കോപ്പ അമേരിക്ക ഫൈനൽ നിയന്ത്രിക്കാൻ ബ്രസീലുകാരായ റഫറിമാർ, അർജന്റീന ഫാൻസ് കലിപ്പിലാണ്!
Mail This Article
മയാമി∙ കോപ്പ അമേരിക്ക ഫൈനലിൽ അർജന്റീന– കൊളംബിയ ഫൈനൽ മത്സരം നിയന്ത്രിക്കുന്നത് ബ്രസീലിൽനിന്നുള്ള റഫറിമാർ. മത്സരത്തിന്റെ മുഖ്യ റഫറിയും ലൈൻ റഫറിമാരും ബ്രസീലുകാരാണ്. വാർ പരിശോധനയുടെ ചുമതലയുള്ള റഫറിയും ബ്രസീലുകാരനാണ്. ബ്രസീലിൽനിന്നുള്ള ആളുകളെ ഫൈനല്‍ മത്സരം നിയന്ത്രിക്കാൻ ഇറക്കുന്നതിൽ സംഘാടകർക്കെതിരെ രൂക്ഷവിമർശനമാണ് അർജന്റീന ആരാധകരിൽനിന്നും ഉയരുന്നത്.
ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെ 5.30നാണു മത്സരം തുടങ്ങുന്നത്. ബ്രസീലുകാരനായ റഫേൽ ക്ലോസാണ് ഫൈനലിലെ പ്രധാന റഫറി. 2020 ലെ കോപ്പ ഫൈനലിൽ അർജന്റീന– പാരഗ്വായ് മത്സരം നിയന്ത്രിച്ചത് ക്ലോസായിരുന്നു. അന്ന് ക്ലോസിന്റെ തീരുമാനങ്ങൾക്കെതിരെ ലയണൽ മെസ്സി രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു.
44 വയസ്സുകാരനായ ക്ലോസ് 2015 മുതൽ രാജ്യാന്തര മത്സരങ്ങൾ നിയന്ത്രിക്കുന്നുണ്ട്. ഖത്തറിൽ നടന്ന ഫിഫ ലോകകപ്പിൽ രണ്ടു കളികൾക്ക് ക്ലോസ് റഫറിയായി പ്രവർത്തിച്ചു. കോപ്പ അമേരിക്ക ഗ്രൂപ്പ് ഘട്ടത്തിൽ മെക്സിക്കോയും വെനസ്വേലയും തമ്മിലുള്ള മത്സരം നിയന്ത്രിച്ചതും ക്ലോസായിരുന്നു. ബ്രസീലുകാരായ റോഡ്രിഗോ കൊറേ, ബ്രൂണോ പിറസ് എന്നിവരാണ് ലൈൻ റഫറിമാർ. വിഡിയോ അസിസ്റ്റന്റ് റഫറിയാകുന്നത് ബ്രസീലിൽനിന്നുള്ള റൊഡോൾഫ് ടോസ്കി.