കേരളത്തിന്റെ വൈബ് വേറെ ലെവൽ!
Mail This Article
കൊച്ചി ∙ കേരള ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞക്കുപ്പായം തേടിവരാൻ രണ്ടാണു കാരണങ്ങളെന്നു നോവ സദൂയി. കളത്തിനകത്തും പുറത്തുമുള്ള രണ്ടു ഘടകങ്ങളാണ് മൊറോക്കോയിൽ നിന്നുള്ള തീപ്പൊരി താരത്തെ കേരളത്തിലെത്തിച്ചത്. പുതിയ പരിശീലകൻ മികേൽ സ്റ്റോറെയുടെ കീഴിൽ ഐഎസ്എലിൽ പുതിയ അധ്യായം കുറിക്കുന്ന ബ്ലാസ്റ്റേഴ്സിന്റെ പുതിയ വജ്രായുധം നോവ സദൂയി ‘മനോരമ’യോടു മനസ്സു തുറക്കുന്നു.
‘എഫ്സി ഗോവ വിടാനുള്ള തീരുമാനമെടുക്കുമ്പോൾ കരിയറിലെ അടുത്ത വർഷങ്ങൾ എവിടെ വേണമെന്ന കാര്യത്തിൽ ഒരു സംശയവുമില്ലായിരുന്നു. കേരളത്തിലെ ആരാധകര്‍ അതിശയം തന്നെയാണ്. ബ്ലാസ്റ്റേഴ്സിനായി അവർ സൃഷ്ടിക്കുന്ന അന്തരീക്ഷം അവിശ്വസനീയവും. ഏതൊരു ഫുട്ബോളറും ആഗ്രഹിക്കും അവർക്കു മുന്നിൽ കളിക്കാൻ’. കഴിഞ്ഞ ഐഎസ്എലിൽ 11 ഗോളും 5 അസിസ്റ്റുമായി കസറിയ നോവയെ ബ്ലാസ്റ്റേഴ്സിലേക്കു കൊത്തിവലിക്കുന്നതു പോലൊരു പ്രചോദനം കളത്തിൽ നിന്നുമുണ്ടായിട്ടുണ്ട്. ‘ബ്ലാസ്റ്റേഴ്സിന്റെ കൗണ്ടർ അറ്റാക്കിങ് വളരെ മികച്ചതാണ്. എന്റെ ഫുട്ബോൾ രീതികളുമായി ചേർന്നുപോകുന്ന ഒന്നാണത്’.
ഞാനൊരു ലെഫ്റ്റ് വിങ്ങറാണ്. അതാണ് ഇഷ്ട റോളും. പക്ഷേ, ഏതു പൊസിഷനിലും കളിക്കാനാകും. രണ്ടു കാൽ കൊണ്ടും ഞാൻ ഫിനിഷ് ചെയ്യും. ’ – ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഇഷ്ടതാരമായി കാണുന്ന മുപ്പതുകാരൻ നയം വ്യക്തമാക്കുന്നു.
ക്രിസ്റ്റ്യാനോയോടുള്ള ഇഷ്ടം തുറന്നുപറഞ്ഞെങ്കിലും പോരാട്ടവീര്യമേറെയുള്ള ഈ ഗോൾവേട്ടക്കാരന്റെ റോൾ മോഡൽ പോർച്ചുഗീസ് താരമല്ല. ‘ജീവിതത്തിലെ റോൾ മോഡൽ എന്റെ അച്ഛനാണ്. കാസബ്ലാങ്കയിലെ തെരുവുകളിൽ പന്തു കളിച്ചാണു ഞാൻ വളർന്നത്. ഫുട്ബോളിനോടുള്ള എന്റെ പ്രണയവും ആ നാടുമായി ബന്ധപ്പെട്ടതാണ്. ഉയർച്ചയും താഴ്ചയും കണ്ടിട്ടുള്ള കരിയറാണ് എന്റേത്. ഇന്നു നിങ്ങൾ കാണുന്ന ഫുട്ബോളറായി എന്നെ മാറ്റിയതാ തെരുവുകളാണ്’. 2020 ൽ ആഫ്രിക്കൻ നേഷൻസ് കപ്പ് നേടിയ മൊറോക്കൻ ടീമംഗമായ നോവയ്ക്കു മലയാളി ആരാധകരോടും ചിലതു പറയാനുണ്ട്. ‘കേരളത്തിനെതിരായി ഞാൻ കളിച്ചിട്ടുണ്ട്. ആ ‘വൈബ്’ വിസ്മയിപ്പിക്കുന്നതായിരുന്നു. ഇപ്പോൾ ഞാനാ ടീമിലാണ്. നിങ്ങൾ കാണിക്കുന്ന ഈ സ്നേഹം ഉറപ്പായും ഞാൻ തിരികെ തരും.