വീണ്ടും ഒരു സെമി, യുവി 28 പന്തിൽ 59 (4x4, 5x6); വിരമിച്ചിട്ടും ഓസീസിനെ വിട്ടൊഴിയാതെ ‘യുവിപ്പേടി’ – വിഡിയോ
Mail This Article
നോർതാംപ്ടൻ∙ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ചിട്ടും ഓസ്ട്രേലിയൻ ക്രിക്കറ്റിന് യുവരാജ് സിങ്ങെന്ന ഇന്ത്യൻ പോരാളിയോടുള്ള ഭയം തീരുന്നില്ല! ക്രിക്കറ്റിൽ സജീവമായിരുന്ന കാലത്ത് ലോകകപ്പ് വേദികളിൽ ഉൾപ്പെടെ സുപ്രധാന ടൂർണമെന്റുകളിൽ ഓസീസിന്റെ വഴി മുടക്കിയ ചരിത്രമുള്ള യുവരാജ്, ഇന്നലെ വീണ്ടും അതേ സംഹാര ഭാവമണിഞ്ഞു. ഇത്തവണ പഴയകാല താരങ്ങളുടെ ടീമുകൾ തമ്മിൽ ഏറ്റുമുട്ടുന്ന ലോക ലെജൻഡ്സ് ചാംപ്യൻഷിപ്പിലാണെന്നു മാത്രം.
പഴയ പുലികളായ ബ്രെറ്റ് ലീയും പീറ്റർ സിഡിലും ഉൾപ്പെടുന്ന ഓസീസിനെതിരെ ഇന്ത്യയെ മുന്നിൽനിന്ന് നയിച്ച യുവരാജ് ടീമിനു സമ്മാനിച്ചത് 86 റൺസിന്റെ കൂറ്റൻ വിജയം.
ഓസീസ് തുറന്നെടുക്കുന്ന വഴികളെല്ലാം ഒരിക്കൽക്കൂടി യുവരാജ് സിങ്ങെന്ന പോരാളിയിൽത്തട്ടി തകരുന്ന കാഴ്ചയായിരുന്നു നോർതാംപ്ടനിലെ കൗണ്ടി ക്രിക്കറ്റ് ഗ്രൗണ്ടിൽ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയുടെ ബാറ്റിങ് നിരയെ വരിഞ്ഞുകെട്ടാൻ ഓപ്പണർ അമ്പാട്ടി റായുഡു, വൺഡൗണായെത്തിയ സുരേഷ് റെയ്ന എന്നിവരെ വീഴ്ത്തി ഓസീസ് തുടക്കമിട്ടതുമാണ്.
എന്നാൽ, നാലാമനായി ക്രീസിലെത്തിയ യുവരാജ് ഓസീസിന്റെ പദ്ധതികളെല്ലാം തകർത്തു. ഓപ്പണർ റോബിൻ ഉത്തപ്പയ്‌ക്കൊപ്പം ക്രീസിൽ ഉറച്ചുനിന്ന് കളിച്ച യുവി, തകർപ്പൻ അർധസെഞ്ചറിയും നേടിയാണ് തിരിച്ചുകയറിയത്. പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന കവർഡ്രൈവുകളും ഫ്ലിക്കുകളുമായി കളംനിറഞ്ഞ യുവരാജ്, ആരാധകർക്ക് സമ്മാനിച്ചത് അവിസ്മരണീയമായ ഒരുപിടി ക്രിക്കറ്റ് നിമിഷങ്ങൾ.
28 പന്തുകൾ നേരിട്ട യുവരാജ് 59 റൺസെടുത്താണ് മടങ്ങിയത്. ഇതിനിടെ നേടിയത് നാലു ഫോറുകളും അഞ്ച് പടുകൂറ്റൻ സിക്സറുകളും. യുവരാജിനു പുറമേ റോബിൻ ഉത്തപ്പ (35 പന്തിൽ 65), യൂസഫ് പഠാൻ (23 പന്തിൽ നാലു വീതം സിക്സും ഫോറും സഹിതം പുറത്താകാതെ 51), സഹോദരൻ ഇർഫാൻ പഠാൻ (19 പന്തിൽ മൂന്നു ഫോറും അഞ്ച് സിക്സും സഹിതം 50) എന്നിവരും അർധസെഞ്ചറി നേടിയതോടെയാണ് ഇന്ത്യ 254 റൺസെന്ന കൂറ്റൻ സ്കോറിലെത്തിയത്. ഓസീസിന്റെ മറുപടി ഏഴു വിക്കറ്റ് നഷ്ടത്തിൽ 168 റൺസിൽ അവസാനിച്ചതോടെ ഇന്ത്യ നേടിയത് 86 റൺസിന്റെ കൂറ്റൻ വിജയവും ഫൈനൽ ബർത്തും!
∙ ഓസീസിനെതിരായ സുപ്രധാന മത്സരങ്ങളിൽ യുവരാജ് സിങ്ങിന്റെ പ്രകടനം:
84 (80) - 2000ലെ ചാംപ്യൻസ് ട്രോഫി സെമി
70 (30) – 2007ലെ ട്വന്റി20 ലോകകപ്പ് സെമി
57* (65) – 2011ലെ ഏകദിന ലോകകപ്പ് ക്വാർട്ടർ ഫൈനൽ
60 (43) – 2014ലെ ട്വന്റി20 ലോകകപ്പ്
59 (28) – 2024ൽ ലോക ലെജൻഡ്സ് ചാംപ്യൻഷിപ്