരുമാനമാണു ഫലം കണ്ടത്. 90–ാം മിനിറ്റിൽ വാറ്റ്കിൻസ് ഇംഗ്ലണ്ടിനായി വിജയ ഗോൾ നേടി. കോൾ പാമർ നൽകിയ പാസിൽനിന്നായിരുന്നു ഒലി വാറ്റ്കിൻസിന്റെ തകർപ്പൻ ഗോൾ.