ADVERTISEMENT

ഗോളാകൃതിയിലുള്ള ഒരു വസ്തു അന്തരീക്ഷത്തിലൂടെ അതിവേഗത്തിൽ കറങ്ങിത്തിരിഞ്ഞു സഞ്ചരിക്കുമ്പോൾ അതിന്റെ ദിശ നേർരേഖയിൽ നിന്നു മാറുന്നതെന്തു കൊണ്ട്? 

 മാഗ്‌നസ് പ്രഭാവം കൊണ്ട്– ലമീൻ യമാൽ ഇങ്ങനെ ഉത്തരമെഴുതി പഠിച്ചിട്ട് അധികകാലമായി‌ട്ടില്ല. കൂടെ പഠിച്ചവരെല്ലാം ഫിസിക്സിലെ ഈ തിയറി മാത്രം പഠിച്ചപ്പോൾ പതിനാറുകാരൻ യമാൽ അതിന്റെ ‘പ്രാക്ട‌ിക്കൽ’ ഇന്നലെ പരീക്ഷിച്ചു– ഫ്രാൻസ് ടീമിന്റെ ഗോൾ പോസ്റ്റിൽ! മ്യൂണിക്കിലെ അലിയാൻസ് അരീനയിൽ യൂറോ കപ്പ് സെമിഫൈനലിന്റെ 21–ാം മിനിറ്റിൽ, പെനൽറ്റി ഏരിയയ്ക്കു തൊട്ടുപുറത്തു നിന്ന് യമാൽ കാലു കൊണ്ടു കറക്കിത്തിരിച്ചു വിട്ട പന്ത് ഫ്രഞ്ച് ഗോൾപോസ്റ്റിലേക്കു ചാഞ്ഞിറങ്ങിയപ്പോൾ യമാലിന്റെ അധ്യാപകരും കൂട്ടുകാരും മാത്രമല്ല, ലോകം മുഴുവൻ കയ്യടിച്ചു. ആ പന്തിൽ ഒരു താരോദയത്തിന്റെ കാലൊപ്പുണ്ടായിരുന്നു!

ജർമനിയുടെ ജമാൽ മുസിയാളയും ഇംഗ്ലണ്ടിന്റെ ജൂഡ് ബെലിങ്ങാമും തുർക്കിയുടെ അർദ ഗുലറും സ്പെയിനിന്റെ തന്നെ നിക്കോ വില്യംസുമെല്ലാം വരവറിയിച്ച യൂറോയെ ഈ വണ്ട‌ർ ഗോളോടെ ഒറ്റയ്ക്കു സ്വന്തമാക്കിയിരിക്കുകയാണ് അവരെക്കാൾ മൂന്നോ നാലോ വയസ്സിനു ഇളയ യമാൽ. എന്നാൽ യമാലിന്റെ യൂറോ ഈ ഗോളിലൊതുങ്ങുന്നതുമല്ല. ഒരു പരൽ മീനിനെപ്പോലെ മൈതാനത്തിന്റെ വലതു പാർശ്വത്തിൽ പാഞ്ഞു കളിച്ച യമാലാണ് ടൂർണമെന്റിൽ സ്പെയിനിന്റെ കുതിപ്പിൽ വലിയ പങ്കുവഹിച്ചവരിൽ ഒരാൾ. ഒറ്റ ഗോളേ നേ‌ടിയുള്ളുവെങ്കിലും 3 ഗോൾ അസിസ്റ്റുകളുമായി ആ പ‌ട്ടികയിൽ ഒന്നാമനാണ് യമാൽ.

ഒരു പതിനാറുകാരന് എടുത്താൽ പൊങ്ങാത്ത ‘താരഭാര’വുമായാണ് യൂറോകപ്പിനായി കഴിഞ്ഞ മാസം യമാൽ ജർമനിയിലെത്തിയത്. സ്പാനിഷ് ലാ ലിഗയിൽ കളിച്ച പ്രായം കുറഞ്ഞ താരം, ഗോളടിച്ച പ്രായം കുറഞ്ഞ താരം എന്നിവയുടെയെല്ലാം പകിട്ടിലായിരുന്നു അത്. ലോകത്തേതു രാജ്യത്തെയും കൗമാരക്കാരെ അല‌ട്ടുന്ന മറ്റൊരു ഭാരം കൂടി യമാലിനുണ്ടായിരുന്നു– സ്കൂൾ പരീക്ഷ! നമ്മുടെ എസ്എസ്എൽസി പരീക്ഷയ്ക്കു തുല്യമായ, സ്പെയിനിലെ ഇഎസ്ഒ എക്സാമാണ് യമാലിനു പാസാകാനുണ്ടായിരുന്നത്. ‌മത്സരങ്ങൾക്കും ‌ട‌ീമിന്റെ പരിശീലന സെഷനും ഇടയ്ക്കു കിട്ടുന്ന സമയത്താണ് യമാൽ പഠനത്തിനായി മാറ്റി വച്ചത്. ഒടുവിൽ രണ്ടാഴ്ച മുൻപ് ആ സന്തോഷവാർത്ത യമാലിനെത്തേടിയെത്തി. ‘‘പരിശീലന സെഷൻ കഴിഞ്ഞ് തിരിച്ചെത്തി ഫോൺ എ‌ടുത്തു നോക്കിയപ്പോഴാണ് ഞാൻ ആ മെസേജ് കണ്ടത്. ഞാൻ ഇഎസ്ഒ പരീക്ഷ പാസായിരിക്കുന്നു. ഉ‌ടൻ അമ്മയെ വിളിച്ച് സന്തോഷം പങ്കുവച്ചു..’’– യമാലിന്റെ വാക്കുകൾ.

lamine-yamal-2
ലമീൻ യമാൽ പിതാവ് മുനീർ നസ്‌റൂയിക്കൊപ്പം (ഇടത്) മ്യൂണിക്കിലെ സ്പെയിൻ ടീം ഹോ‌ട്ടലിൽ.

ബാർസിലോന ആരാധകരും സ്പെയിൻ ആരാധകരും പാടിനടന്നിരുന്ന ‘യമാൽ സ്തുതി’ കുറച്ചു കൂടുതലല്ലേ എന്നു സംശയിച്ചവരും ജർമനിയിലുണ്ടായിരുന്നു. അതിൽ അവസാനത്തെയാളാണ് ഫ്രഞ്ച് ഡിഫൻഡർ അഡ്രിയാൻ റാബിയോ.

‘‘ഒരു യൂറോ ഫൈനൽ കളിക്കണമെങ്കിൽ യമാൽ ഇനിയുമേറെ ചെയ്യേണ്ടിയിരിക്കുന്നു..’’. സെമിഫൈനൽ മത്സരത്തിനു മുൻപ് റാബിയോയുടെ വാക്കുകൾ. സമൂഹമാധ്യമങ്ങളിലൂടെ ‘സൈലന്റ്’ ആയി അതിനോ‌ടു പ്രതികരിച്ച യമാൽ ഇന്നലെ മൈതാനത്ത് ഉച്ചത്തിൽ തന്നെ മറുപടി നൽകി. വലതുവിങ്ങിൽ പന്തുകിട്ടിയ യമാൽ അപ്രതീക്ഷിതമായി ഇ‌ടത്തേക്കു വെട്ടിച്ചു കയറി ഷോട്ട് ഉതിർക്കുമ്പോൾ അതിന്റെ ഏറ്റവും അടുത്തുള്ള ദൃക്സാക്ഷിയായിരുന്നു റാബിയോ. മത്സരശേഷം ക്യാമറയ്ക്കു നേരേ തിരിഞ്ഞ് യമാൽ മറ്റൊന്നു കൂടി പറഞ്ഞു: ‘‘ഇനി സംസാരിക്കൂ..’’

അതെ. ഫുട്ബോൾ ലോകം ലമീൻ യമാലിനെക്കുറിച്ചു സംസാരിക്കുന്ന കാലമാണ് വരാനിരിക്കുന്നത്!

പെലെയെ പിന്നിലാക്കി യമാൽ 

പതിനാറാം വയസ്സിലെ ഗോൾ നേട്ടത്തോടെ ലമീൻ യമാൽ പിന്നിലാക്കിയത് ബ്രസീലിയൻ ഇതിഹാസം പെലെയെ. ലോകകപ്പിലോ യൂറോയിലോ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് ഇതുവരെ പെലെയുടെ പേരിലായിരുന്നു. 1958 ലോകകപ്പിൽ വെയ്ൽസിനെതിരെ 17 വയസ്സും 244 ദിവസവും പ്രായമുള്ളപ്പോളാണ് പെലെ ഗോൾ നേടിയത്. ഇന്നലെ ഫ്രാൻസിനെതിരെ ഗോൾ നേടുമ്പോൾ യമാലിന്റെ പ്രായം 16 വയസ്സും 362 ദിവസവും. യൂറോ കപ്പ് ഫൈനലിനു തലേന്നു ശനിയാഴ്ചയാണ് യമാലിന്റെ 17–ാം ജന്മദിനം. 

ഗോളാഘോഷം പിൻകോഡ് 

സ്പെയിനിലെ കാറ്റലൂനിയൻ പ്രവിശ്യയിലുള്ള റോക്കഫോൻഡയിലാണ് യമാൽ ജനിച്ചത്. അവി‌‌ടുത്തെ പിൻകോഡ് ആയ 304  വിരലുകൾ കൊണ്ട് ഉയർത്തിക്കാണിച്ചാണ് യമാൽ ഗോളുകൾ ആഘോഷിക്കാറുള്ളത്. മൊറോക്കോ –ഇക്വറ്റോറിയൽ ഗിനി വംശജരാണ് യമാലിന്റെ മാതാപിതാക്കൾ. തന്റെ പൈതൃകം ഓർമിക്കാൻ രണ്ടു രാജ്യങ്ങളുടെയും പതാക ബൂ‌‍ട്ടിൽ അടയാളപ്പെടുത്തിയിട്ടുമുണ്ട് യമാൽ.

അറ്റാക്കിങ് ‌ ഓൾറൗണ്ടർ 

ലെഫ്റ്റ് ഫൂട്ടറായ യമാൽ പ്രധാനമായും വലതു വിങ്ങിലാണ് കളിക്കുന്നത്. ഉജ്വലമായ ഡ്രിബ്ലിങ് മികവും വേഗവുമുള്ള യമാൽ ഉള്ളിലേക്കു വെട്ടിച്ചു കയറി ഷോട്ടുകൾ തൊടുക്കാനും ‌ടച്ച് ലൈനിലൂടെ പന്തുമായി മുന്നേറി ക്രോസുകൾ നൽകാനും മി‌‌ടുക്കനാണ്. 

lamine-yamal-3
2007ൽ യുനിസെഫിനു വേണ്ടിയുള്ള കലണ്ടർ ചിത്രത്തിന്റെ ഷൂ‌‌‌ട്ടിങ്ങിനിടെ 6 മാസം പ്രായമുള്ള യമാലിനെ ഓമനിക്കുന്ന ഇരുപതുകാരൻ ലയണൽ മെസ്സി. കഴിഞ്ഞ ദിവസം ഈ ചിത്രങ്ങൾ ആരാധകർക്കിടയിൽ വൈറലായി.

ആധുനിക ഫുട‌്ബോളിലെ അളവുകോലുകളിലൊന്നായ പ്രോഗസീവ് പാസുകളിൽ മികച്ച റെക്കോർഡാണ് യമാലിനുള്ളത്. വശങ്ങളിലേക്കും പിന്നിലേക്കുമുള്ള പാസുകൾക്കും പകരം മുന്നോട്ടു പാസ് നൽകി പന്തിനെ ഗോൾ സാധ്യതയുള്ള സ്ഥലങ്ങളിലെത്തിക്കാൻ ഇതു കൊണ്ടു തന്നെ യമാലിനു സാധിക്കുന്നു. 

English Summary:

Writeup about Spanish football player Lamine Yamal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com